> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പതിറ്റാണ്ടുകളുടെ കാത്തിരിപ്പ്; ജീവൻ പണയം വെച്ച് തലയാഴത്തുകാരുടെ അപകടയാത്ര
- URL: https://www.vaikomvartha.com/vaikom-news-76/
- Published: 2026-09-23T11:23:17.000Z
- Updated: 2026-09-24T21:49:05.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News

വൈക്കം: നാട്ടുതോടിന് കുറുകെ സുരക്ഷിതമല്ലാത്ത തടിപ്പാലത്തിലൂടെ പതിറ്റാണ്ടുകളായി അപകടയാത്ര ചെയ്യേണ്ട ഗതികേടിലാണ് തലയാഴം പഞ്ചായത്തിലെ ഒരു വാർഡിലെ നിർദ്ധന കുടുംബങ്ങൾ. തലയാഴം പഞ്ചായത്തിലെ മണ്ണാറംകണ്ടം - കുറിഞ്ഞിക്കാട് റോഡുമായി ബന്ധപ്പെട്ടുള്ള നാട്ടുതോടിനു കുറുകെ പ്രദേശവാസികൾ തന്നെ നിർമ്മിച്ച അപകട പാലത്തിലൂടെയാണ് യാത്ര. തോട് കടന്ന് റോഡിലെത്താൻ തടിക്കഷണങ്ങളും ടെലിഫോൺ പോസ്റ്റും ചേർത്തിട്ടാണ് ഇവരുടെ അപകടയാത്ര.

ദിവസങ്ങൾക്ക് മുമ്പ് ദുർബലമായിരുന്ന പാലത്തിൽ നിന്ന് കുഞ്ഞുമായി വീട്ടമ്മ തോട്ടിൽ വീണിരുന്നു. തുടർന്ന് നാട്ടുകാർ കൂടുതൽ തടികൾ ചേർത്ത് വീണ്ടും കുറച്ച് ബലപ്പെടുത്തിയ പാലമൊരുക്കിയാണ് നിലവിലെ യാത്ര. പതിറ്റാണ്ടുകളായി തുടരുന്ന യാത്രാ ദുരിതം നീക്കാൻ പ്രദേശവാസികൾ എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികൾക്ക് പലതവണ നിവേദനം നൽകുകയും സമരം നടത്തുകയും ചെയ്തിട്ടും നടപടിയുണ്ടായില്ലെന്നാണ് പരാതി. കൂവം, പള്ളിയാട് പ്രദേശത്തിൻ്റെ വടക്ക് ഭാഗത്തുള്ളവരും മണ്ണാറംകണ്ടം നിവാസികളും വൈക്കം വെച്ചൂർ റോഡിലെത്താനുള്ള മാർഗ്ഗമാണിത്. വാഹനങ്ങളിൽ സമീപത്തെ പഞ്ചായത്ത് ഓഫിസലടക്കം എത്തണമെങ്കിൽ ഒന്നരകിലോമീറ്ററോളം കൂവം വഴി ചുറ്റണം. കിഴക്കൻ പ്രദേശങ്ങളിലെ പാടശേഖരങ്ങളിലേക്ക് കർഷകരും കർഷക തൊഴിലാളികളും പോകുന്നതും ഈ അപകട പാലം കടന്നാണ്. തോടിൻ്റെ ഇരുവശത്തും ടാറിട്ട റോഡുണ്ട്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000710313-5.jpg)

ഗതാഗതയോഗ്യമായ പാലം ഇല്ലാത്തതിനാൽ പ്രദേശവാസികളുടെ വീട് അറ്റകുറ്റപണിക്കായി നിർമാണ സാമഗ്രികൾ എത്തിക്കുന്നതിനും ചെലവ് ഏറെയാണ്. ഗതാഗത യോഗ്യമായ അപകടരഹിതമായ പാലം നിർമിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.