> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നേരേകടവ് - മാക്കേകടവ് പാലം ഉദ്ഘാടനം വൈകും: നിർമ്മാണം ഒക്ടോബർ 15-ഓടെ പൂർത്തിയാകും
- URL: https://www.vaikomvartha.com/vaikom-news-91/
- Published: 2026-09-26T01:55:22.000Z
- Updated: 2026-09-26T01:55:22.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News, Kottayam

വൈക്കം: കെ.എസ്.ഇ.ബി കേബിൾ സ്ഥാപിക്കൽ യഥാസമയം പൂർത്തിയാകാത്തതിനെ തുടർന്ന് നേരേകടവ് - മാക്കേകടവ് പാല നിർമ്മാണം കരാർ കാലാവധിയായ ഈ മാസം 30-നകം പൂർത്തിയാകില്ല. ഇതേത്തുടർന്ന് കരാർ കാലാവധി 15 ദിവസം കൂടി നീട്ടി നൽകാൻ നടപടിയെടുക്കുമെന്ന് സ്ഥലം സന്ദർശിച്ച മോൻസ് ജോസഫ് അറിയിച്ചു. കെ. ബിനിമോൻ എം.എൽ.എക്കൊപ്പമാണ് അദ്ദേഹം പാലത്തിൽ പരിശോധന നടത്തിയത്.

പാലത്തിന്റെയും സമീപന പാതയുടെയും ടാറിംഗ് ജോലികളാണ് നിലവിൽ മുടങ്ങിയിരിക്കുന്നത്. വലിയ കേബിൾ റോളുകൾ പാലത്തിലിട്ട് സ്ലാബുകൾ നീക്കിയാണ് കെ.എസ്.ഇ.ബി പ്രവൃത്തികൾ നടത്തുന്നത്. ഇതാണ് നിർമ്മാണം വൈകാൻ കാരണമെന്ന് കരാർ കമ്പനി പരാതിപ്പെട്ടു. കേബിൾ സ്ഥാപിക്കൽ ഒരു ആഴ്ചയ്ക്കകം പൂർത്തിയാക്കണമെന്നും, തൊട്ടടുത്ത ദിവസം തന്നെ ടാറിംഗ് ആരംഭിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. കേബിൾ പണി തീർന്നാൽ മൂന്നോ നാലോ ദിവസത്തിനകം ടാറിംഗ് പൂർത്തിയാക്കാമെന്ന് കരാറുകാർ വ്യക്തമാക്കി. അങ്ങനെയെങ്കിൽ ഒക്ടോബർ 15-ഓടെ പാലം സജ്ജമാകും. ഒക്ടോബർ പകുതിയോടെ പാലം തുറന്നു കൊടുക്കാൻ സാധിക്കുമെന്ന് കെ. ബിനിമോൻ എം.എൽ.എ അറിയിച്ചെങ്കിലും, മുഖ്യമന്ത്രി അടക്കമുള്ളവരെ പങ്കെടുപ്പിച്ചുള്ള ഔദ്യോഗിക ഉദ്ഘാടന തീയതി തീരുമാനിച്ചിട്ടില്ല.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000723016-6.jpg)

അതേസമയം, പാലം തുറന്നാലും റോഡ് നിർമ്മാണം പൂർത്തിയാകാത്തത് വലിയ ഗതാഗത പ്രതിസന്ധിക്ക് കാരണമാകുമെന്ന് മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി. ആസൂത്രണം ചെയ്ത രീതിയിൽ റോഡ് നിർമ്മാണം നടക്കാത്തതാണ് പ്രതിസന്ധിയായത്. വിഷയം മുഖ്യമന്ത്രി, റവന്യൂ, പൊതുമരാമത്ത് മന്ത്രിമാർ എന്നിവരുമായി ചർച്ച ചെയ്യും. ഉദയനാപുരത്തേക്കുള്ള റോഡരികിലെ തോടിന്റെ ഭാഗം സംരക്ഷിക്കുന്നതിന് ഇറിഗേഷൻ വകുപ്പ് പഠനം നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.