> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് 12 കാരിക്ക് ഷോക്കേറ്റു
- URL: https://www.vaikomvartha.com/vechoor-news-2-3/
- Published: 2026-08-07T16:51:49.000Z
- Updated: 2026-08-10T07:40:07.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News

വൈക്കം: വെച്ചൂരിൽ 12 കാരിക്ക് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റു. കോണിത്തറ രാജേഷിന്റെ മകൾ 12 കാരിയായ അരുന്ധതിക്കാണ് ഷോക്കേറ്റത്. വലത് കൈയ്യിൽ പൊള്ളലേറ്റ അരുന്ധതി കോട്ടയം കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെയായിരുന്നു അപകടം. 

രാവിലെ വീട്ടിൽ നിന്ന് വെള്ളക്കെട്ടിൽ ആയ വഴിയിലൂടെ പത്രം എടുക്കാൻ പോയപ്പോഴാണ് പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റത്. വീട്ടിലേക്കുള്ള വഴിയിൽ വെള്ളക്കെട്ട് ആയതിനാൽ സമീപത്തെ വീട്ടിലായിരുന്നു പത്രമിട്ടിരുന്നത്. ഇതെടുക്കാനായി വെള്ളക്കെട്ടിലൂടെ വരുന്ന വഴിയിൽ തെന്നി വീണപ്പോൾ പിടിച്ചത് പൊട്ടിവീണ വൈദ്യുതി കമ്പിയിലായിരുന്നു. ഈ സമയം അതുവഴി വന്ന മുച്ചൂർകാവ് സ്വദേശിയായ ബിജു എന്ന ചെത്തുതൊഴിലാളി കണ്ടതാണ് രക്ഷയായത്. ഇയാൾ ഒച്ച ഇട്ടതോടെ സമീപവാസി ഇറങ്ങിവന്ന് മടലുകൊണ്ട് അടിച്ച് കമ്പി വേർപെടുത്തിയാണ് രക്ഷപ്പെടുത്തിയത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000616255-40.jpg)

ബോധം നഷ്ടപ്പെട്ട കുട്ടിയെ നാട്ടുകാർ ഉടനെ പ്രഥമ ശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിച്ചതാണ് രക്ഷയായത്. വൈദ്യുതി കമ്പിയുടെ ഒരു ഭാഗം ദ്രവിച്ച് പൊട്ടിത്തുങ്ങിയ നിലയിലായിരുന്നു. ഇരുമ്പ് വേലിയിലേക്കാണ് കമ്പിവീണിരുന്നത്. ഭാഗ്യം കൊണ്ടാണ് കൂടുതൽ പേർക്ക് ഷോക്കേൽക്കാതിരുന്നത്. വെള്ളക്കെട്ടിന് സമീപമാണ് ആണ് കമ്പി പൊട്ടിവീണത്. ഇവിടുത്തെ വൈദ്യുതി ലൈനിൻ്റെ ഫീസ് അര കിലോമീറ്റർ മാറി വെള്ളം നിറഞ്ഞ പ്രദേശത്ത് ആയതിനാൽ വൈദ്യുതി ഓഫീസിൽ അറിയിച്ച ശേഷം മാത്രമാണ് വൈദ്യുതി ബന്ധം വിശ്ചേദിക്കാനായത്. ഇടയാഴം എസ്.ബി.ടി വളക്കുളം റോഡിൽ നീണ്ടിശ്ശേരി ക്ഷേത്രത്തിനു സമീപമാണ് വൈദ്യുതി കമ്പി പൊട്ടിവീണ്  
അപകടം ഉണ്ടായത്.