> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്തിൻ്റെ ജലവിഭവ മേഖലയിൽ സമഗ്ര വികസനം ഉടൻ; മോൻസ് ജോസഫ്
- URL: https://www.vaikomvartha.com/vaikom-news-mons-joseph/
- Published: 2026-08-28T14:25:30.000Z
- Updated: 2026-09-01T11:53:35.000Z
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: വൈക്കത്തിൻ്റെ ജലവിഭവ മേഖലയിൽ സമഗ്ര വികസനം വൈകാതെ സാദ്ധ്യമാകുമെന്ന് സംസ്ഥാന ജലവിഭവ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് പറഞ്ഞു. എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ്റെ നേതൃത്വത്തിൽ വൈക്കം ആശ്രമം മൈതാനിയിൽ നടന്ന ഗുരുജയന്തി സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മോൻസ് ജോസഫ്. കുടിവെള്ള വിതരണത്തിൻ്റെ കാര്യത്തിൽ വൈക്കം വലിയ ദൗർലഭ്യം നേരിടുന്നുണ്ട്. കെ.ബിനിമോൻ എം.എൽ.എ ഇക്കാര്യം ഉന്നയിച്ചതിനെ തുടർന്ന് അടിയന്തിര പരിഗണന വേണ്ട വിഷയങ്ങൾ പരിഹരിക്കാനായിട്ടുണ്ട്. എന്നിരുന്നാലും ഇനിയും ഈ രംഗത്ത് ഓട്ടേറെ കാര്യങ്ങൾ വൈക്കത്ത് ചെയ്യാനുണ്ട്. അതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. ജലാശയങ്ങളിൽ പായലും മാലിന്യവും മണ്ണും എല്ലാം അടിഞ്ഞുകൂടിയതും നീരൊഴുക്കില്ലാതെ വെള്ളപ്പൊക്ക ദുരിതം ഏറെനേരിടുന്ന പ്രദേശങ്ങളിൽ ഒന്നാണ് വൈക്കം. വൈക്കം ഉൾപ്പെടുന്ന അപ്പർകുട്ടനാട്ടിലെയും കുട്ടനാട്ടിലെയും വെള്ളപ്പൊക്ക ഭീഷണി ഇല്ലാതാക്കാൻ വർഷാവർഷം നടത്തുന്ന പൊടിക്കൈകൾ കൊണ്ട് സാദ്ധ്യമാകില്ല. അതിന് വലിയ പണം മുടക്കിയുള്ള ബൃഹദ് പദ്ധതിയാണ് വേണ്ടത്. അത് സർക്കാരിൻ്റെ സജീവ പരിഗണനയിലാണെന്നും മോൻസ് പറഞ്ഞു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000660425-23.jpg)

മനുഷ്യൻ ഏത് കാലത്തും നേരിടുന്ന എല്ലാ വെല്ലുവിളികളെയും നേരിടാൻ നമുക്ക് ആത്മവിശ്വാസം പകരുന്ന ഗുരുദേവ സന്ദേശങ്ങൾ ഭാരതീയ ദർശനങ്ങളുടെ ആകെത്തുകയാണെന്നും ലോകത്തിനാകെ വഴികാട്ടിയാണെന്നും സമ്മേളനത്തിൽ ചതയദിന സന്ദേശം നൽകിയ മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. ഗുരുദർശനങ്ങൾ മുറുകെ പിടിക്കുന്നത് മനുഷ്യത്വത്തെയാണ്. കാലം വളർത്തിയേക്കാവുന്ന ആസുരതകളെ മുന്നിൽ കണ്ടാണ് ആ മഹാ ദർശനങ്ങൾ ഗുരുദേവൻ നമുക്ക് നൽകിയതെന്നും മോൻസ് ജോസഫ് പറഞ്ഞു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡൻ്റ് പി.വി.ബിനേഷ് അദ്ധ്യക്ഷനായിരുന്നു. കെ. ബിനി മോൻ എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ കെ.ജി.അബ്ദുൾ സലാം റാവുത്തർ എന്നിവർ പ്ര സംഗിച്ചു. യൂണിയൻ സെക്രട്ടറി എം.പി.സെൻ സ്വാഗതവും വൈസ് പ്രസിഡൻ്റ് കെ.വി.പ്രസന്നൻ നന്ദിയും പറഞ്ഞു.