> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്ത് പ്രധാന റോഡിലെ അപകടക്കുഴി: അധികൃതർ കണ്ണടയ്ക്കുന്നു
- URL: https://www.vaikomvartha.com/vaikom-news-3/
- Published: 2026-07-10T15:38:14.000Z
- Updated: 2026-07-10T15:38:14.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

വൈക്കം: പടിഞ്ഞാറെനട-വടക്കേനട റോഡിൽ രണ്ടു കൊടും വളവുകൾക്ക് നടുവിലായുള്ള റോഡിലെ കുഴി അപകടകാരണമാകുന്നു. മാസങ്ങൾക്കു മുമ്പ് ജലവിതരണ വകുപ്പിന്റെ പൈപ്പ് പൊട്ടിയത് നന്നാക്കാനായി കുഴിച്ച കുഴി മൂടിയത് വീണ്ടും താഴ്ന്ന് അപകടം സൃഷ്ടിക്കുന്നത്. ഒരു ഭാഗത്ത് റോഡിൻ്റെ പകുതിയോളം നീളത്തിലാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ പൈപ്പ് അറ്റകുറ്റപ്പണി നടത്തിയ ശേഷം മണ്ണിട്ട് മൂടുകയും പിന്നീട് ടാർ മിശ്രിതം ഇട്ടു നികത്തുകയും ചെയ്തതാണ്. 

ഇതാണ് വീണ്ടും താഴ്ന്ന് അപകടകരമായി മാറിയിരിക്കുന്നത്. ക്ഷേത്രമതലിനോട് ചേർന്ന് ഇരുഭാഗത്തു നിന്നുമുള്ള രണ്ട് വളവുകൾ തിരിഞ്ഞ് വാഹനങ്ങൾ വേഗത കൂട്ടി വരുമ്പോഴാണ് തൊട്ടുമുന്നിലായുള്ള കുഴിയിൽ ചാടി അപകടമുണ്ടാകുന്നത്. കുഴിയിൽ ചാടാതെ വാഹനങ്ങൾ മറുഭാഗത്തേക്ക് വെട്ടിച്ചുനീക്കുന്നതും എതിരെ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകട സാധ്യത വർദ്ധിപ്പിക്കുകയാണ്. പെട്ടെന്ന് കുഴി കണ്ടു ബ്രേക്ക് ചെയ്യുന്ന ഇരുചക്ര വാഹനക്കാരും കുഴിയിൽ ചാടി നിയന്ത്രണം നഷ്ടമായും മുന്നിൽ പോകുന്ന വാഹനങ്ങളുടെ പിന്നിൽ വാഹനം ഇടിച്ചും അപകടം ഉണ്ടാവുന്നത് പതിവാവുകയാണ്. മഴപെയ്താൽ കുഴിയിൽ വെള്ളം നിറയുന്നതോടെ കുഴിയുടെ ആഴമറിയാതെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതാണ് ഗുരുതരാവസ്ഥ. പൊതുമരാമത്ത് വകുപ്പ് ഓഫിസിന് മൂക്കിന് താഴെയാണ് ഈ അപകട കുഴി. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡിലെ ഈ അപകടാവസ്ഥ പരിഹരിക്കാൻ ശ്രമം ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല അധികൃതർ ഇത് കണ്ടില്ലെന്നു നടിക്കുകയുമാണ്.