> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# 'നാലുകെട്ടും നിളയും' ഫോട്ടോഗ്രാഫി പ്രദർശനം കെ. ബിനിമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു
- URL: https://www.vaikomvartha.com/vaikom-news-97/
- Published: 2026-09-26T13:15:00.000Z
- Updated: 2026-09-26T16:19:45.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: എം.ടി. വാസുദേവൻ നായരുടെ പ്രശസ്തമായ 'നാലുകെട്ട്' എന്ന നോവലിനെ ആസ്പദമാക്കി തയ്യാറാക്കിയ 'നാലുകെട്ടും നിളയും' എന്ന ഫോട്ടോഗ്രാഫിക് പഠന പരമ്പരയുടെ പ്രദർശനത്തിന് തുടക്കമായി. വൈക്കം ഡിസൈൻസ് മീഡിയ ആർട്ട് ഗാലറി വൈക്കം എം.എൽ.എ കെ. ബിനിമോൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. ബഷീർ സ്മാരക ട്രസ്റ്റ്‌ സെക്രട്ടറി ഡോ.സി.എം കുസുമൻ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് പ്രശസ്ത കവിയും നിരൂപകനുമായ കെ.വി. പ്രസന്നകുമാർ ഫോട്ടോഗ്രാഫി പ്രദർശനം ഉദ്ഘാടനം ചെയ്തു. 

'നാലു കെട്ട്' എന്ന നോവലിലെ വരികളെയും അന്തരീക്ഷത്തെയും പശ്ചാത്തലമാക്കി ലിറ്ററേച്ചർ ഫോട്ടോഗ്രാഫർ ഡി. മനോജ് തയ്യാറാക്കിയ 'നാലുകെട്ടും നിളയും' എന്ന ഫോട്ടോഗ്രാഫിക് സമാഹാര പുസ്തകത്തിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട 50 പ്രധാന ചിത്രങ്ങളാണ് ഗാലറിയിൽ ഒരുക്കിയിരിക്കുന്നത്. കേരള സിലബസ് പ്ലസ് വൺ മലയാളം പാഠപുസ്തകത്തിൽ 'ആസ്വാദനത്തിന്റെ അടരുകൾ' എന്ന അധ്യായമായി ഈ ഫോട്ടോഗ്രാഫി പരമ്പരയിലെ ചിത്രങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ തന്നെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്ക് അവരുടെ പഠനത്തിനും സാഹിത്യാസ്വാദനത്തിനും ഏറെ സഹായകരമാകും. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000728089.jpg)

ഉദ്ഘാടന ദിനമായ ഇന്ന് ആശ്രമം ഹയർ സെക്കണ്ടറി സ്ക്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികൾ എക്സിബിഷൻ കാണുന്നതിന് എത്തിയിരുന്നു. കുട്ടികൾക്കായി പ്ലസ് വൺ മലയാളം പാഠപുസ്തകത്തിലെ 'ആസ്വാദനത്തിൻ്റെ അടരുകൾ' എന്ന അധ്യായത്തെ ആസ്പദമാക്കി ഡി. മനോജ് ക്ലാസ് എടുത്തു. പ്രദർശനം ഒക്ടോബർ 5 വരെ തുടരും. സ്ക്കൂളുകളിൽ നിന്ന് വിദ്യാർത്ഥികൾക്ക് പ്രദർശനം കാണുന്നതിനായി മുൻകൂട്ടി 9447706504 എന്ന നമ്പറിൽ അറിയിക്കണം.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000720432-8.jpg)