> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# എസ്.എൻ.ഡി.പി വേദികളിലെ സ്ഥിരം സാന്നിധ്യം; ഗുരുസ്തവം കാണാതെ ചൊല്ലി കയ്യടി നേടി ഈ പതിനേഴുകാരി
- URL: https://www.vaikomvartha.com/vaikom-sndp-newsi/
- Published: 2026-08-29T11:55:38.000Z
- Updated: 2026-08-29T11:55:38.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: എസ്.എൻ.ഡി.പി യൂണിയൻ്റെ പ്രധാന പരിപാടികളിൽ എട്ട് വർഷമായി പ്രാർത്ഥനാഗീതമായ ഗുരുസ്തപം ചൊല്ലുന്നത് ഒരു ഇസ്ലാം മതക്കാരിയാണ്. വൈക്കം പുളിന്തറയിൽ ഫൈസൽ - ഫൗസി ദമ്പതികളുടെ മകളായ ഫിദഫാത്തിമ്മയാണ് കഴിഞ്ഞ എട്ടു വർഷമായി ഒരു നിയോഗം പോലെ സമ്മേളന വേദികളിൽ ഈ പ്രാർത്ഥന ചൊല്ലുന്നത്. എസ്.എൻ.ഡി.പി യുടെ ആശ്രമം സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുമ്പോൾ കിട്ടിയ ഈ നിയോഗവുമായി സ്കൂൾ വിട്ടശേഷം ഈ ചതയദിനത്തിലും ഫിദ പ്രാർത്ഥന ചൊല്ലാനെത്തി. എട്ടാം വയസിൽ പാട്ട് പഠിക്കാൻ തുടങ്ങിയ ഫിദ അധ്യാപകരുടെ നിർദ്ദേശത്തിലാണ് ആറാം ക്ലാസിൽ പഠിക്കുമ്പോൾ ആദ്യമായി ചതയദിന സമ്മേളനത്തിൽ ഗുരുസ്തപം ചൊല്ലിയത്. 

പിന്നീട് തുടർച്ചയായ എട്ടാം വർഷവും ഗുരുജയന്തി സമ്മേളനത്തിൽ ആ നിയോഗവുമായെത്താൻ കഴിഞ്ഞതിൻ്റെ നിറവിലാണ് ഫിദഫാത്തിമ്മ യും കുടുംബവും. ആറ് ഖണ്ഡികകളായി ഇരുപത്തി നാല് വരികളുള്ള നാരായണ മൂർത്തേ ഗുരു നാരായണ മൂർത്തേ എന്ന് തുടങ്ങുന്ന പ്രാർത്ഥന കാണാതെ പഠിച്ചാണ് ഫിദ ചൊല്ലുന്നത്. രണ്ടാമതായി യൂണിയൻ ഓഫിസിൽ നടന്ന പരിപാടിയിൽ ഈ പ്രാർത്ഥന കേട്ട വെള്ളാപ്പള്ളി നടേശൻ ഫിദയെ അടുത്ത് വിളിച്ച് ആദരിച്ചിരുന്നു. വെള്ളപ്പള്ളി മാത്രമല്ല സമ്മേളനങ്ങളിലെത്തിയ മുൻ സ്പീക്കർ രാമകൃഷണൻ , വി.എൻ. വാസവൻ മുൻപോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ തുടങ്ങിയ വിശിഷ്ടാധികളായി എത്തിയവരെല്ലാം ഫിദയുടെ പ്രാർത്ഥന ഗീതാലാപനത്തിന് അഭിനന്ദന മറിയിച്ചിട്ടുണ്ട്. സ്കൂളിൽ നടത്തിയ മെഗാതിരുവാതിരക്കും ഫിദ പാട്ട് പാടിയിട്ടുണ്ട്.കഴിഞ്ഞ വർഷം സ്കൂൾ പഠനം കഴിഞ്ഞ ഫിദ നീറ്റ് പരീക്ഷക്കുള്ള തയ്യാറെടുപ്പിലാണ്. പ്രളയ, കോവിഡ് കാലമൊഴിച്ച് എട്ട് വർഷമായി ചതയദിന സമ്മേളനത്തിലടക്കമുള്ള എസ്.എൻ.ഡി.പി യുടെ പ്രധാന പരിപാടികളിൽ ഗുരുസ്തപം ചൊല്ലാൻ കഴിഞ്ഞതിൻ്റെ നിറവിൽ തനിക്ക് കിട്ടിയ അംഗീകാരങ്ങളുടെ നടുവിലാണ് നീറ്റ് പരിക്ഷക്ക് തയ്യാറെടുക്കുന്ന ഈ പതിനേഴുകാരി.