> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പറമ്പിലെ കളകൾ കറികളായി; വെള്ളൂരിൽ വ്യത്യസ്തമായ ഒരു 'കളസദ്യ'
- URL: https://www.vaikomvartha.com/vaikom-news-68/
- Published: 2026-09-21T15:04:49.000Z
- Updated: 2026-09-22T23:00:28.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News, Kottayam

വൈക്കം: നമ്മുടെ പറമ്പിലെ ചൊറിഞ്ഞണവും മുക്കുറ്റിയും കാട്ടു ചീരയും മുരിക്ക് ഇലയുമൊക്കെ ഔഷധഗുണമുള്ള കറികളാകും. അങ്ങനെയൊരു കളസദ്യ വൈക്കം വെള്ളൂരിലെ ഇറുമ്പയത്ത് നടന്നു. ഡോക്ടർ ഇ. സജീവ് കുമാറിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഈ കളസദ്യ സംഘടിപ്പിച്ചത് ഇറുമ്പയം ടാഗോർ ലൈബ്രറി ഭാരവാഹികളാണ്. 

മുക്കുറ്റി പായസം മുതൽ പുളിയില രസം വരെ പത്തിനം കളകറികളാണ് സദ്യയിൽ വിളമ്പിയത്. പ്രദേശവാസികൾ പറിച്ചു കൊണ്ടുവന്ന പറമ്പിലെ കളചെടികൾ കഴുകി അരിഞ്ഞ് കൂട്ടി. അടുപ്പുകളിൽ തയ്യാറാക്കുന്നത് ആ കളകൾ കൊണ്ടുള്ള കറികളാണ്. പാറകം കായകളുടെ അച്ചാറും കാളനും, വാഴപിണ്ടിയും മഷിതണ്ടും ചേർത്ത് സാലഡ്, കാട്ടുചീര പച്ചടി, മനിലമുരിങ്ങ ചമ്മന്തി, ചൊറിഞ്ഞണം സ്റ്റൂ ഇങ്ങനെ പത്തിനം കള കറികൾ കൂട്ടി വയൽ ചീര സാമ്പാറുമൊഴിച്ചായിരുന്നു ഊണ്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000719434.jpg)

കൊങ്ങിണിപ്പൂ കുടിവെള്ളവും കുടിച്ച് ഏമ്പക്കം വിടുമ്പോൾ മുക്കുറ്റി പായസവും വിളമ്പി. പുറമെ പുളിയില രസവും. ഇറുമ്പയം ടാഗോർ ലൈബ്രറിയാണ് ഈ ഔഷധ കളസദ്യക്ക് കളമൊരുക്കി, ഒപ്പം ഗവേഷണാധിഷ്ഠിത സെമിനാറും വെള്ളൂരിൽ നടത്തിയത്. ഡോക്ടർ ഇ. സജീവ്കുമാറിൻ്റെ ഭക്ഷയോഗ്യമായ കളസസ്യങ്ങളെ സുരക്ഷിത ഭക്ഷണമാക്കി ജനകീയമാക്കുന്ന അന്നം സമം ഔഷധം എന്ന പദ്ധതിയിയിലാണ് ഈ കളസദ്യ നടന്നത്. ഇത് കണ്ട് കളസദ്യ ഒരുക്കാൻ പുറപ്പെടുമ്പോൾ ശാസ്ത്രം കൂടി അറിഞ്ഞ് വേണം പറമ്പിലെ കളകൾ പറിച്ച് കറിയാക്കാൻ. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000688806-10.jpg)

അതിനായി കളസദ്യ വിളമ്പുന്നതിന് മുന്നോടിയായി നടത്തിയ സെമിനാറിലും പങ്കെടുത്താണ് നൂറിലധികം പേർ വെള്ളൂരിൽ കളസദ്യ ഉണ്ട് മടങ്ങിയത്.