> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നാടിന്റെ നേട്ടങ്ങള്‍ തമസ്‌കരിക്കുന്നു: എന്‍. അരുൺ
- URL: https://www.vaikomvartha.com/vaikom-news-309/
- Published: 2026-11-01T14:27:53.000Z
- Updated: 2026-11-01T14:27:53.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: കാലങ്ങള്‍കൊണ്ട് നമ്മുടെ നാട് ആര്‍ജ്ജിച്ചെടുത്ത അഭിമാനകരമായ നേട്ടങ്ങള്‍ തമസ്‌കരിക്കുന്ന നിലപാടുകളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളുന്നത്. വര്‍ഗീയ-ജാതീയ ധ്രുവീകരണം നിരന്തരശ്രമമാണ് സംഘപരിവാര്‍ നടത്തുന്നത്. ഇതിനെല്ലാമെതിരെ ശക്തമായ പ്രതിരോധവും ജാഗ്രതയും യുവജന പ്രസ്ഥാനങ്ങള്‍ സംഘടിപ്പിക്കണമെന്ന് എ.ഐ.വൈ.എഫ് ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗം എന്‍. അരുൺ പറഞ്ഞു. എ.ഐ.വൈ.എഫ് വൈക്കം മണ്ഡലം സമ്മേളനം വെച്ചൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.എസ് ഹരിമോന്‍, സുജിത്ത് സുരേഷ്, വി.എ ഭാനുമതി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/11/1000769420-1.jpg)

എസ്.എന്‍.ഡി.പി യോഗം കുടവെച്ചൂര്‍ ശാഖാ ഹാളിലെ ആര്‍. ബിജു നഗറില്‍ നടന്ന സമ്മേളനത്തില്‍ എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി പി.എം സോജി പ്രവര്‍ത്തന റിപ്പോര്‍ട്ടും, ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ രഞ്ജിത് കുമാര്‍, സി.പി.ഐ ജില്ലാ എക്‌സി. അംഗങ്ങളായ സി.കെ ആശ, പി. പ്രദീപ്, മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, അസി. സെക്രട്ടറി എന്‍ അനില്‍ ബിശ്വാസ്, ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ പി. സുഗതന്‍, എസ്. ബിജു, സംഘാകസമിതി പ്രസിഡന്റ് കെ.കെ ചന്ദ്രബാബു, സെക്രട്ടറി എന്‍. അഭിഷേക്, എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം അജിത്ത് വാഴൂര്‍, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പി.എസ് അര്‍ജുന്‍, നന്ദു ജോസഫ്, എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി അമല്‍, മഹിളാസംഘം മണ്ഡലം സെക്രട്ടറി ജീന തോമസ് എന്നിവര്‍ പ്രസംഗിച്ചു.

 ഭാരവാഹികളായി സുജിത്ത് സുരേഷ് (പ്രസിഡന്റ്), വി. ജിതിന്‍, അഭിഷേക് നന്ദനന്‍, അരുണ്‍ പ്രകാശ് (വൈസ് പ്രസിഡന്റുമാര്‍), പി.എം സോജി (സെക്രട്ടറി), എം.എസ് അനൂപ് കുമാര്‍, സുനില്‍ സുഗതന്‍ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.