> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ
- URL: https://www.vaikomvartha.com/vaikom-vadakkenada-school/
- Published: 2026-06-01T12:30:27.000Z
- Updated: 2026-06-02T05:57:48.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: വൈക്കത്തെ വടക്കേനട പെൺ പള്ളിക്കൂടത്തിൻ്റെ പേര് മാറുന്നു. ആറര പതിറ്റാണ്ടിന് ശേഷം ആൺകുട്ടികൾക്കും ഇരിപ്പിടം നൽകിയതോടെയാണ് പെൺകുട്ടികളുടേത് മാത്രമായിരുന്ന വൈക്കം വടക്കേനട ഗവൺമെൻറ് ഹയർ സെക്കൻ്ററി ഗേൾസ് സ്കൂൾ വടക്കേനട ഗവണ്മെൻ്റ് ഹയർ സെക്കൻ്ററി സ്കൂളായി മാറുന്നത്. പെൺപള്ളിക്കുടത്തിൽ ആദ്യ പ്രവേശനം നേടിയ ആൺകുട്ടിയായ മുഹമ്മദിന് പ്രത്യേക സമ്മാനം നൽകിയാണ് സ്കൂൾ വരവേറ്റത്.

0:00 

/1:59 

1× 

ഈ അധ്യയന വർഷമാണ് ഇവിടെ ആൺകുട്ടികൾക്കു കൂടി പ്രവേശനം നൽകിയത്. 1962ൽ പെൺപള്ളിക്കൂടമായി തുടങ്ങിയ സ്കൂളിലാണ് ഈ ചരിത്രം മാറ്റം.അഞ്ചു മുതൽ 10 വരെയുള്ള ക്ലാസുകളിലാണ് ആൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഈ വർഷം ആദ്യ അധ്യയന ദിനത്തിൽ 26 ആൺകുട്ടികളാണ് പഠിക്കാൻ എത്തിയത്. ഇവർക്കും പുതിയതായി എത്തിയ വിദ്യാർത്ഥികൾക്കും ഹൃദ്യമായ സ്വീകരണമാണ് സ്കൂൾ ഒരുക്കിയത്. അധ്യാപകരും പി.ടി.എ ഭാരവാഹികളും നഗരസഭ അംഗങ്ങളും ചേർന്ന് ഇവരെ വരവേറ്റു. പ്രവേശനോൽസവ ഘോഷയാത്രയിൽ മുൻനിര സ്ഥാനം നൽകിയാണ് ഇവരെ ക്ലാസുകളിൽ പ്രവേശിപ്പിച്ചത്. പ്രത്യേകം തയ്യാറാക്കിയ കവാടത്തിൽ അധ്യാപകർ പൂക്കൾ നൽകി സ്വീകരിച്ചു. അങ്ങനെ പെൺകുട്ടികളുടെ മാത്രമായിരുന്ന ഇരിപ്പിടങ്ങളിൽ ആദ്യമായി ആൺകുട്ടികളും സ്ഥാനം പിടിച്ചു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000566136-1.jpg)

ചരിത്ര മാറ്റത്തിൻ്റെ തുടക്കക്കാരായ ആൺ കുട്ടികളെയും പുതിയ വിദ്യാർത്ഥികളെയും സ്വീകരിക്കാൻവൈക്കം എം.എൽ.എ. കെ. ബിനിമോനും, നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തറും എത്തിയിരുന്നു. നിലവിൽ 232 വിദ്യാർത്ഥികൾ ഉള്ള വടക്കേനട ജി.ജി.എച്ച്.എസ്.എസ് ൻ്റെ ഒരു 'ജി ' മാറ്റി വടക്കേനട ജി.എച്ച്.എസ്.എസ് എന്ന പേരിലാവും ഇനി അറിയപ്പെടുന്നത്.