> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തൊഴിലാളികളുടെ അവകാശങ്ങൾ കേന്ദ്രസർക്കാർ നിഷേധിക്കുന്നു: ജെ. മേഴ്സിക്കുട്ടിയമ്മ
- URL: https://www.vaikomvartha.com/vaikom-news-300/
- Published: 2026-10-31T13:43:39.000Z
- Updated: 2026-10-31T13:43:39.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: രാജ്യത്തെ തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും കേന്ദ്രസർക്കാർ നിഷേധിക്കുകയാണെന്ന് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. നവംബർ 6 മുതൽ 9 വരെ കോട്ടയത്ത് നടക്കുന്ന സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വൈക്കത്ത് നടത്തിയ പരമ്പരാഗത വ്യവസായവും ആധുനികവൽക്കണവും എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.  
രാജ്യത്ത് നിലനിൽക്കുന്ന അസമത്വങ്ങൾക്കെതിരെ പോരാടിയാണ് പരമ്പരാഗത മേഖലയിലെ തൊഴിലാളികൾ ഉൾപ്പെടെ രാജ്യത്തെ തൊഴിലാളികൾ മുന്നോട്ടുപോകുന്നത്. രാജ്യത്ത് ഉള്ളവൻ അതിസമ്പന്നൻ ആവുകയും ഇല്ലാത്തവർ കൂടുതൽ ദരിദ്രരാകുകയും ചെയ്യുന്ന നിലയാണ് ഉള്ളത്. കേരളത്തിൽ അധികാരത്തിലെത്തിയ യു.ഡി.എഫ് സർക്കാർ നാട് കൈവരിച്ച നേട്ടങ്ങളെ തകർക്കുകയാണ്. കോർപ്പറേറ്റുകൾക്ക് കൊള്ള ലാഭം കൊയ്യുന്നതിനുള്ള അവസരം ഒരുക്കുകയും തൊഴിലാളികൾക്ക് ജീവിക്കുന്നതിനുള്ള അവകാശങ്ങൾ പോലും നിഷേധിക്കുന്ന കാലത്ത് തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള സംഘടനയായി നിലകൊള്ളുന്നത് സി.ഐ.ടി.യു ആണ്. ലോകത്ത് ആരോഗ്യ മേഖലയിൽ ഒന്നാമതായിരുന്ന കേരളത്തെ അഞ്ചു മാസങ്ങൾ കൊണ്ട് തകർച്ചയിൽ എത്തിക്കാൻ നേതൃത്വം നൽകിയത് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരാണെന്നും മേഴ്സിക്കുട്ടിയമ്മ കുറ്റപ്പെടുത്തി.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000735749-19.jpg)

വൈക്കം സീതാറാം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് കെ.ആർ. സഹജൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി അഡ്വ.കെ. അനിൽകുമാർ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.കെ. ഗണേശൻ, കെ.ബി. രമ, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.പി.കെ. ഹരികുമാർ, ജില്ലാ കമ്മറ്റി അംഗം അഡ്വ.കെ.കെ. രഞ്ജിത്ത്, ഏരിയ സെക്രട്ടറി പി. ശശിധരൻ, സി.ഐ.ടി.യു ജില്ലാ കമ്മറ്റി അംഗങ്ങളായ സി.പി. ജയരാജ്, ടി.ജി. ബാബു എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി പി.വി. പുഷ്‌ക്കരൻ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് സുനിത ശ്രീകുമാർ നന്ദിയും പറഞ്ഞു.