> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കായലിൽ പോളയും പ്ലാസ്റ്റിക്കും നിറയുന്നു: വൈക്കം-തവണക്കടവ് റൂട്ടിൽ ബോട്ടുകൾ കേടായി യാത്രാദുരിതം
- URL: https://www.vaikomvartha.com/vaikom-news-78/
- Published: 2026-09-24T08:56:38.000Z
- Updated: 2026-09-25T14:27:26.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News, Kottayam

വൈക്കം: വൈക്കത്ത് കായൽ മാലിന്യങ്ങളുടെ രൂക്ഷത ബോട്ട് സർവീസിന് തടസ്സമാകുന്നു. ഏറെ തിരക്കേറിയ വൈക്കം-തവണകടവ് ബോട്ട് സർവീസിലാണ് പോളയും കായൽ മാലിന്യങ്ങളും തടസ്സമാകുന്നത്. ബോട്ടുകൾ പലതും സ്ഥിരമായി കേടാവുന്നതോടെ യാത്രക്കാർ ദുരിതത്തിലാണ്. നാലു ബോട്ടുകൾ സർവീസ് നടത്തുന്ന വൈക്കത്ത് പലപ്പോഴും ബോട്ടുകളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നതാണ് യാത്രാദുരിതത്തിന് കാരണമാവുന്നത്. 

പാൽ കവർ അടക്കമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾക്കൊപ്പം പോളയും കുരുങ്ങുന്നതോടെ ഇവ ഉരുകി പിടിച്ച് ബോട്ടുകൾ കേടാകുന്നത് പതിവാകുകയാണ്. പാൽ കവറുകളടക്കം കായലിൽ തള്ളുന്നത് വ്യാപകമായതോടെ ജീവനക്കാരും നിസ്സഹായരാകുകയാണെന്നാണ് ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. യാത്രക്കിടെ ബോട്ടുകൾ കേടാകുന്നത് യാത്രക്കാരുടെ സുരക്ഷക്കും വെല്ലുവിളിയാകുന്ന ഗുരുതര സ്ഥിതിയാണ് കായൽ മാലിന്യം ഉയർത്തുന്നത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000723922-1.jpg)

കഴിഞ്ഞദിവസം പ്രളയജലത്തിൽ ഒഴുകിവന്ന തടി തട്ടി പ്രൊപ്പല്ലർ തകർന്ന ഒരു ബോട്ട് കുറ്റപ്പണിക്കായി കൊണ്ടുപോയതോടെ മൂന്നു ബോട്ടുകൾ മാത്രമാണ് സർവ്വീസ് നടത്തുന്നത്. വൈക്കത്ത് മാത്രമല്ല മുഹമ്മ-ആലപ്പുഴ ബോട്ട് ജെട്ടികളിലെ അടക്കം അഞ്ചു ബോട്ടുകളാണ് നിലവിൽ ഇങ്ങനെ പ്രൊപ്പല്ലർ തകർന്ന് അറ്റകുറ്റപണിക്കായി കയറ്റിയിരിക്കുന്നത്. ഇതോടെ വൈക്കത്ത് ഒരു സ്റ്റീൽ ബോട്ടും രണ്ട് സോളാർ ബോട്ടുകളും ആണ് നിലവിൽ സർവീസ് നടത്തുന്നത്. കായലിലെ കനത്ത പോള ശല്യം കാരണം, സോളാർ ബോട്ടുകൾക്ക് നിയന്ത്രണം നഷ്ടപ്പെടുകയും യാത്രയ്ക്കായി കൂടുതൽ സമയം വേണ്ടി വരികയും ചെയ്യുകയാണ്. പോളയും പ്ലാസ്റ്റിക്കും കുരുങ്ങിയാണ് പലപ്പോഴും ബോട്ടുകൾക്ക് സ്ഥിരമായി കേടുപാടുകൾ ഉണ്ടാകുന്നത്. നിലവിൽ മെക്കാനിക്കിന്റെ സേവനം ഇവിടെ ഉണ്ടെങ്കിലും കാര്യമായ കേടുപാട് ഉണ്ടായാൽ ആലപ്പുഴയിൽ എത്തിച്ച് മാത്രമേ അറ്റകുറ്റപ്പണി നടത്താനാവു എന്നതാണ് സ്ഥിതി. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000720432-2.jpg)

ജലഗതാഗത വകുപ്പിന് ഏറ്റവുമധികം വരുമാനമുള്ള വൈക്കം-തവണകടവ് സർവീസിൽ യാത്രാദുരിതം ഒഴിവാക്കി യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള നടപടി വേണമെന്നാണ് ആവശ്യം ഉയരുന്നത്.