> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വെച്ചൂരിൽ കുടിവെള്ളം കിട്ടാക്കനി: ഉദ്യോഗസ്ഥരെ ഉപരോധിച്ച് ജനപ്രതിനിധികൾ
- URL: https://www.vaikomvartha.com/vechoor-panchayat-3/
- Published: 2026-07-09T14:34:20.000Z
- Updated: 2026-07-09T15:32:08.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News

വെച്ചൂർ: ഒരാഴ്ചയായി വെച്ചൂർ പഞ്ചായത്തിൽ കുടിവെള്ളം നൽകാത്തതിൽ പ്രതിഷേധവുമായി പഞ്ചായത്ത് അംഗങ്ങൾ ജലവിതരണ വകുപ്പ് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചു. വെച്ചൂർ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു അജിയുടെ നേതൃത്വത്തിലാണ് രാഷ്ട്രീയ ഭേദമില്ലാതെ പഞ്ചായത്ത് അംഗങ്ങൾ വൈക്കം ജലവിതരണവകുപ്പ് ഓഫിസിലെത്തിയത്. 

ജലവിതരണത്തിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് വെച്ചൂർ പഞ്ചായത്തിലെ 14 വാർഡുകളിൽ കുടിവെള്ളം കിട്ടാത്തതിന് കാരണമെന്നാണ് പരാതി. നിരവധി തവണ പരാതി പറഞ്ഞിട്ടും ചർച്ച നടത്തിയിട്ടും ഉദ്യോഗസ്ഥർ അനാസ്ഥ തുടരുകയാണെന്ന് പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു. നാലു വാൽവ് ക്രമീകരിച്ച് ഓരോ ടേണുകളിലായാണ് വെച്ചൂർ പഞ്ചായത്തിലെ 14 വാർഡുകളിലായി കുടിവെള്ള വിതരണം ക്രമീകരിക്കുന്നത്. എന്നാൽ ജലവിതരണത്തിൽ മേൽനോട്ടം ഇല്ലാത്തതിനാൽ ചിലയിടങ്ങളിൽ യഥേഷ്ടം വെള്ളം കിട്ടുമ്പോൾ മാസങ്ങളായി കുടിവെള്ളം കിട്ടാത്ത വീടുകൾ ഉണ്ടെന്നാണ് പഞ്ചായത്തിൻ്റെ പരാതി. ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുമെന്ന് പലതവണ വാക്ക് നൽകിയിട്ടും ഉദ്യോഗസ്ഥർ പാലിച്ചില്ല. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000602924-25.jpg)

മാത്രവുമല്ല പലയിടങ്ങളിലും കുടിവെള്ളം കിട്ടി തുടങ്ങുമ്പോൾ തന്നെ മാന്നാർ, തുറു വേലിക്കുന്ന്, കൂവം എന്നിവിടങ്ങളിലേക്കുള്ള വാൽവ് തുറക്കുന്നതോടു കൂടി പഞ്ചായത്തിൽ കുടിവെള്ളം വിതരണം നിലക്കുന്ന സ്ഥിതിയാകും. വിതരണം നിയന്ത്രിക്കുന്നവരുടെ ഏകോപനം ഇല്ലാത്തതും ഉദ്യോഗസ്ഥ അനാസ്ഥയും ആണ് പഞ്ചായത്തിൽ കുടിവെള്ളം മുടക്കുന്നതെന്നാണ് ആക്ഷേപം. ഇതോടെ കൂടുതൽ വാർഡുകൾ ഉള്ള കൈപ്പുഴമുട്ട്, മഞ്ചാടിക്കരി, കളരിക്കൽ, ചക്രപ്പുരക്കൽ തുടങ്ങിയ മേഖലകളിൽ കുടിവെള്ളം കിട്ടാക്കനിയായി മാറുകയാണ്. ഉദ്യോഗസ്ഥരും ജീവനക്കാരുമായി ചർച്ച ചെയ്തു പ്രശ്നപരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പിനെ തുടർന്നാണ് പഞ്ചായത്ത് അംഗങ്ങൾ ഉപരോധം അവസാനിപ്പിച്ചത്. ഉപരോധ സമരത്തിന് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു അജിയെ കൂടാതെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ. അഭിഷേക്, പഞ്ചായത്ത് അംഗങ്ങളായ ശ്രീദേവി വിജയൻ, വി.ടി ജയശ്രീ, ടി.ഡി ഗീത, ഷൈജു കുഞ്ഞുമോൾ, മിനിമോൾ കോട്ടയ്ക്കൽ, ഇ.എം അമലേന്ദു, പി.ആർ. രജീഷ്, രാകേഷ് പഞ്ചാരി എന്നിവർ നേതൃത്വം നൽകി.