> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് സാധനങ്ങൾ കടത്തിയതായി ആക്ഷേപം
- URL: https://www.vaikomvartha.com/vechoor-news-3/
- Published: 2026-08-14T07:51:04.000Z
- Updated: 2026-08-14T18:12:56.000Z
- Description: വൈക്കം: വെച്ചൂരിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് സാധനങ്ങൾ കടത്തിയതായി ആക്ഷേപം.
- Author: എസ്. സതീഷ്കുമാർ
- Tags: Main News

വൈക്കം: വെച്ചൂരിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് സാധനങ്ങൾ കടത്തിയതായി ആക്ഷേപം. ക്യാമ്പിന്റെ സന്നദ്ധ പ്രവർത്തകനായി ഉണ്ടായിരുന്ന ഒരു ഇടതുപക്ഷ പ്രവർത്തകൻ കൂടിനകത്ത് ക്യാമ്പിൽ എത്തിച്ച സാധനങ്ങൾ കടത്തിയെന്നാണ് ആക്ഷേപം. ഇത് സാധൂകരിക്കുന്ന രീതിയിലുള്ള സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് വെച്ചൂരിലെ കോൺഗ്രസ് മണ്ഡലം നേതൃത്വം പരാതി നൽകി. ക്യാമ്പ് പിരിച്ചുവിട്ട ദിവസം ഞായറാഴ്ചത്തെ സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

ക്യാമ്പ് പിരിച്ച് വിട്ടശേഷം വൈകിട്ട് സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ ഈ ക്യാമ്പിലെ സ്റ്റോർ റൂമിൽ ഒളിപ്പിച്ചിരുന്ന വസ്തുകൾ ആരോപണ വിധേയൻ സ്കൂട്ടറിൽ എത്തി ഒരു കൂട്ടിൽ എടുത്തു കൊണ്ടു പോകുന്നതാണ് ദൃശ്യത്തിലുള്ളത് എന്നാണ് പരാതിക്കാരുടെ ആക്ഷേപം. ക്യാമ്പ് പിരിച്ചുവിട്ട സമയത്ത് സ്റ്റോർ റൂമിൽ ഉണ്ടായിരുന്ന സാധനങ്ങൾ ക്യാമ്പിൽ കഴിഞ്ഞിരുന്നവർക്ക് തന്നെ കൊടുക്കണം എന്നതിൽ ചെറിയ തർക്കമുണ്ടായിരുന്നു. പിന്നീട് അത് അവർക്ക് തന്നെ നൽകാനും തീരുമാനവുമെടുത്തിരുന്നു. ഇതിൽ ഒളിപ്പിച്ച് വച്ച പുതപ്പുകളടക്കമുള്ളവയാണ് ഇയാൾ കടത്തിയതെന്നാണ് സംശയിക്കുന്നതെന്ന് കോൺഗ്രസ് പ്രവർത്തകർ പറയുന്നു. സി.പി.എം പ്രവർത്തകരാണ് ക്യാമ്പിൽ പ്രധാനമായും സേവനത്തിന് ഉണ്ടായിരുന്നത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000650890-8.jpg)

ക്യാമ്പിൽ സംഭാവനയായി കിട്ടിയ പുതപ്പുകളും തുണികളും അടക്കമുള്ള വസ്തുക്കളാണ് മുറിയിൽ സൂക്ഷിച്ചിരുന്നത്. മുറിയുടെ താക്കോൽ മടക്കി ഏൽപ്പിച്ചാണ് ഇയാൾ സഞ്ചിയുമായി മടങ്ങിയത്. സ്റ്റോർ റൂമിൻ്റെ താക്കോൽ ഇയാളുടെ പക്കൽ വന്നത് എങ്ങനെയെന്നതും ദുരൂഹമാണ്. ഇവിടെ നിന്ന പല തവണ സാധനങ്ങൾ കടത്തിയതായും പരാതിക്കാർ പറയുന്നുണ്ട്. ആരോപണ വിധേയനായ വ്യക്തി സി.പി.എം വെച്ചൂർ വെസ്റ്റ് മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ്. കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്ഥനുമാണ്. എന്നാൽ പരാതി അടിസ്ഥാന രഹിതമാണെന്നും ക്യാമ്പ് പിരിച്ച് വിട്ട് ഉദ്യോഗസ്ഥരടക്കം മുറികളിൽ പരിശോധന നടത്തിയതാണെന്നും ക്യാമ്പിൽ സേവനം ചെയ്ത ആളിൻ്റെ തന്നെ ഡ്രസുകളാണ് സഞ്ചിയിൽ എടുത്തുകൊണ്ടു പോയതെന്നുമാണ് സി.പി.എം വൈക്കം ഏരിയ സെക്രട്ടറി പി. ശശിധരൻ്റെ വിശദീകരണം. ഞായറാഴ്ച്ച നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടു ഇന്നലെയാണ് രേഖമൂലമുള്ള ഒരു പരാതി പോലീസിനു നൽകിയിരിക്കുന്നത്. പഞ്ചായത്തിലാകട്ടെ പരാതിയൊന്നും ലഭിച്ചില്ലെന്നും പറയുന്നു.