> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ദേവീവിലാസം സ്കൂളിൽ വൻ ദുരന്തഭീഷണി: അശാസ്ത്രീയ നിർമ്മാണവും മൺകൂനകളും കുട്ടികളുടെ ജീവന് ഭീഷണിയാകുന്നു
- URL: https://www.vaikomvartha.com/vechoor-news-vaikom-kottayam/
- Published: 2026-08-16T02:08:48.000Z
- Updated: 2026-08-18T06:51:19.000Z
- Description: വൈക്കം: സ്കൂൾ കെട്ടിടം പണിയുന്ന കരാറുകാരന്റെ അനാസ്ഥ മൂലം ഒരു സ്കൂളിലെ വിദ്യാർത്ഥികൾ വൻ ദുരന്ത ഭീഷണിയിൽ.
- Author: എസ്. സതീഷ്കുമാർ
- Tags: Main News, Kottayam

വൈക്കം: സ്കൂൾ കെട്ടിടം പണിയുന്ന കരാറുകാരന്റെ അനാസ്ഥ മൂലം ഒരു സ്കൂളിലെ വിദ്യാർത്ഥികൾ വൻ ദുരന്ത ഭീഷണിയിൽ. വൈക്കം വെച്ചൂരിലെ ദേവീ വിലാസം സ്കൂളിലാണ് കെട്ടിട നിർമ്മാണ കരാറുകാരന്റെ കുറ്റകരമായ അനാസ്ഥ കുട്ടികളുടെ ജീവനു ഭീഷണിയാകുന്നത്. 

കെട്ടിട നിർമ്മാണത്തിന്റെ ഭാഗമായി സ്കൂൾ കെട്ടിടത്തിന് മേലെ ഉയരത്തിൽ വിദ്യാർത്ഥികൾ ഇരിക്കുന്നതിന് സമീപം വൻ മണൽ കൂനകൾ കൂട്ടിയിട്ടിരിക്കുന്നത് അപകട ഭീഷണിയാകുന്നത്. മഴയിൽ കല്ലും മണ്ണും കെട്ടിടത്തിലേക്ക് കുത്തിയൊലിച്ച് വീഴുന്ന സ്ഥിതിയാണ്. ഉരുൾപൊട്ടലിന് സമാനമായ അപകടസാധ്യതയാണ് ഇവിടെയുള്ളത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000664373.jpg)

സ്കൂളിലെ എൽ.പി, യു.പി ക്ലാസുകൾക്ക് സമീപമാണ് ഈ അപകടാവസ്ഥ മാസങ്ങളായി തുടരുന്നത്. 400 ഓളം കുട്ടികൾ രണ്ടുമാസമായി കനത്ത മഴയിൽ ഈ അപകടാവസ്ഥയിലാണ് ഇവിടെ പഠിക്കുന്നത്. കിഫ്ബി പദ്ധതിയിൽ മൂന്നു കോടി 90 ലക്ഷം മുടക്കി ഹയർ സെക്കൻഡറി വിഭാഗത്തിനായുള്ള ഇരുനില നിർമ്മാണമാണ് ഇവിടെ വർഷങ്ങളായി മുടങ്ങിക്കിടക്കുന്നത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000660614-6.jpg)

ഇതിനിടെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കരാറുകാരൻ പണിക്കാരുമായി എത്തി പണി തുടങ്ങിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും പണി നിർത്തി. കരാറുകാരന്റെ ജോലിക്കാരടക്കം സ്കൂളിൽ താമസിച്ചതോടെ ക്ലാസ് മുറികളും കുട്ടികളുടെ ശുചിമുറികൾ അടക്കം വൃത്തിഹീനമാക്കി ഉപയോഗശൂന്യമായ നിലയിലും ആയി. ശുചിമുറികളുടെ ടാങ്കുകൾ നിറഞ്ഞൊഴുകി കുഞ്ഞുകുട്ടികൾ ദുർഗന്ധം പരക്കുന്ന സാഹചര്യത്തിലാണ് ക്ലാസ് മുറികളിൽ ഇരുന്നു പഠിക്കുന്നത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000662689-1.jpg)

വിദ്യാഭ്യാസ വകുപ്പും ജനപ്രതിനിധികളും ആവശ്യപ്പെട്ടിട്ടും അപകട സ്ഥിതിയിലായിരിക്കുന്ന ഈ മൺകൂനകൾ നീക്കാൻ കരാറുകാരൻ തയ്യാറായിട്ടില്ല. ഇത് ചോദ്യം ചെയ്ത മുൻ ഹെഡ്മാസ്റ്ററെ കരാറുകാരൻ ഭീഷണിപ്പെടുത്തിയതായി പി.ടി.എ ഭാരവാഹികൾ പറഞ്ഞു. ഉന്നത സ്വാധീനത്തിന്റെ പിൻബലത്തിലാണ് കരാറുകാരന്റെ ധിക്കാരപരമായ പെരുമാറ്റം എന്നാണ് പരാതി. അശാസ്ത്രീയമായ നിർമ്മാണമൂലം സപീത്തെ ഒരു സ്കൂൾ കെട്ടിടത്തിന്റെ അടിത്തറ തകർന്ന് സ്കൂൾ കെട്ടിടം ഉപയോഗശൂന്യമായി. ഇതിനിടെയാണ് കാറ്റും വെളിച്ചവും കയറാത്ത രീതിയിൽ മൺകൂനകൾ ക്ലാസ് മുറികൾക്ക് സമീപം കൂട്ടിയിരിക്കുന്നത് യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് ഇവിടെ നിർമ്മാണം നടത്തിയത് എന്നാണ് ആക്ഷേപം. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000654725-7.png)

സ്കൂൾ മുറികളോട് ചേർന്ന് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ നെറ്റ് വലിച്ചു കെട്ടിയാണ് മറച്ചിരിക്കുന്നത്. ഈ നെറ്റ് തകർത്താണ് മൺകുനയിൽ നിന്ന് കല്ലും മണ്ണും ക്ലാസ് മുറികളിലേക്ക് കുത്തിയൊലിക്കുന്നത്. നിലവിൽ ഒരു മഴ കഴിഞ്ഞാൽ മണ്ണും കല്ലും നീക്കം ചെയ്ത ശേഷമാണ് കുട്ടികളെ പഠിപ്പിക്കുന്നത് സർക്കാർ ഇടപെട്ട് അടിയന്തിര നടപടിയെടുത്തില്ലെങ്കിൽ വൻ ദുരന്തസാധ്യതയാണ് ഇവിടെയുള്ളത്. നിലവിൽ മാനദണ്ഡപ്രകാരം പ്രവർത്തിക്കാൻ കഴിയാത്ത രീതിയിലാണ് കുഞ്ഞു കുട്ടികളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന സ്ഥിതിയിൻ ഇവിടെ ക്ലാസുകൾ നടക്കുന്നത്.