> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം നഗരസഭ കേരഗ്രാമം പദ്ധതിയിൽ; നാളികേര കർഷകർക്ക് വലിയ പ്രതീക്ഷ
- URL: https://www.vaikomvartha.com/vaikom-news-327/
- Published: 2026-11-05T13:32:04.000Z
- Updated: 2026-11-05T13:32:04.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News, Breaking News

വൈക്കം: കേരളത്തിന്റെ കാർഷിക മേഖലയിൽ നാളികേര ഉത്പാദനത്തിൻ്റെ വർദ്ധനവ് ലക്ഷ്യമിട്ട് നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയിൽ വൈക്കം നഗരസഭയും. വൈക്കം നഗരസഭയെ കൃഷി വകുപ്പ് നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി.  
ഈ വർഷം കേര ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയ 40 തദ്ദേശഭരണ സ്ഥാപനങ്ങളിൽ കോട്ടയം ജില്ലയിൽ വൈക്കം നഗരസഭയും ഏറ്റുമാനൂരിൽ അതിരമ്പുഴയുമാണ് പദ്ധതിയിൽ സ്ഥാനം നേടിയത്. തെങ്ങുകൃഷിയിൽ ശാസ്ത്രീയമായ പരിചരണമുറകൾ അവലംബിച്ച് നാളികേര ഉത്പാദനവും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കാൻ കൃഷി വകുപ്പ് ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന ബൃഹദ് പദ്ധതിയാണ് കേരഗ്രാമം. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/11/1000796415-2.jpg)

തെങ്ങ് കൃഷിയുടെ സമഗ്ര പരിചരണത്തിനായി സംയോജിത പരിചരണമുറകൾ, ജലസേചന സൗകര്യം മെച്ചപ്പെടുത്തൽ, ജൈവവള ഉത്പാദനം, തെങ്ങ് കയറ്റയന്ത്രങ്ങളുടെ വിതരണം എന്നീ സഹായങ്ങൾ കെയർ ഗ്രാമം പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. 250 ഹെക്ടർ വിസ്തൃതിയിൽ തെങ്ങ് കൃഷിയുള്ള ഭൂപ്രദേശമാണ് ഒരു കേരഗ്രാമമായി പദ്ധതിയിൽ കണക്കാക്കുന്നത്. കേരള നാളികേര കൗൺസിലിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും തെങ്ങിൻ തൈകൾ വിതരണം നടത്തും. ബ്ലോക്ക്തലത്തിൽ രൂപീകരിച്ചിട്ടുള്ള അഗ്രോ സർവീസ് സെന്ററുകൾ, കൃഷിശ്രീ സെന്ററുകൾ, കാർഷിക കർമ്മസേന, സേവന മേഖലയിലെ കൃഷിക്കൂട്ടങ്ങൾ എന്നിവയിലെ അംഗങ്ങൾക്ക് തെങ്ങുകയറ്റത്തിൽ പരിശീലനം നൽകും. സബ്സിഡി നിരക്കിൽ തെങ്ങുകയറ്റ യന്ത്രങ്ങൾ വാങ്ങുന്നതിനു കേരഗ്രാമം പദ്ധതിയിലുടെ സാധ്യമാകും. സ്മോൾ ഫാർമേഴ്സ് അഗ്രിബിസിനസ്സ് കൺസോർഷ്യം മുഖേന 10 നാളികേര അധിഷ്ഠിത ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്കും എട്ട് നാളികേര അധിഷ്ഠിത എം.എസ്.എം.ഇകൾക്കും സാങ്കേതിക സാമ്പത്തികസഹായവും പദ്ധതി വഴി ലഭ്യമാകും. കേരഗ്രാമം പദ്ധതിയിൽ കേരസമിതികൾ രൂപീകരിച്ച് മൂല്യവർധിത ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കുന്നതിനും സാധിക്കും. നാളികേര കർഷകർക്ക് സാമ്പത്തികമായി വലിയൊരു കൈതാങ്ങാകാനും, ആധുനിക കൃഷിരീതികൾ അവലംബിച്ച് ഉത്പാദനം വർദ്ധിപ്പിക്കാനും കേരഗ്രാമം പദ്ധതി വഴി സാധ്യമാക്കാനാവും. പദ്ധതി നടപ്പാക്കുന്നതിലൂടെ വൈക്കം നഗരസഭയിലെ കേര കാർഷിക മേഖലയിൽ വലിയ മുന്നേറ്റത്തിനുള്ള സാധ്യതയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയതിലൂടെ പ്രതീക്ഷയാകുന്നത്.