> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നവതിയുടെ നിറവിൽ എൻ.എസ്.എസ് യൂണിയൻ
- URL: https://www.vaikomvartha.com/vaikom-news-n-s-s/
- Published: 2026-10-13T13:52:10.000Z
- Updated: 2026-10-13T13:52:10.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News

വൈക്കം: നവതിയുടെ നിറവിൽ വൈക്കം താലൂക്ക് എൻ.എസ്.എസ് യൂണിയൻ സാമൂഹിക സാമ്പത്തിക സുരക്ഷിതത്വത്തിനുള്ള വിപുലമായ കർമ്മപരിപാടികൾ ആവിഷ്‌കരിക്കുന്നു. നവതി ആഘോഷത്തിന്റെ ഭാഗമായി ഒരു കരയോഗത്തിൽ ഒരു സംരംഭമെങ്കിലും വേണമെന്ന സന്ദേശവുമായി 15ന് സംരംഭക സൗഹൃദ യാത്രക്ക് തുടക്കമിടുമെന്ന് യൂണിയൻ പ്രസിഡൻ്റ് പി.ജി.എം നായർ കാരിക്കോട് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

ബ്രഹ്മമംഗലം 927-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ നിന്നാണ് യാത്രയുടെ തുടക്കം. രണ്ട് മാസം കൊണ്ട് പൂർത്തിയാകുന്ന യാത്ര എല്ലാ കരയോഗങ്ങളിലും എത്തും. യൂണിയൻ ഭാരവാഹികൾ നേതൃത്വം വഹിക്കുന്ന യാത്ര ഓരോ കരയോഗത്തിലും സംരംഭകരെയും താല്പര്യമുള്ളവരെയും കണ്ട് ചർച്ചകൾ നടത്തി സഹായങ്ങൾ ഉറപ്പാക്കിയാകും രണ്ടുമാസത്തെ യാത്ര അവസാനിക്കുക. യൂണിയൻ്റെ ആദ്യ പ്രസിഡൻ്റായിരുന്ന വി.കെ വേലപ്പൻ മുതൽ നിലവിലെ പ്രസിഡൻ്റ് പി.ജി.എം നായർ കാരിക്കോട് വരെയുള്ള 9 പേരുടെ കീഴിലെ യൂണിയൻ്റെ വളർച്ചയിൽ 97 കരയോഗങ്ങളാണ് ഒപ്പമുള്ളത്. യൂണിയൻ്റെ നവതി ആഘോഷങ്ങൾക്ക് മുന്നോടിയായി ഒരു വർഷം നീണ്ടുനിന്ന മന്നം നവോത്ഥാന സൂര്യൻ പദ്ധതി നടപ്പിലാക്കിയിരുന്നു. രണ്ടാം വർഷം വികസന പദ്ധതികളാണ് യൂണിയൻ ലക്ഷ്യമിടുന്നത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000720434-56.jpg)

യുവാക്കൾക്കായി യുവത്വം വിവേകാനന്ദം പദ്ധതി, വയോധികർക്കായി സ്നേഹസ്പർശം, നിർധന കുടുംബങ്ങൾക്കായുള്ള എൻ്റെ ഭൂമി എൻ്റെ വീട്, വിവാഹ സഹായം തുടങ്ങി എട്ടോളം മാതൃകാ പദ്ധതികളാണ് യൂണിയൻ നവതി ആഘോഷത്തിന്റെ ഭാഗമായി നടപ്പാക്കുന്നത്. ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം, കരയോഗ, യൂണിയൻ തലങ്ങളിൽ ഹ്യൂമൻ റിസോഴ്സ് സെൻ്ററുകൾ, ആധ്യാത്മിക വിഭാഗം തുടങ്ങിയ തലങ്ങളിലും ഡിജിറ്റലൈസേഷൻ, സോളാർ സ്ഥാപിക്കൽ പദ്ധതികളിലും യൂണിയൻ പ്രവർത്തനങ്ങൾ ശ്രദ്ധേയമാവുകയാണെന്ന് നേതാക്കൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ യൂണിയൻ വൈസ് പ്രസിഡൻ്റ് പി. വേണുഗോപാൽ, സെക്രട്ടറി അഖിൽ ആർ. നായർ, എൻ. മധു, വി. ജയകുമാർ, പി.എൻ. രാധാകൃഷ്ണൻ, സി.എൻ. ഓമന, പി.എസ്. വേണുഗോപാൽ, എസ്. ഹരിദാസൻ നായർ, കെ. അജിത്ത്, എസ്. മുരുകേഷ് എന്നിവരും പങ്കെടുത്തു.