> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല
- URL: https://www.vaikomvartha.com/vechoor-news-9/
- Published: 2026-10-15T14:29:54.000Z
- Updated: 2026-10-16T02:48:58.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News, Breaking News

വൈക്കം: വെച്ചൂരിൽ ഇടിമിന്നലിൽ വലിയ മരം നെടുകെ പിളർന്നുവീണു. വെച്ചൂർ ഈട്ടുംപുറം കട്ടമടയിലാണ് ഉച്ചയ്ക്ക് ഒരു മണിയോടെ ഉഗ്രശബ്ദത്തോടെ ഇടിമിന്നൽ ഉണ്ടായത്. ഈ സമയത്ത് മഴ ഉണ്ടായിരുന്നില്ല. മുച്ചൂർക്കാവ് കട്ടമട പാലം റോഡരികിലെ സജീർ എന്നയാളുടെ പറമ്പിൽ നിന്ന മരമാണ് നെടുകെ പിളർന്നുവീണത്. ഈ പറമ്പിൽ വീടുണ്ടായിരുന്നില്ല. 20 മീറ്റർ മാറി പാവിന്നയിൽചിറ മഞ്ജേഷ് കുമാറിൻ്റെ വീട്ടിൽ കുട്ടികളടക്കം കുടുംബാംഗങ്ങൾ ഉണ്ടായിരുന്ന സമയത്താണ് ഇടിമിന്നൽ ഉണ്ടായത്. ആർക്കും പരിക്കില്ല. 

ഉഗ്രശബ്ദത്തോടെയുള്ള ഇടിവെട്ടിയപ്പോൾ ഈ വീട്ടിൽ ഉണ്ടായിരുന്നവരും പ്രദേശവാസികളും എറെ നേരം ഭീതിയിലായതോടെ വീടിനുള്ളിൽ കയറി സുരക്ഷിതരായിരുന്നു. പിന്നീട് പുറത്തിറങ്ങിയപ്പോഴാണ് മരം പിളർന്നുവീണത് കണ്ടത്. എന്നാൽ വെച്ചൂരിൽ ശക്തമായ ഇടിമിന്നൽ ഉണ്ടായപ്പോൾ വൈക്കം നഗരപ്രദേശത്ത് ഇടിമുഴക്കം ഉണ്ടായില്ല. ഇന്ന് തുലാവർഷം എത്തുമെന്ന് മുന്നറിയിപ്പിനൊപ്പം ശക്തമായ ഇടിമിന്നൽ മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000735751-7.jpg)