> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# 'നാലുകെട്ടും നിളയും' ഫോട്ടോഗ്രാഫി പ്രദർശനം നാളെ കെ. ബിനിമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും
- URL: https://www.vaikomvartha.com/vaikom-news-88/
- Published: 2026-09-25T12:24:30.000Z
- Updated: 2026-09-25T12:34:12.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: എം.ടി. വാസുദേവൻ നായരുടെ പ്രശസ്തമായ 'നാലുകെട്ട്' എന്ന നോവലിനെ ആസ്പദമാക്കി തയ്യാറാക്കിയ 'നാലുകെട്ടും നിളയും' എന്ന ഫോട്ടോഗ്രാഫിക് പഠന പരമ്പരയുടെ പ്രദർശനം നാളെ (സെപ്റ്റംബർ 26) മുതൽ വൈക്കം ഡിസൈൻസ് മീഡിയ ആർട്ട് ഗാലറിയിൽ ആരംഭിക്കുന്നു. നീണ്ട രണ്ടര വർഷക്കാലം കൊണ്ട് എം.ടിയുടെ ജന്മദേശമായ കൂടല്ലൂരിൽ തങ്ങി, നോവലിലെ വരികളെയും അന്തരീക്ഷത്തെയും മുൻനിർത്തി ക്യാമറയിൽ പകർത്തിയ പ്രശസ്ത ലിറ്ററേച്ചർ ഫോട്ടോഗ്രാഫർ ഡി. മനോജിന്റെ ചിത്രങ്ങളാണ് പ്രദർശനത്തിലുളളത്. അദ്ദേഹം തയ്യാറാക്കിയ 'നാലുകെട്ടും നിളയും' എന്ന ഫോട്ടോഗ്രാഫിക് സമാഹാര പുസ്തകത്തിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട 50 പ്രധാന ചിത്രങ്ങളാണ് ഗാലറിയിൽ ഒരുക്കിയിരിക്കുന്നത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000720434-12.jpg)

കേരള സിലബസ് പ്ലസ് വൺ മലയാളം പാഠപുസ്തകത്തിൽ 'ആസ്വാദനത്തിന്റെ അടരുകൾ' എന്ന അധ്യായമായി ഈ ഫോട്ടോഗ്രാഫി പരമ്പരയിലെ ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ തന്നെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്ക് അവരുടെ പഠനത്തിനും സാഹിത്യാസ്വാദനത്തിനും ഏറെ സഹായകരമാകുന്ന രീതിയിലാണ് ഈ പ്രദർശനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. നാളെ ഉച്ചയ്ക്ക് 2.30-ന് ബഷീർ സ്മാരക ട്രസ്റ്റ്‌ സെക്രട്ടറി ഡോ.സി.എം കുസുമൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ വൈക്കം എം.എൽ.എ കെ. ബിനിമോൻ ആർട്ട് ഗാലറിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. തുടർന്ന് പ്രശസ്ത കവിയും നിരൂപകനുമായ കെ.വി. പ്രസന്നകുമാർ 'നാലുകെട്ടും നിളയും' ഫോട്ടോഗ്രാഫി പ്രദർശനം ഉദ്ഘാടനം ചെയ്യും.

ഒക്ടോബർ 5 വരെയാണ് പ്രദർശനം തുടരുക. സ്കൂളുകളിൽ നിന്നും ഗ്രൂപ്പുകളായി എത്തുന്ന വിദ്യാർത്ഥികൾക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്ത് പ്രവേശനം ഉറപ്പാക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടിയുള്ള ബുക്കിംഗിനും ബന്ധപ്പെടുക: 9447706504