> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പരമ്പരാഗത മേഖലയെ സി.പി.എം അവഗണിച്ചതാണ് തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം: ബിനോയ് വിശ്വം
- URL: https://www.vaikomvartha.com/vaikom-news-58/
- Published: 2026-09-18T13:21:59.000Z
- Updated: 2026-09-21T10:16:25.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News, Kottayam

വൈക്കം: കേരള സംസ്ഥാന ചെത്തു തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സമ്മേളനം വൈക്കത്ത് ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. ചെത്തുതൊഴിലാളി മേഖലയടക്കമുള്ള പരമ്പരാഗത മേഖലയെ സി.പി.എം അവഗണിച്ചതാണ് തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. 

എൽ.ഡി.എഫിൽ പല പ്രാവശ്യം ചെത്ത് തൊഴിലാളി മേഖലയിലെ പ്രശ്നങ്ങൾ പറഞ്ഞപ്പോൾ മുഖ്യമന്ത്രിയടക്കം ശരിയാന്നെന്ന് സമ്മതിച്ചു. ശരിയെന്ന് പറഞ്ഞത് ചെയ്തില്ല. നമ്മളൊടൊപ്പം നിൽക്കുന്ന സമൂഹത്തിൻ്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ അഞ്ച് വർഷം കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല. എന്നാൽ നമ്മൾ തോൽപിച്ചത് ശരിയായില്ലെന്നും ഇതിൽ നിന്ന് പാഠം പഠിക്കണമെന്നും അതുണ്ടായിയേ എൽ.ഡി.എഫ് തിരിച്ച് വരു എന്നു ബിനോയ് വിശ്വം പറഞ്ഞു. ചെത്ത്തൊഴിലാളി യൂണിയൻ ഹാളിലെ ജോർജ്ജ് ചടയം മുറി നഗറിൽ നടന്ന സമ്മേളനത്തിന് ഫെഡറേഷൻ പ്രസിഡൻ്റ് കെ.പി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സ്വന്തം നാട്ടിൽ നടന്ന സമ്മേളനത്തിൽ സി.പി.എമ്മിനെതിരെ രൂക്ഷമായ വിമർശനമാണ് ബിനോയ് വിശ്വം ഉന്നയിച്ചത്. ടൂറിസം മേഖലയിൽ രാജ്യങ്ങൾ എല്ലാം സ്വന്തം ലഹരി പാനീയത്തിന് പ്രാധാന്യം കൊടുക്കുമ്പോൾ കള്ളിന്റെ കാര്യത്തിൽ അത് ഉണ്ടാകുന്നില്ല. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000702971-21.jpg)

കള്ളിന്റെ പുളിയും മണവും മാറ്റി ഷാപ്പുകളുടെ നിലവാരവും മെച്ചപ്പെടുത്തി ടൂറിസം മേഖലയിൽ കള്ളിനുള്ള സാധ്യത ഏറെയുള്ളപ്പോൾ എൽ.ഡി.എഫ് സർക്കാർ അടക്കം ഭരിച്ച സംസ്ഥാനത്ത് ഇത് അവഗണിക്കപ്പെടുകയാണെന്നും ബിനോയി വിശ്വം പറഞ്ഞു. സംസ്ഥാന കള്ള്വ്യവസായ തൊഴിലാളി ഫെഡറേഷൻ സി.ഐ.ടി.യു പ്രസിഡൻ്റ് ടി.പി. രാമകൃഷ്ണൻ, ദേശീയ കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി പ്രസിഡൻറ് അജിത്ത് ആറ്റിങ്ങൽ, ഫെഡറേഷൻ ജനറൽ സെക്രട്ടറി ടി.എൻ രമേശൻ, പി.ജി ത്രിഗുണസൻ, കെ.എൻ ഗോപി എന്നിവരും മറ്റ് സി.പി.ഐ നേതാക്കളും പങ്കെടുത്തു. ഉച്ചയ്ക്കുശേഷം പ്രതിനിധി സമ്മേളനത്തിന് തുടക്കമായി നാളെയും പ്രതിനിധിസമ്മേളനം തുടരും. സമ്മേളനത്തിൽ വിപ്ലവ ഗായിക പി.കെ മേദിനിയെ ബിനോയ് വിശ്വവും കെ.പി രാജേന്ദ്രനും ചേർന്ന് ആദരിച്ചു.