> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം
- URL: https://www.vaikomvartha.com/vaikom-news-312/
- Published: 2026-11-01T16:35:46.000Z
- Updated: 2026-11-01T16:35:46.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News, Kottayam, Breaking News

വൈക്കം: ലക്ഷങ്ങൾ മുടക്കി നവീകരിച്ചിട്ടും യാത്രാസൗകര്യങ്ങൾ ഏർപ്പെടുത്താത്ത കടുത്തുരുത്തി ആപ്പാഞ്ചിറ വൈക്കം റോഡ് റെയിൽവേ സ്‌റ്റേഷനിൽ കേരള പിറവി ദിനത്തിൽ വേറിട്ട ജനകീയ പ്രതികരണം. കളിപ്പാട്ട ട്രെയിൻ കെട്ടിവലിച്ചായിരുന്നു ജനകീയ പ്രതികരണ വേദി സ്റ്റേഷനോടുള്ള അവഗണന അധികൃതരുടെ ശ്രദ്ധയിലെത്തിക്കാൻ വേറിട്ട ശ്രമവുമായി രംഗത്ത് എത്തിയത്. കേരള പിറവി ദിനത്തിൽ ആപ്പാഞ്ചിറ വൈക്കം റോഡ് റെയിൽവെ സ്റ്റേഷന് സമീപമാണ് യാത്രാസൗകര്യമൊരുക്കണമെന്ന ആവശ്യവുമായി നാട്ടുകാർ ഒത്തുകൂടിയത്. വെറുതെയല്ല റെയിൽവേയുടെ നിലപാടിനെതിരെ ഒരു കളിപ്പാട്ട ട്രയിനും ഒപ്പം കരുതിയായിരുന്നു ഈ ഒത്തുകൂടൽ. 

ആപ്പാഞ്ചിറ കവലയിൽ നിന്ന് റെയിൽവെ സ്റ്റേഷനിലേക്ക് പച്ചകൊടി വീശിയതോടെ കളിപ്പാട്ട ട്രയിൻ നീങ്ങി. കയറിൽ കെട്ടിവലിച്ച ട്രയിനിന് റെയിൽവെ സ്റ്റേഷൻ്റെ മുന്നിലായിരുന്നു സ്റ്റോപ്പ്. ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന കൂടുതൽ ട്രയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ച് യാത്ര സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്ന ആവശ്യം അധികാരികളുടെ ശ്രദ്ധയിലെത്തിക്കാനായിരുന്നു  
വൈക്കം റോഡ് റെയിൽവേ യൂസേഴ്സ് ഫോറത്തിന്റെയും ജനകീയ പ്രതികരണ വേദി യുടേയും നേതൃത്വത്തിൽ ഈ ട്രയിൻ യാത്ര നടത്തിയത്. കോട്ടയം - എറണാകുളം പാതയുടെ മധ്യഭാഗത്ത് കോട്ടയം എറണാകുളം സംസ്ഥാന ഹൈവേയോടു ചേർന്നാണ് വൈക്കം റോഡ് റെയിൽവേ സ്റ്റേഷൻ. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിലെ പാലാ, രാമപുരം, ഉഴവൂർ, ഈരാറ്റു പേട്ട, വാഗമൺ അടക്കമുള്ള പ്രദേശങ്ങളിൽ നിന്നും റോഡ് മാർഗം എത്തിച്ചേരാൻ ഏറ്റവും സൗകര്യപ്രദമായ സ്‌റ്റേഷനുമാണ്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/11/1000793660.jpg)

എന്നിട്ടും പൊതുജനത്തിന് പ്രയോജനപ്പെടുന്ന വഞ്ചിനാട്, വേണാട്, ചെന്നൈ മെയിൽ എന്നീ ട്രയിനുകൾക്ക് സ്റ്റോപ്പ് ഇല്ല. പിറവം റോഡിലെ സ്റ്റോപ്പ് നിർത്തലാക്കിയ തിരുവനന്തപുരം മംഗലാപുരം ട്രെയിനിന് ഇവിടെ സ്‌റ്റോപ് അനുവദിക്കണം. കോവിഡ് കാലത്തു കോട്ടയം വരെ മാത്രമാക്കിയ കായംകുളം എറണാകുളം മെമു പുനരാരംഭിക്കണം, തീർഥാടകർക്ക് പ്രയോജനപ്പെടുന്ന എറണാകുളം - വേളാങ്കണ്ണി ട്രെയിനിന് ഇവിടെ സ്റ്റോപ്പ് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങൾ ജനപ്രതിനിധികളോടും റെയിൽവേയോടും ആവശ്യപ്പെട്ടിട്ടു നടപടി എടുക്കാത്തതിനെ തുടർന്നായിരുന്നു ഈ കളിപ്പാട്ട ട്രെയിൻ യാത്ര നടത്തിയത്. സ്റ്റേഷൻ മാസ്റ്റർക്ക് നിവേദനം നൽകിയാണ് ഈ ട്രെയിൻ യാത്ര അവസാനിപ്പിച്ചത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/11/1000769430.jpg)