> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ യാത്രാസൗകര്യങ്ങൾ വേണം: കേരള പിറവി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി ജനകീയ പ്രതികരണ വേദി
- URL: https://www.vaikomvartha.com/vaikom-news-267/
- Published: 2026-10-28T12:16:21.000Z
- Updated: 2026-10-28T12:16:21.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: നവീകരിച്ചിട്ടും യാത്രാസൗകര്യങ്ങൾ ഏർപ്പെടുത്താത്ത വൈക്കം റോഡ് റെയിൽവേ സ്‌റ്റേഷനിൽ കേരള പിറവി ദിനത്തിൽ പ്രതിഷേധം സംഘടിപ്പിക്കാൻ ജനകീയ പ്രതികരണ വേദി. യാത്ര സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേരള പിറവി ദിനമായ നവംബർ ഒന്നിന് കളിപ്പാട്ട ട്രെയിൻ കെട്ടിവലിച്ചു റെയിൽവേ സ്റ്റേഷനിലേക്ക് ജനകീയ മാർച്ച് നടത്തിയാണ് പ്രതിഷേധം. ജനകീയ പ്രതികരണ വേദിയുടെയും വൈക്കം റോഡ് റെയിൽവേ യൂസേഴ്സ് ഫോറത്തിന്റെയും നേതൃത്വത്തിലാണ് ഈ ജനകീയ മാർച്ച് നടത്തുന്നത്.കോട്ടയം - എറണാകുളം പാത യുടെ മധ്യഭാഗത്ത് കോട്ടയം എറണാകുളം സംസ്ഥാന ഹൈവേയോടു ചേർന്നാണ് വൈക്കം റോഡ് റെയിൽവേ സ്റ്റേഷൻ. കോട്ടയം ജില്ലയു ടെ കിഴക്കൻ മേഖലയിലെ പാലാ, രാമപുരം, ഉഴവൂർ, ഈരാറ്റുപേട്ട, വാഗമൺ അടക്കമുള്ള പ്രദേശങ്ങളിൽ നിന്നും റോഡ് മാർഗം എത്തിച്ചേരാൻ ഏറ്റവും സൗകര്യപ്രദമായ സ്‌റ്റേഷനുമാണ്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000769420-19.jpg)

എന്നിട്ടും പൊതുജനത്തിന് പ്രയോജനപ്പെടുന്ന വഞ്ചിനാട്, വേണാട്, ചെന്നൈ മെയിൽ എന്നീ ട്രയിനുകൾക്ക് സ്റ്റോപ്പ് ഇല്ല. പിറവം റോഡിലെ സ്റ്റോപ്പ് നിർത്തലാക്കിയ തിരുവനന്തപുരം മംഗലാപുരം ട്രെയിനിന് ഇവിടെ സ്‌റ്റോപ് അനുവദിക്കണം. കോവിഡ് കാലത്തു കോട്ടയം വരെ മാത്രമാക്കിയ കായംകുളം എറണാകുളം മെമു പുനരാരംഭിക്കണം. തീർഥാടകർക്ക് പ്രയോജനപ്പെടുന്ന എറണാകുളം - വേളാങ്കണ്ണി ട്രെയിനിന് ഇവിടെ സ്റ്റോപ്പ് അനുവദിക്കണം തുടങ്ങിയവയാണ് ജനകീയ പ്രതികരണ വേദിയും വൈക്കം റോഡ് റെയിൽവേ യൂസേഴ്സ് ഫോറവും ആവശ്യപ്പെടുന്നത്. ഏറെക്കാലമായുള്ള ആവശ്യം പരിഗണിക്കാത്തതിലാണ് കളിപ്പാട്ട ട്രയിൻ വലിച്ച് ഈ വേറിട്ട പ്രതിഷേധത്തിലൂടെ നാടിൻ്റെ ആവശ്യം ഉയർത്തുന്നത്.