> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തകർന്നടിഞ്ഞ് തോട്ടകം - വാക്കേത്തറ റോഡ്; പുനർനിർമ്മാണം വൈകുന്നത് ദുരിതമാകുന്നു
- URL: https://www.vaikomvartha.com/vaikom-news-255/
- Published: 2026-10-26T06:39:29.000Z
- Updated: 2026-10-26T06:39:29.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News, Breaking News

വൈക്കം: വൈക്കത്തെ തോട്ടകം - വാക്കേത്തറ കല്ലുപുരയ്ക്കൽ റോഡ് ആധുനിക നിലവാരത്തിൽ പുനർ നിർമിക്കണമെന്ന ആവശ്യം ശക്തമാവുന്നു. തലയാഴം, കല്ലറ പഞ്ചായത്തുകളിലൂടെ വൈക്കം - കോട്ടയം റോഡിനു സമാന്തര പാതയായി വിഭാവനം ചെയ്ത റോഡിൻ്റെ നിർമ്മാണമാണ് മുടങ്ങി കിടക്കുന്നത്. 

മുണ്ടാറിലെ 300ഓളം കുടുംബങ്ങൾക്കുള്ള യാത്ര സൗകര്യവും, തലയാഴം പഞ്ചായത്തിന്റെ കിഴക്കൻ മേഖലക്ക് ഏറെ വികസന സാധ്യതയുള്ള റോഡാണ് പാടെ തകർന്നിട്ടും നിർമ്മാണം നടക്കാതെ കിടക്കുന്നത്. ഒരു പതിറ്റാണ്ട് മുമ്പ് ഈ റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിന് കിഫ്ബിയിൽ ഉൾപ്പെടുത്തി 20 കോടി രൂപ ബജറ്റിൽ വകയിരുത്തിയെങ്കിലും സാങ്കേതികത്വത്തിൽ കുടുങ്ങി പദ്ധതി നടപ്പായില്ല. കിഫ്ബിയിൽ ഉൾപ്പെടുത്തി 12 മീറ്റർ വീതി വേണമെന്നതിനാൽ സ്ഥലമെടുപ്പിൽ കുരുങ്ങിയാണ് പണി നടക്കാതെ വന്നത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000739471-68.jpg)

പാടശേഖരങ്ങൾക്കു നടുവിലൂടെ കടന്നുപോകുന്ന ഈ റോഡിന് ഭൂരിഭാഗം സ്ഥലങ്ങളിലും എട്ട് മീറ്റർ വീതിയുണ്ട്. പാടശേഖരത്തിനൊപ്പം താഴ്ന്ന നിലയിൽ കിടക്കുന്ന റോഡിൽ വെള്ളം നിറയുന്നതിനാൽ നിലവിൽ വാഹന ഗതാഗതവും കാൽനടയും പ്രതിസന്ധിയിലാണ്. പരാതി ഉയർന്നപ്പോൾ ഉണ്ടായ സർക്കാർ ഉറപ്പും പാഴായി. വൈക്കത്തെ മൂന്നു പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കല്ലറ - മുണ്ടാർ - വാക്കേത്തറ റോഡ് പൂർത്തിയായാൽ 5000 ഏക്കറോളം നെൽ കൃഷിക്കും മറ്റ് ഇടവിളകൾക്കും ഏറെ ഗുണകരമാകും. വൈക്കത്തെ ഉൾനാടൻ വിനോദ സഞ്ചാര മേഖലയിലെ പ്രധാന ഇടമായി മാറിയ മുണ്ടാറിൻ്റെ വികസനത്തിനും സാധ്യമാകുന്നതാണ് ഈ റോഡ്. തലയാഴം തോട്ടകം ഗവൺമെൻ്റ് എൽ.പി സ്കൂൾ ജംഗ്ഷനിൽ നിന്നു ആരംഭിക്കുന്ന ഒൻപതു കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് കല്ലറ എത്തക്കുഴിയിലാണ് അവസാനിക്കുന്നത്. റോഡ് നിർമ്മാണത്തിന് അടിയന്തിര നടപടി വേണമെന്നാണ് ആവശ്യം ഉയരുന്നത്.