> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മുണ്ടാർ വികസനത്തിന് പ്രത്യേക പാക്കേജ്: പദ്ധതി പ്രഖ്യാപിച്ച് മന്ത്രി മോൻസ് ജോസഫ്
- URL: https://www.vaikomvartha.com/vaikom-news-272/
- Published: 2026-10-28T14:24:12.000Z
- Updated: 2026-10-28T14:24:12.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News, Breaking News

വൈക്കം: മുണ്ടാർ പ്രദേശത്തിനുവേണ്ടി ഒരു പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി ജോസഫ് നിയമസഭയിൽ. വൈക്കം എം.എൽ.എ കെ. ബിനിമോൻ അപ്പർ കുട്ടനാടൻ മേഖലയിലെ കർഷകരുടെയും മുണ്ടാറിന്റെയും ദുരിതം ഉന്നയിച്ചതോടെയാണ് മന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന ഉണ്ടായത്. കഴിഞ്ഞ ദിവസം സഭയിൽ മുഖ്യമന്ത്രിയും സ്പീക്കറും ഉൾപ്പെടെ ഉന്നയിച്ച വേമ്പനാട്ടുകായൽ നവീകരണവും ശുചീകരണവും ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രാഥമിക പഠനം നടത്തി കൃഷി വകുപ്പും എൽ.എസ്.ജി.ഡിയും ചേർന്ന് 830 കോടി രൂപയുടെ ഒരു പദ്ധതി തയ്യാറാക്കിയതായും. ഇത് നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ആദ്യഘട്ടം എന്ന നിലയിൽ 260 കോടി രൂപവേണം എന്ന് കണ്ടെത്തിയിട്ടുണ്ടെന്നും മോൻസ് ജോസഫ് സഭയെ അറിയിച്ചു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000739471-75.jpg)

ഈ പദ്ധതിയിൽ മുണ്ടാറിൻ്റെ സമഗ്രവികസനം ലക്ഷ്യമിട്ട് ഒരു പ്രത്യേക പാക്കേജ് നടപ്പിലാക്കുമെന്നാണ് മന്ത്രി മോൻസ് ജോസഫ് നിയമസഭയിൽ അറിയിച്ചത്. വൈക്കം നിയോജകമണ്ഡലത്തിലെ അപ്പർ കുട്ടനാടൻ മേഖലകളിൽപ്പെട്ട വില്ലേജുകളിലെ പാടശേഖരങ്ങളിലെ ജലസേചനമാർഗ്ഗമായ തോടുകളും കനാലുകളും എക്കൽ മണ്ണും ചെളിയും നിറയുന്നതും, പോളപ്പായൽ നിറയുന്നതും കാരണം കൃഷിക്കാർക്ക് കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്. സ്ഥിരമായി പാടശേഖരങ്ങളിലെ തോടുകളിൽ അടിഞ്ഞു കൂടിയിട്ടുള്ള ചെളി നീക്കം ചെയ്യാതിരിക്കുന്നതു കൊണ്ടും, കനാലുകളിലെ പുറംബണ്ടുകൾക്ക് ഉയരക്കുറവും ബലക്ഷയവും ഉള്ളതുകൊണ്ടും തോടുകളിൽ എക്കലും പായലും അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെടുന്നതും മൂലം ബണ്ടുകൾ തകർന്ന് കൃഷി നശിക്കുന്നത് സ്ഥിരം പതിവാണെന്നും ഇതിന് പരിഹാരം വേണമെന്ന് ആയിരുന്നു കെ. ബിനിമോൻ എം.എൽ.എയുടെ ആവശ്യം. ഒപ്പം മുണ്ടാർ പ്രദേശത്തെ ദുരിതവും എം.എൽ.എ ചൂണ്ടിക്കാട്ടി.