> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# രാഷ്ട്രീയ വിവാദങ്ങൾക്ക് മറുപടി: ഫണ്ട് സ്വരൂപിച്ച് മടിയത്ര ആയുർവേദ ആശുപത്രി റോഡിലെ കുഴികളടച്ച് നാട്ടുകാർ
- URL: https://www.vaikomvartha.com/vaikom-news-27/
- Published: 2026-08-16T13:57:33.000Z
- Updated: 2026-08-16T13:57:33.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: പദ്ധതി സമർപ്പണവും രാഷ്ട്രീയ വിവാദവുമെല്ലാം സൃഷ്ടിച്ചിട്ടും അധികാരികൾ തിരിഞ്ഞു നോക്കാത്ത വൈക്കത്തെ മടിയത്ര ആയുർവേദ ആശുപത്രി റോഡ് നാട്ടുകാർ നന്നാക്കി. വലിയ കുഴികളുമായി പാടെ തകർന്ന വൈക്കം നഗരസഭയിലെ മടിയത്ര ആയുർവേദ ആശുപത്രി റോഡാണ് നഗരസഭയുടെ നടപടിയിൽ പ്രതിഷേധിച്ച് നാട്ടുകാർ സഞ്ചാരയോഗ്യമാക്കിയത്. 

തകർന്ന റോഡിലൂടെയുള്ള യാത്രാദുരിതം വൈക്കം വാർത്ത റിപ്പോർട്ട് ചെയ്തതോടെ പരസ്പരം പഴിചാരി രാഷ്ട്രീയ വിവാദവും ഉയർന്നിരുന്നു.പ്രദേശവാസികൾ കാരയിൽ വാട്ട്സാപ്പ് ഗ്രൂപ്പ് എന്ന പേരിൽ വാട്ട്സാപ്പ് ഗ്രൂപ്പ് തുടങ്ങി ധനശേഖരണം നടത്തിയാണ് റോഡിലെ 500 മീറ്ററോളം ദൂരം കുഴികളടച്ച് സഞ്ചാരയോഗ്യ മാക്കിയത്. ഈ റോഡുമായി ബന്ധപ്പെട്ട ഉദയനാപുരം പനമ്പു കാട് റോഡും പൂർണമായി തകർന്ന നിലയിലാണ്. ചെളിവെള്ളം നിറഞ്ഞ കുഴികളിലകപ്പെട്ട് ഇരുചക്ര വാഹന യാത്രികരും അപകടപ്പെടുന്നത് പതിവായിരുന്നു. സർക്കാർ ആയുർവേദ ആശുപത്രി തിരുമ്മു ചികിത്സയടക്കം മടങ്ങുന്നവർക്ക് വീണ്ടും ചികിത്സയ്ക്ക് എത്തേണ്ട അവസ്ഥയായിരുന്നു ഈ റോഡിലൂടെ സഞ്ചരിച്ചാൽ ഉണ്ടായിരുന്നത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000660427-4.jpg)

 ആശുപത്രിയിലേക്ക് മാത്രമല്ല സ്‌കൂളുകൾ, ആരാധനാലയങ്ങൾ, കോവിലകത്തും കടവ് മാർക്കറ്റ് എന്നിവടങ്ങളിലേയ്ക്ക് എത്തുന്നതിന് നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന റോഡാണ് സാങ്കേതികത്വവും രാഷ്ട്രീയവും പറഞ്ഞ് വർഷങ്ങളായി നന്നാക്കാതെ കിടന്നിരുന്നത്. തകർന്ന റോഡിലൂടെ കടന്നുപോകുന്നഇരുചക്രവാഹനക്കാർ അപകടത്തിൽ പെടുന്നതും ഓട്ടോറിക്ഷകൾ, കാറുകൾ, ഇരുചക്ര വാഹനങ്ങൾ തുടങ്ങിയവയ്ക്ക് കേടുപാട് സംഭവിക്കുന്നതും പതിവായിരുന്നു.