> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കിഴക്കൻ വെള്ളത്തിൻ്റെ വരവിൽ വൈക്കത്തെ താഴ്ന്ന പ്രദേശങ്ങൾ  മുങ്ങുന്നു
- URL: https://www.vaikomvartha.com/vaikom-news-a/
- Published: 2026-08-03T17:02:56.000Z
- Updated: 2026-08-03T17:02:56.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കത്ത് തലയോലപറമ്പ്, ഉദയനാപുരം മറവൻതുരുത്ത്, കല്ലറ പഞ്ചായത്തുകളിലെ താഴ്ന്നപ്രദേശങ്ങൾ ദുരിതമഴയിലെ കിഴക്കൻ വെള്ളത്തിൻ്റെ വരവിൽ മുങ്ങുന്നു. തലയോലപറമ്പ് പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളായ കോരിക്കൽ, പഴമ്പെട്ടി, തേവലക്കാട്, ചക്കാല, കോലത്താർ, മാത്താനം തുടങ്ങിയ സ്ഥലങ്ങളിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് 16 കുടുംബങ്ങളിലെ 29പേരെ എ.ജെ ജോൺ മെമ്മോറിയൽ ഗവൺമെൻ്റ് സ്‌കൂളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു.

 50ഓളംകുടുംബങ്ങളെ പാർപ്പിക്കാനുള്ള സജ്ജീകരണം ഇവിടെയുള്ളത്. കിഴക്കൻ വെള്ളത്തിൻ്റെ വരവ് ശക്തിപ്പെട്ടതും മഴതുടരുന്നതും കണക്കിലെടുത്ത് ആവശ്യമെങ്കിൽ ഡി.ബി കോളജിലും ക്യാമ്പ് തുടങ്ങുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് വേലിക്കകം പറഞ്ഞു. ഉദയനാപുരത്ത് വൈക്ക പ്രയാർ, വാഴമന, പടിഞ്ഞാറക്കര പ്രദേശങ്ങളിൽ കിഴക്കൻ വെള്ളം കയറുകയാണ്. ഉദയനാപുരം പഞ്ചായത്തിലെ വല്ലകം സെൻ്റ് മേരീസ് സ്കൂളിലെ ക്യാമ്പിൽ 75 കുടുംബങ്ങളിലെ 156 പേർ എത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡൻറ് കെ.ജി രാജു അറിയിച്ചു. വൈക്കം നിയോജകമണ്ഡലത്തിലെ 5 കേന്ദ്രങ്ങളിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. വൈകിട്ട് വരെ 37 കുടുംബങ്ങൾ ക്യാമ്പുകളിൽ എത്തിയിട്ടുണ്ടെന്നാണ് കണക്ക്. രാത്രിയോടെ എന്നാൽ കൂടുതൽ പേർ എത്തിയിട്ടുണ്ട്. തലയോലപ്പറമ്പ് എ.ജെ ജോൺ സ്കൂളിൽ 16 കുടുംബങ്ങളും, കുലശേഖരമംഗലം മറവന്തുരുത്ത് പഞ്ചായത്തിലെ മറവന്തുരുത്ത് യു.പി സ്കൂളിൽ ഒരു കൂടുംബവും, കല്ലറ പഞ്ചായത്തിലെ എസ്.എസ്.വി. യു.പി സ്കൂളിൽ ഒരു കുടുംബവും, മുട്ടുചിറ ആയാംകുടി യു.പി.എസിൽ ഒരു കുടുംബവും ക്യാമ്പിൽ എത്തിച്ചേർന്നതായി ആണ് വൈകിട്ട് എം.എൽ.എ കെ. ബിനിമോൻ്റെ ഓഫിസ് അറിയിച്ചത്. കെ. ബിനിമോൻ എം.എൽ.എ, പാല ആർ.ഡി.ഒ ഷാഹിദ രാമകൃഷ്‌ണൻ, തഹസിൽദാർ എസ്.കെ ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാമ്പു എന്നിവരും പഞ്ചായത്ത് പ്രസിഡൻ്റുമാരും ജനപ്രതിനിധികളും ക്യാമ്പ് സന്ദർശിച്ചു.