> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ വൈക്കം വിജയലക്ഷ്മി
- URL: https://www.vaikomvartha.com/vaikom-vijayalakshmi/
- Published: 2026-07-18T20:48:26.000Z
- Updated: 2026-07-18T21:02:07.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

വൈക്കം: കർക്കിടകം കേമായെന്നും കർക്കിടക തുടക്കത്തിലെ സമ്മാനമെന്നും മികച്ച ഗായികക്കുള്ള ദേശീയ ചലചിത്ര പുരസ്കാരം നേടിയ വൈക്കം വിജയലക്ഷ്മി. ജനം ഹിറ്റാക്കിയ ഗാനത്തിന് ദേശീയ പുരസ്കാരം ലഭിച്ചതിൻ്റെ ആഹ്ലാദത്തിലും അപ്രതീക്ഷിത സമയത്തെ പുരസ്ക്കാരമെന്നാണ് വൈക്കം വിജയലക്ഷ്മി പറയുന്നത്. 

അവാർഡ് പ്രഖ്യാപനം എന്നാണ് അറിഞ്ഞില്ലായിരുന്നു. മാസം കഴിഞ്ഞാണ് പ്രഖ്യാപനം എന്നാണ് വിചാരിച്ചിരുന്നത്. ഉദയനാപുരത്തെ നാദബ്രഹ്മം എന്ന വീട്ടിൽ അച്ഛൻ വി. മുരളിക്കും അമ്മ പി വിമലക്കും ഒപ്പം വിശ്രമ ദിന മൂഡിലായിരുന്നു വിജയലക്ഷ്മി. അതിനിടെയാണ് എറണാകുളത്തു നിന്ന് അഭിനന്ദന വിളിയെത്തിയത്. ജിതിൻ ലാൽ സംവിധാനം ചെയ്ത എ.ആർ.എം (അജയൻ്റെ രണ്ടാമത്തെ മോഷണം) എന്ന ചിത്രത്തിൽ മനു രഞ്ജിത്ത് രചിച്ച് ദീപു നൈനാൻ തോമസ് സംഗീതം നൽകിയ 'അങ്ങുവാന കോണിലെ മിന്നി നിന്നോരമ്പിളി' എന്നു തുടങ്ങുന്ന ഗാനമിറങ്ങിയതോടെ ഹിറ്റായി മാറിയെന്ന് വിജയലക്ഷ്മി പറഞ്ഞു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000602924-71.jpg)

ഈ ഗാനത്തിന് അവാർഡ് ലഭിക്കുമെന്ന് ചലച്ചിത്ര രംഗത്തെ സുഹൃത്തുക്കളടക്കം പറഞ്ഞിരുന്നു. ഒരു താരാട്ടുപാട്ടും നാടൻ പാട്ടും പല ഭാവ തലങ്ങളും ഇഴചേർത്ത പാട്ടാണെന്നും അതുകൊണ്ടാവാം അവാർഡ് കിട്ടിയതെന്നു കരുതുന്നതെന്ന് വിജയ ലക്ഷ്മി പറഞ്ഞു. അഞ്ചു ഭാഷകളിലായി ചിത്രീകരിച്ച ഓട്ടൻതുള്ളൽ, മധുരമീ ജീവിതം തുടങ്ങിയ സിനിമകളിലാണ് ഒടുവിൽ പാടിയത്. അവാർഡ് വിവരമറിഞ്ഞ് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ, സംവിധായകൻ കമൽ എന്നിവരടക്കം വിളിച്ച് അഭിനന്ദിച്ചു. ഇനി ഗന്ധർവ ഗായകനായ ദാസേട്ടൻ്റെ രാത്രിയിലെ വിളിക്കായി കാത്തിരിക്കുകയാണ് വിജയലക്ഷ്മി.