> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മേളപ്പെരുക്കവും ആചാരപ്രദക്ഷിണങ്ങളും; വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള സന്ധ്യവേലകൾ സമാപിച്ചു
- URL: https://www.vaikomvartha.com/vaikom-news-273/
- Published: 2026-10-29T02:08:16.000Z
- Updated: 2026-10-29T02:08:16.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News, Breaking News

വൈക്കം: വൈക്കത്തഷ്ടമിക്ക് മുന്നോടിയായി രാജഭരണകാല ആചാരമായ സന്ധ്യവേലകളുടെ ആദ്യ രണ്ട് സന്ധ്യവേലകൾക്ക് സമാപനമായി. രാത്രി നടന്ന മുഖസന്ധ്യവേല എഴുന്നള്ളിപ്പോടെയാണ് രാജാക്കന്മാർ നടത്തിയിരുന്ന സന്ധ്യവേല ചടങ്ങുകളുടെ ആചാരത്തിന് സമാപനമായത്. ഒന്നിടവിട്ട ദിവസങ്ങളിൽ നടന്ന പുള്ളി സന്ധ്യവേലക്ക് ശേഷം ഞായറാഴ്ച തുടങ്ങിയ നാല് ദിവസത്തെ മുഖസന്ധ്യവേല ചടങ്ങുകളാണ് പ്രൗഢഗംഭീരമായ മേള അകമ്പടിയിൽ ആചാര പ്രദക്ഷിണങ്ങളോടെ സമാപിച്ചത്. 

മുഖസന്ധ്യവേല രാത്രി എഴുന്നള്ളിപ്പിന് കൊടിമരച്ചുവട്ടിലെ ആനക്കൊട്ടിൽ ഭഗവാന്റെ തിടമ്പ് ആനപ്പുറത്തേറ്റി. തുടർന്ന് നാഗസ്വര മേളത്തിന്റെ അകമ്പടിയോടെ ആദ്യപ്രദക്ഷിണം നടന്നു. സമാപന ദിനം രാത്രി തെക്കേ തിരുമുറ്റത്ത് പ്രദക്ഷിണ വഴിയിൽ വിശേഷാൽവിളക്കുവച്ച് സ്വീകരണം. നാഗസ്വരമേളത്തിൻ്റെ അകമ്പടിയിൽ ദർശന പുണ്യവുമായി ആയിരങ്ങൾ മനം നിറച്ചു. ദേവസ്വം ജീവനക്കാരാണ് സമാപന ദിന മുഖ്യസന്ധ്യ വേല ചടങ്ങുകൾക്ക് ദേവസ്വം അസ്‌മിനിട്രോറ്റീവ് ഓഫിസർ എസ്. വിമൽ കുമാറിൻ്റെ സാന്നിദ്ധ്യത്തിൽ നേതൃത്വം നൽകിയത്. തെക്കുപടിഞ്ഞാറെ കോണിലും വടക്കുപടിഞ്ഞാറെ കോണിലും പ്രദക്ഷിണ വഴിയിൽ അല്പനേരം നിന്ന ശേഷമാണ് ഓരോ പ്രദക്ഷിണവും പൂർത്തിയാക്കിയത്. ആദ്യപ്രദക്ഷിണം പൂർത്തിയായതോടെ കൊടിമരച്ചോട്ടിൽ മേളമാറ്റം. ചെണ്ടമേളം രണ്ടാം പ്രദക്ഷിണത്തിന് അകമ്പടി. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000739471-76.jpg)

ചെണ്ട മുറുക്കി പഞ്ചാരിമേളത്തിന് തേരോഴി രാമക്കുറുപ്പാണ് നൂറോളം വാദ്യക്കാർക്ക് പ്രമാണിയായത്. ഒരു മണിക്കൂറോളം കൊടിമരചുവട്ടിലെ മേളപെരുക്കത്തിന് ശേഷമായിരുന്നു രണ്ടാം പ്രദക്ഷിണത്തിന് തുടക്കമായത്. മൂന്ന് പ്രദക്ഷിണങ്ങൾ പൂർത്തിയാക്കി ഈ വർഷത്തെ മുഖസന്ധ്യവേല കഴിഞ്ഞ് ഭഗവാൻ്റെ തിടമ്പിറക്കിയപ്പോൾ സമയം അർദ്ധരാത്രിയോടടുത്തിരുന്നു. ഇനി നവംബർ 20 ന് നടക്കുന്ന കൊടിയേറ്റിന് മുന്നോടിയായി നവംബർ 15 നാണ് സമൂഹസന്ധ്യ വേലകൾക്ക് തുടക്കമാകുന്നത്.