> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അനാസ്ഥ വിതച്ച ദുരിതം
- URL: https://www.vaikomvartha.com/vechoor-news-vaikom/
- Published: 2026-08-07T14:44:54.000Z
- Updated: 2026-08-08T05:33:19.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News

വൈക്കം: മഴകനത്തതും കിഴക്കൻ വെള്ളത്തിൻ്റെ വരവും ശക്തമായതോടെ വെച്ചൂരിലെ 1357 ഹെക്ടർ നെൽപാടം മടവീഴ്ചാ ഭീഷണിൽ. വെച്ചൂരിലെ മുന്നൂറ്റും പടവ്, പൊന്നങ്കരി, നല്ലാനിക്കൽ, പട്ടടക്കരി, അരങ്ങത്ത്കരി, ഇട്ടിയേക്കാടൻകരി, ചെറുവള്ളിക്കരി തുടങ്ങിയ പാടശേഖരങ്ങളിലെ പുറംബണ്ടുകൾ കവിഞ്ഞൊഴുകാൻ തുടങ്ങി. 

മണ്ണിട്ടു മണൽ ചാക്ക് അടുക്കിയും രാപകൽ കാവൽ നിൽക്കുകയാണ് കർഷകർ. വിതച്ച് 30 മുതൽ 35 ദിവസം വരെയെത്തിയ കൃഷിയും 20 ദിവസം പിന്നിട്ട നെൽചെടികളുമുള്ള പാടങ്ങളിലാണ് മടവീഴ്ചാ ഭീഷണിയിലായത്. വെച്ചൂരിൽ 30 പാടശേഖരങ്ങളിലായി 1337 ഹെക്ടർ നെൽകൃഷിയാണുള്ളത്. ജലാശങ്ങൾ പാടശേഖരങ്ങളുമായി ബന്ധപ്പെട്ട ചില തോടുകളിൽ നീരൊഴുക്ക് തടസപ്പെടുത്തുന്ന മണ്ണും ചെളിയും പോളപായലും അടിഞ്ഞതാണ് മറ്റൊരു ഭീഷണി.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000650987-1.jpg)

കൊടുത്തുരുത്ത് മുച്ചൂർക്കാവ് തോടിൻ്റെ മദ്ധ്യത്തിൽ ചെളിയും മാലിന്യവും നിറഞ്ഞ് അടഞ്ഞത് പൊന്നം കേരി, കോലാം പുറത്ത് കരി, കാട്ടുകരി, പുത്തൻ കരി, പൂവത്തിക്കരി എന്നീ പാടശേഖരങ്ങളിൽ വെള്ളം കയറാൻ കാരണമായിട്ടുണ്ട്. ഏക്കറിന് 10000രൂപയോളം ഇതിനകം കർഷകർക്ക് പാടത്തിറക്കിയിട്ടുണ്ട്. ചില തോടുകളിലെ തടസം നീക്കാൻ ഇന്ന് നടപടി തുടങ്ങിയിട്ടുണ്ട്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000616255-39.jpg)

പുഴകളിൽ ജലനിരപ്പ് ഉയരുന്നതും മഴക്കെടുതി മൂലമുള്ള വൈദ്യുതി മുടക്കം പമ്പിംഗ് തടസപ്പെടുത്തുന്നതുമാണ് കർഷകരിൽ ആശങ്ക നിറക്കുന്നത്. പാലാ ആർ.ഡി.ഒയും പഞ്ചായത്ത് നേതൃത്വവും പാടങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.