> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അഷ്ടമി ഒരുക്കങ്ങളുമായി വൈക്കം നഗരസഭ: റോഡ് നവീകരണവും വഴിവിളക്കുകളുടെ പരിപാലനവും തുടങ്ങി
- URL: https://www.vaikomvartha.com/vaikom-news-ashtami-2/
- Published: 2026-10-13T00:25:16.000Z
- Updated: 2026-10-14T07:24:44.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News

വൈക്കം: വൈക്കത്തഷ്ടമിയുടെ ആചാര ചടങ്ങുകൾക്ക് ഒരു ദിനം മാത്രം ബാക്കി നിൽക്കെ അഷ്ടമി ഒരുക്കങ്ങളുമായി നഗരസഭ സജീവമാകുന്നു. നാളെ കഴിഞ്ഞാൽ ക്ഷേത്രത്തിൽ അഷ്ടമിയുടെ പ്രാരംഭ ചടങ്ങായ പുള്ളി സന്ധ്യവേല കോപ്പുതൂക്കലാണ്. നഗരത്തിലെ ഓടകളുടെ ശുചീകരണം നഗരസഭ തുടങ്ങി. വഴിവിളക്കുകൾ പൂർണ്ണമായി തെളിക്കാനും നഗരത്തിലെ പ്രധാന റോഡുകൾ ടാറിംഗ് നടത്തിയുള്ള അറ്റകുറ്റ പണികൾക്കും നടപടികളായി. ഏതാനും റോഡുകൾക്കൊഴികെ കരാർ നൽകിക്കഴിഞ്ഞു. വർക്ക് ഓർഡർ നൽകിയാൽ ഉടൻ പണിതുടങ്ങി അഷ്ടമിക്ക് മുമ്പായി തുറക്കാനാണ് തീരുമാനം. 

പതിറ്റാണ്ടുകളായി തകർന്ന് കിടക്കുന്ന റോഡുകളും വിവാദമുയർത്തിയ അയുർവേദ ആശുപത്രി റോഡുമടക്കം അഷ്ടമിക്ക് മുമ്പായി പണിതീർക്കുമെന്ന് നഗരസഭ ചെയർമാൻ അബ്ദുൽസലാം റാവുത്തർ അറിയിച്ചു. നഗരസഭാ പ്രദേശങ്ങളിൽ നിന്ന് ക്ഷേത്രത്തിലേക്കെത്തുന്ന എല്ലാ റോഡുകളും കൊടിയേറ്റിന് മുമ്പായി തന്നെ പണി തീർക്കും. കാലാക്കൽ റോഡ്, ടൗൺഹാൾ റോഡ്, പോലീസ് ക്വാട്ടേഴ്സ് റോഡ്, കോവിലകത്തുംകടവ് റോഡ് തുടങ്ങിയ 29 നഗരസഭ റോഡുകളാണ് നഗരസഭ ടാറിംഗ് നടത്തി യാത്രായോഗ്യമാക്കുന്നത്. കൃത്യമായി പദ്ധതി വെച്ച്, പദ്ധതി അംഗീകാരം വാങ്ങി ഉടനെ തന്നെ നഗരസഭ റോഡ് നവീകരിക്കാൻ നടപടിയെടുക്കുകയായിരുന്നു. ക്ഷേത്ര പരിസരത്തെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികൾ ഏതാണ്ട് പൂർത്തിയായി.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000739471-34.jpg)

റോഡുകളുടെ വർക്ക് ഓഡറുകൾ നൽകുന്നതിനുള്ള നടപടികളാണ് നഗരസഭയിൽ പുരോഗമിക്കുന്നത്. ദീർഘവർഷങ്ങളായി തകർന്നുകിടന്ന നിരവധി നഗരസഭ റോഡുകളടക്കമാണ് സമയബന്ധിതമായി നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തറിൻ്റെ ഇടപെടലിൽ യാത്രയോഗ്യമാകുന്നത്. നഗരസഭയിലെ 50 ഓളം റോഡുകളുടെ അറ്റകുറ്റപ്പണിക്കും ടാറിംഗിനുമാണ് ഇത്തവണത്തെ പദ്ധതിയിൽ അനുമതി ലഭിച്ചിരിക്കുന്നത്. അതിൽ പകുതിയിലധികം റോഡുകളും ഇത്തവണ അഷ്ടമിയുത്സവത്തിന് മിനുങ്ങുമെന്നാണ് നഗരസഭയുടെ ഉറപ്പ്.