> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്തഷ്ടമി: കൊടിക്കയർ സമർപ്പിച്ചു
- URL: https://www.vaikomvartha.com/vaikom-news-325/
- Published: 2026-11-05T11:18:10.000Z
- Updated: 2026-11-05T11:18:10.000Z
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: വൈക്കത്തഷ്ടമി ഉത്സവ കൊടിയേറ്റിനുള്ള കൊടിക്കയർ സമർപ്പിച്ചു. ഇന്ന് രാവിലെയാണ് കൊടിക്കയർ സമർപ്പണ ചടങ്ങ് നടന്നത്. കൊടിമരച്ചുവട്ടിൽ അവകാശികളായ പോളശ്ശേരിയിലെ ഉൻ്റാശ്ശേരി കുടുംബമാണ് കൊടിക്കയർ സമർപ്പിച്ചത്. പ്രത്യേക വ്രതനിഷ്ഠയോടെ കുടുംബ അവകാശികൾ നിർമ്മിച്ച കൊടിക്കയറാണ് പട്ടിൽ പൊതിഞ്ഞ് കുരുത്തോല അലങ്കാരത്തോടെ വൈക്കം മഹാദേവക്ഷേത്രത്തിലെ കൊടിമരച്ചുവട്ടിൽ സമർപ്പിച്ചത്. 

ദേവസ്വം ഓഫീസർ എസ്. വിമൽകുമാർ കൊടിക്കയർ ഏറ്റുവാങ്ങി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ താലപ്പൊലിയുമായി ആഘോഷപൂർവ്വമാണ് കൊടിക്കയർ ഓലക്കുടക്ക് കീഴിൽ അനുഷ്ഠാന ചടങ്ങോടെ കൊടിമര ചുവട്ടിൽ എത്തിച്ചത്. തുടർന്നാണ് ദേവസ്വം അധികാരികളുടെ സാന്നിദ്ധ്യത്തിൽ കൊടിമര ചുവട്ടിൽ സമർപ്പിച്ചത്. വൈക്കം പോളശ്ശേരി ഉൻ്റശ്ശേരി കുടുംബത്തിനാണ് വൈക്കം മഹാദേവ ക്ഷേത്രത്തിലെയും ഉദയനാപുരം സുബ്രഹ്മണ്യക്ഷേത്ര ഉൽസവ കൊടിയേറ്റിനും കൊടിക്കയർ സമർപ്പിക്കാനുള്ള പാരമ്പര്യ അവകാശം. ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും കൊടിക്കയർ സമർപ്പണ ചടങ്ങ് നടന്നു. നവംബർ 20നാണ് വൈക്കത്തഷ്ടമിക്ക് കൊടിയേറ്റുന്നത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/11/1000794310-7.jpg)