> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്ത് പെട്രോൾ പമ്പിൽ ഗുരുതര സുരക്ഷാ വീഴ്ച
- URL: https://www.vaikomvartha.com/vaikom-petrol-pump-safety/
- Published: 2026-06-23T17:09:35.000Z
- Updated: 2026-06-23T17:40:35.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

വൈക്കം: വലിയ കവലയിൽ ഇ.വി.ആർ സ്മാരകത്തിന് സമീപം ആശുപത്രി റോഡിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിൽ ഗുരുതര സുരക്ഷാ വീഴ്ച കണ്ടതിനെ തുടർന്ന് അഗ്നിരക്ഷസേന പമ്പ് താൽക്കാലികമായി അടച്ചു. ഇന്ന് സന്ധ്യയോടെയാണ് പരിശോധനയിൽ ഇവിടെ പെട്രോൾ ചോർച്ച കണ്ടത്. 

പമ്പിനുള്ളിൽ പുറത്തായി എട്ടോളം വലിയ കുടിവെള്ള ടാങ്കുകളിൽ നിറച്ചു വച്ചിരുന്ന പെട്രോളിൽ ആയിരുന്നു ചോർച്ച ഉണ്ടായത്. ചോർച്ച ഉണ്ടായ സമയത്തും നിരവധി വാഹനങ്ങളിൽ ഇവിടെ പെട്രോൾ നിറച്ച് നൽകുകയായിരുന്നു. ചില വാഹന യാത്രക്കാർ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചതിനെ തുടർന്നായിരുന്നു സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ സന്ധ്യയോടെ ചോർച്ച കണ്ടെത്തിയത്. തുടർന്ന് വിതരണം നിർത്തിവയ്ക്കുകയായിരുന്നു. എന്നാൽ പമ്പിലെ ഭൂമിക്കടിയിലെ ടാങ്കിൽ വെള്ളം കയറിയപ്പോൾ മാറ്റിയ പെട്രോൾ ആണ് പുറത്ത് കുടിവെള്ള ടാങ്കുകളിൽ നിറച്ചു വെച്ചിരുന്നതാണ് പമ്പുടമ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഇവിടെ വെള്ളം കയറിയ പെട്രോൾ വിതരണം ചെയ്തതായി പരാതിയുണ്ടായിരുന്നു. ഇതേത്തുടർന്ന് ടാങ്ക് ക്ലീൻ ചെയ്തപ്പോൾ മാറ്റിയ പെട്രോൾ ആണ് പുറത്ത് എട്ടോളം ചെറുതും വലുതുമായ കുടിവെള്ള ടാങ്കുകളിൽ യാതൊരു മാനദണ്ഡവും പാലിക്കാതെ അപകടകരമായി സൂക്ഷിച്ചിരുന്നത്. വൈക്കത്ത് യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് ചില പെട്രോൾ പമ്പുകൾ പ്രവർത്തിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പമ്പിലുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയ ശേഷം ചോർച്ച കണ്ടെത്തിയ ടാങ്കിലെ പെട്രോൾ മാറ്റിയ ശേഷമാണ് അഗ്‌നിരക്ഷാസേന മടങ്ങിയത്. തിരക്കേറിയ പമ്പിൽ അപകടകരമായ നിലയിൽ കുടിവെള്ള ടാങ്കുകളിൽ പെട്രോൾ നിറച്ചു വെച്ചിട്ടും ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് ആക്ഷേപം ഉയരുന്നത്.