> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പരിപാലനമില്ലാതെ വൈക്കം ബീച്ച്: വെട്ടിത്തെളിച്ച പുൽക്കാടുകൾ വീണ്ടും വളരുന്നു, സന്ദർശകർ ആശങ്കയിൽ
- URL: https://www.vaikomvartha.com/vaikom-news-70/
- Published: 2026-09-22T11:02:34.000Z
- Updated: 2026-09-23T14:10:17.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News

വൈക്കം: കായലോര ബീച്ച് വീണ്ടും കാട് മൂടി. അവധി ദിവസങ്ങളിലടക്കം ഏറെ തിരക്കേറുന്ന ബീച്ച് പുൽകാടുകൾ നിറഞ്ഞ നിലയിലാണ്. ഇതോടെ കുറഞ്ഞ് വന്ന പകൽ സമയത്തുള്ള യുവതിയുവാക്കളുടേയും വിദ്യാർത്ഥികളുടെയും അനാശാസ്യ പ്രവർത്തനങ്ങളും കൂടുകയാണ്. 

നിലവിലെ നഗരസഭ ഭരണസമിതി അധികാരറ്റേപ്പോൾ ജനകീയ സഹകരണത്തോടെ ബീച്ചിലെ കാടുകൾ നീക്കിയതാണ്. എന്നാൽ തുടർനടപടി ഇല്ലാത്തതാണ് ബീച്ചിൽ പുൽകാടുകൾ നിറയാൻ കാരണം. കഴിഞ്ഞ ഞായറാഴ്ച നൂറുകണക്കിന് സന്ദർശകർ ഇവിടെ എത്തിയപ്പോഴത്തെ ദൃശ്യങ്ങൾ മാദ്ധ്യമപ്രവർത്തകർക്ക് ഒരു സന്ദർശകൻ പങ്കുവച്ചതാണ്. ഒപ്പം കാട് തെളിക്കാൻ നഗരസഭ നടപടി എടുക്കാത്തതിലെ പരിഭവവും അറിയിച്ചു. നിലവിൽ കായലിനോട് ചേർന്ന് നടപ്പാത നിർമ്മിച്ചിരി ക്കുന്നതിന് സമീപം അരയാൾ പൊക്കത്തിൽ പുല്ല് വളർന്ന നിലയിലാണ്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000720644.jpg)

പ്രവേശന ഭാഗത്തോട് ചേർന്ന് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഈ പുൽകാടിന് സമീപത്താണ്. വാഹനങ്ങളിലടക്കം ഇഴജന്തുക്കൾ കയറാനും സാധ്യത ഏറെയാണ്. മാത്രവുമല്ല നടപ്പാത വിട്ട് മൈതാനത്തിലൂടെ നടക്കാനും കഴിയാത്ത സ്ഥിതിയാണ്. സന്ധ്യയോടെയാണ് ബീച്ചിൽ തിരക്കേറുന്നത് അതുകൊണ്ട് തന്നെ ഈ കാടുകൾ സന്ദർശകർക്ക് ഭീതിവിതക്കുന്ന സ്ഥിതിയാണെന്നാണ് പരാതി ഉയർത്തുന്നത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000720434.jpg)

എഫ്.എം റേഡിയോ പുനസ്ഥാപിച്ച് കൂടുതൽ വെളിച്ച സംവിധാനവും, നഗരസഭ വ്യക്തികളുടെയും സംഘടനകളുടേയും സഹായത്തോടെ അടുത്തിടെ ബീച്ചിൽ ഒരുക്കിയിരുന്നു. സന്ദർശകർ എത്തുന്ന ഭാഗത്ത് എങ്കിലും മാസത്തിൽ ഒരുതവണ ശുചീകരണ പ്രവർത്തനം നടത്തിയാൽ ആശങ്കക്കിടയാകാതെ സുരക്ഷിതത്വം ഇവിടെ ഉറപ്പാക്കാനാകും. കാടുകൾ വെട്ടിതെളിച്ച് ആശങ്കയില്ലാതെ ഇരുട്ട് വീഴുന്ന സമയത്തടക്കം ബീച്ചിൽ ചെലവഴിക്കാൻ സാഹചര്യം ഒരുക്കണമെന്നാണ് ആവശ്യം ഉയരുന്നത്.