> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്തിന്റെ ടൂറിസം കുതിപ്പിന് പ്രതീക്ഷയേകി തണ്ണീർമുക്കം പദ്ധതി
- URL: https://www.vaikomvartha.com/vaikom-tourisam/
- Published: 2026-09-04T10:31:12.000Z
- Updated: 2026-09-11T13:50:53.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News, Vaikom Featured 2

വെച്ചൂർ: തണ്ണീർമുക്കം ബണ്ടിൻ്റെ മൺചിറകളിൽ ഇറിഗേഷൻ ടൂറിസം പദ്ധതി തുടങ്ങാൻ ആലോചിക്കുമെന്ന് മന്ത്രി മോൻസ് ജോസഫിൻ്റെ പ്രഖ്യാപനത്തിൻ്റെ പ്രതീക്ഷ വൈക്കത്തെ ടൂറിസം മേഖലക്ക് ഉണർവ്വാകുകയാണ്. തണ്ണീർ മുക്കം ബണ്ടിനോട് ചേർന്നുള്ള ഇറിഗേഷൻ വക സ്ഥലവും മൺ ചിറകളും പ്രയോജപ്പെടുത്തിയുള്ള പദ്ധതിയാണ് മന്ത്രിയുടെ പരിഗണനയിലുള്ളത്. 

എന്നാൽ നിലവിൽ ബണ്ടിന്റെ മധ്യഭാഗത്തായുള്ള മൺചിറകളിൽ നിരവധി യാത്രക്കാരാണ് തമ്പടിക്കുന്നത്. കുമരകത്തെത്തുന്ന വിദേശ, സ്വദേശ സഞ്ചാരികളും കായൽ സൗന്ദര്യം നുകരാൻ ഇവിടെയെത്തുന്നുണ്ട്. തണ്ണീർമുക്കം ബണ്ടിലെ വിനോദ സഞ്ചാരസാധ്യത ചൂണ്ടിക്കാട്ടി  
പദ്ധതി തയ്യാറാക്കണമെന്ന പൊതു ജനങ്ങളുടേയും ജനപ്രതിനിധികളുടേയും ഏറെക്കാലമായ ആവശ്യത്തിനാണ് മന്ത്രിയുടെ പ്രഖ്യാപനത്തോടെ പ്രതീക്ഷയാകുന്നത്. കായലിന് കുറുകെയുള്ള തണ്ണീർമുക്കം ബണ്ടിൽ നിന്നുള്ള കായൽ കാഴ്ച വേറിട്ട അനുഭവമാണ് സഞ്ചാരികൾക്ക് നൽകുന്നത്. വെച്ചൂർ പഞ്ചായത്തിന്റെ പരിധിയിലുള്ള സ്ഥലത്ത് വിനോദ സഞ്ചാരികൾക്ക് ഇളനീരും ഐസ് ക്രീമുമൊക്കെ നൽകാൻ വഴിയോര കച്ചവടക്കാരും നിരന്നിട്ടുണ്ട്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000694189.jpg)

ഒരു വർഷം മുമ്പ് ഇറിഗേഷൻ വകുപ്പ് ഇവിടെയുള്ള കച്ചവടക്കാരെ ഒഴിപ്പിച്ചിരുന്നു. എന്നാൽ സഞ്ചാരികൾ ഇവിടം ഒഴിയാതെ വന്നതോടെ വീണ്ടും കച്ചവടക്കാർ എത്തി. നാട്ടുകാർ ഇവിടെ സ്പീഡ് ബോട്ടുകൾ അടക്കം ഒരുക്കി കായൽ സഞ്ചാരത്തിനും അവസരമൊരുക്കിയിട്ടുണ്ട്. കുമരകത്തു നിന്ന് ഹൗസ് ബോട്ടിൽ എത്തുന്ന സഞ്ചാരികൾക്കും ഇവിടെ ഇറങ്ങി ബണ്ടിലെ കാഴ്ചകൾ ആസ്വദിക്കാനാവും. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000690400-9.jpg)

നിലവിൽ ബണ്ടിൻ്റെ സമീപം വരെ എത്തി ഹൗസ് ബോട്ടുകൾ മടങ്ങുന്ന സ്ഥിതിയാണുള്ളത്. മന്ത്രിയുടെ പ്രസ്താവന നൽകിയ പ്രതീക്ഷയുടെ ഉണർവിലാണ് ഇവിടുത്തെ നാട്ടുകാരും സഞ്ചാരികളും.