> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വേമ്പനാട്ടു കായലിന്റെ ഭംഗി ആസ്വദിക്കാം; വൈക്കത്ത് ജലഗതാഗത വകുപ്പിന്റെ ബജറ്റ് ടൂറിസം പദ്ധതി വരുന്നു
- URL: https://www.vaikomvartha.com/vaikom-news-84/
- Published: 2026-09-25T01:25:51.000Z
- Updated: 2026-09-26T08:30:58.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News, Kottayam

വൈക്കം: വേമ്പനാട്ടുകായലിൻ്റേയും പുഴകളുടേയും ദൃശ്യ ഭംഗി സഞ്ചാരികൾക്ക് ആസ്വദിക്കാൻ ജലഗതാഗത വകുപ്പും വൈക്കത്ത് ബജറ്റ് ടൂറിസം പദ്ധതി ആരംഭിക്കുന്നു. ജലഗതാഗത വകുപ്പ് വൈക്കത്ത് ടൂറിസം ട്രിപ്പ് തുടങ്ങാനാണ് തീരുമാനമായത്. വൈക്കം മുറിഞ്ഞപുഴ, പാതിരാമണൽ തുടങ്ങി വൈക്കത്തെ വിവിധ പ്രദേശങ്ങളെ കൂട്ടിയിണക്കി ടൂറിസം പാക്കേജ് തയ്യാറാക്കാനാണ് ജലഗതാഗത വകുപ്പ് പദ്ധതിയിടുന്നത്. 

ഇതിനായി ഒരുക്കുന്ന വേഗ ത്രീ സോളാർ ബോട്ട് നിർമാണത്തിൻ്റെ അവസാന ഘട്ടത്തിലാണ്. വൈക്കം - എറണാകുളം സർവീസ് തുടങ്ങിയ വേഗ 120 ഹൈസ് സ്പീഡ് എ.സി ബോട്ട് ബുധനാഴ്ച രാത്രി വീണ്ടും വൈക്കത്ത് എത്തിച്ചു. എന്നാൽ അറ്റകുറ്റ പണികൾക്കായി കൊണ്ടുപോയ ബോട്ട് എത്തുമ്പോൾ വൈക്കത്ത് തന്നെ സർവ്വീസ് നടത്താനാണ് തീരുമാനം. ഇതിനിടെയാണ് ടൂറിസം സർവ്വീസ് കൂടി വൈക്കത്ത് നിന്ന് നടത്താനും തീരുമാനമായത്. കാട്ടിക്കുന്നിലെ മത്സ്യ ഫെഡിൻ്റെ ഫാമിലേക്കും പാതിരാമണലിലേക്കും ടൂറിസം സർവ്വീസ് നടത്താനാണ് നീക്കം തുടങ്ങിയത്. ആദ്യഘട്ടത്തിൽ കാട്ടിക്കുന്ന് മത്സ്യഫാമിലേക്കുള്ള സർവ്വീസ് നടത്താനാണ് തീരുമാനമായത്. രാവിലെ പതിനൊന്ന് മണിയോടെ യാത്ര തുടങ്ങി വൈകിട്ട് നാല് മണിയോടെ മടങ്ങുന്ന രീതിയിലാണ് സർവ്വീസ് തുടങ്ങുന്നത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000723969.jpg)

ഇതിനുള്ള അനുമതി ലഭിച്ചതായി അധികൃതർ പറഞ്ഞു. എന്നാൽ എന്ന് മുതൽ സർവ്വീസ് തുടങ്ങുമെന്ന് തീരുമാനമായിട്ടില്ല. അതുവരെ വേഗ ബോട്ട് തവണ കടവിലേക്ക് സർവ്വീസ് നടത്തും. വൈക്കം ജെട്ടിയിൽ നിന്ന് മുറിഞ്ഞപുഴ വഴി മൽസ്യഫെഡിൻ്റെ ചെമ്പ് കാട്ടിക്കുന്നിലെ പാലാക്കരി ഫിഷ് ഫാമും തണ്ണീർമുക്കം ബണ്ടും തുരുത്തുകളും പാതിരാമണലുമൊക്കെ ബന്ധിപ്പിച്ചുള്ള വിനോദ സഞ്ചാര യാത്ര അധികം വൈകാതെ ഉണ്ടാകുമെന്നാണ് ജല ഗതാഗത വകുപ്പ് അധികൃതർ നൽകുന്ന വിവരം. മറ്റ് സ്വകാര്യ കായൽ ടൂറിസം യാത്രകളേക്കാൾ കുറഞ്ഞ നിരക്കിലാവും ജലഗതാഗത വകുപ്പിൻ്റെ യാത്ര ഒരുക്കുന്നത്. നേരെ കടവ് മാക്കേ കടവ് പാലം തുറക്കുന്നതോടെ വൈക്കത്തെ ബോട്ട് സർവ്വീസിൽ ഗണ്യമായ വരുമാന കുറവ് ഉണ്ടാകാനുള്ള സാധ്യത കൂടി മുന്നിൽ കണ്ടാണ് ജലഗതാഗത വകുപ്പിൻ്റെ ഈ നീക്കം എന്നാണ് സൂചന. എന്നാൽ വൈക്കത്ത് ബോട്ടുകൾ കേടാകുന്നത് പതിവായതോടെ ടൂറിസം രംഗത്തേക്ക് കൂടി കടക്കുന്നതോടെ യാർഡ് ഒരുക്കാതെ തന്നെയുള്ള ബോട്ടുകളുടെ അറ്റകുറ്റ പണികൾ കൂടി വൈക്കത്ത് നടത്താൻ സൗകര്യ മൊരുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.