> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വിപ്ലവ ഗായികയ്ക്ക് വൈക്കത്ത് സ്‌നേഹവീടൊരുക്കി സഖാക്കൾ
- URL: https://www.vaikomvartha.com/vaikom-news-40/
- Published: 2026-08-26T00:25:12.000Z
- Updated: 2026-08-26T00:25:12.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News

വൈക്കം.: വിപ്ലവ ഗാനങ്ങളിലുടെ സഖാക്കൾക്ക് ആവേശം പകർന്ന ഗായികക്ക് വൈക്കത്ത് വീടൊരുക്കി സഖാക്കൾ... കേരളത്തിൻ്റെ വിപ്ലവ ഗായിക പി.കെ. മേദിനിക്കാണ് വൈക്കം തോട്ടകത്ത് വീടൊരുങ്ങിയത്. സി.പി.ഐ സംസ്ഥാന നേതൃത്വത്തിൻ്റെ നിർദ്ദേശത്തിലും സഹകരണത്തിലും വൈക്കം മണ്ഡലം കമ്മറ്റിയാണ് വിപ്ലവ ഗായികക്ക് താമസസ്ഥലമൊരുക്കിയത് ഉത്രാട നാളിൽ ഗായിക വീടുകാണാനത്തി.

ഇളയ മകൾക്കും കുടുംബത്തിനും ഒപ്പമായിരുന്നു പി.കെ മേദിനി റെഡ് സല്യൂട്ട് എന്ന വീട്ടിലെത്തിയത്. സി.പി.ഐ സംസ്ഥാന കമ്മറ്റി അംഗം വി.ബി ബിനുവും മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജും ഗായികയെ കൈപിടിച്ച് റെഡ് സല്യൂട്ടിൻ്റെ പടികയറ്റി. താൻ ഇനി വൈക്കത്തുകാരിയെന്നും തൻ്റെ അന്ത്യ വിശ്രമം വൈക്കത്തിൻ്റെ മണ്ണിലെന്നുമായിരുന്നു വീട് കണ്ട് മനം നിറഞ്ഞ മേദിനിയുടെ പ്രതികരണം. നാളെ അവിട്ടം ദിനത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിപ്ലവഗായികയെ കൈപിടിച്ച് വീട് ഏൽപ്പിക്കും. അഞ്ചര സെൻ്റ് സ്ഥലം വാങ്ങി 15 ലക്ഷം രൂപ മുടക്കിയാണ് സഖാക്കൾ ഗായികക്ക് മനോഹരമായ കൊച്ച് വീടൊരുക്കി നൽകുന്നത്. എല്ലാ സൗകര്യങ്ങളുമൊരുക്കിയാണ് സഖാക്കളുടെ ഈ റെഡ് സല്യൂട്ട് വിപ്ലവ ഗായികക്ക് സമർപ്പിക്കുന്നത്. വൈക്കത്തെ സഖാക്കളാണ് തന്നോട് വൈക്കത്ത് തന്നെ താമസിക്കാൻ നിർദേശിച്ചതെന്നും പി.കെ. മേദിനി പറഞ്ഞു. നിലവിൽ ആലപ്പുഴ കോമളപുരത്തുള്ള വാടക വീട്ടിലാണ് ഇളയമകൾ ഹൻസക്കൊപ്പം മേദിനിയുടെ താമസം. പാർട്ടിയോടും സഖാക്കളോടുമുള്ള സ്നേഹത്താൽ മനം നിറച്ച് വീട് കണ്ട് പടിയിറങ്ങിയ വിപ്ലവ ഗായിക നാളെ വീണ്ടും റെഡ് സല്യൂട്ടിൻ്റെ പടികയറും എൻ്റെയല്ല നമ്മുക്കെല്ലാവർക്കും ഒത്തുകൂടാനുള്ള വീടാണിത് എന്ന് ഉറക്കെ പാടിക്കൊണ്ട് ...