> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വെച്ചൂരിലെ കുടിവെള്ളക്ഷാമം: വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ പഞ്ചായത്ത് ഭരണസമിതി ഉപരോധിച്ചു
- URL: https://www.vaikomvartha.com/vechor-water-authority/
- Published: 2026-03-30T16:09:01.000Z
- Updated: 2026-03-30T16:09:01.000Z
- Description: ആർ. സുരേഷ്ബാബു
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

വൈക്കം: വെച്ചൂർ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ വൈക്കം വാട്ടർ അതോറിറ്റി അസിസ്റ്റൻഡ് എക്സിക്യൂട്ടിവ് എൻജിനിയർ, അസിസ്റ്റൻഡ് എൻജിനിയർ എന്നിവരെ ഉപരോധിച്ചു. പഞ്ചായത്തിലെ കുടിവെള്ളം ക്ഷാമം പരിഹരിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് അസിസ്റ്റൻഡ് എക്സിക്യൂട്ടിവ് എൻജിനിയർ എൻ. നൂർജഹാൻ ഉറപ്പ് നല്കിയതിന്നെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു. കഴിഞ്ഞ മൂന്നു മാസമായി പഞ്ചായത്തിലെ 14 വാർഡുകളിലും, ഏകദേശം 10 - 12 ദിവസം കൂടുമ്പോഴാണ് കുടിവെള്ളം കിട്ടുന്നതെന്ന് ഭരണ സമിതിയംഗങ്ങൾ ആരോപിച്ചു. പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് പല പ്രാവിശ്യം ആവശ്യപ്പെട്ടിട്ടും നടപടിയാകത്ത സാഹചര്യത്തിലാണ് ഉപരോധം നടത്തിയത്. പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു അജി, ആരോഗ്യ വിദ്യാഭ്യാസ ചെയർ പേഴ്സൺ ടി.ഡി. ഗീത, മെമ്പർമാരായ മോഹൻദാസ് വെച്ചൂർ, എസ്. മനോജ്കുമാർ, ഇ.എം. അമലേന്ദു എന്നിവർ ഉപരോധ സമരത്തിൽ പങ്കെടുത്തു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/03/1000473066-7.jpg)

മേവെള്ളൂരിൽ നിന്നും ലഭിക്കുന്ന കുടിവെള്ളം തലയോലപറമ്പിൽ ഡി.ബി കോളേജിനു സമീപമുള്ള പത്തര ലക്ഷം ലിറ്റർ കൊള്ളുന്ന ടാങ്കിൽ ശേഖരിച്ച് അവിടെ നിന്നും നേരിട്ട് വൈക്കം മുനിസിപ്പാലിറ്റിക്കും എഴു പഞ്ചായത്തുകൾക്കുമായി നൽകുകയാണ് പതിവ് എന്ന് അസിസ്റ്റൻഡ് എക്സിക്യൂട്ടിവ് എൻജിനിയർ എൻ. നൂർജഹാൻ, അസിസ്റ്റൻഡ് എൻജിനിയർ സി.കെ. നിഷ എന്നിവർ അറിയിച്ചു. വെചൂർ പഞ്ചായത്തിനെ പുത്തൻ പാലം, അംബിക മാർക്കറ്റ്, ശാസ്ത ക്കുളം - ഈട്ടുമ്പുറം, കൈപ്പുഴ മുട്ട് എന്നി നാലു സോണുകളായി തിരിച്ച് റോട്ടെഷൻ അടിസ്ഥാനത്തിൽ കുടിവെള്ളം നല്കിയിരുന്നു. നേരിട്ട് പംമ്പിഗ് നടത്തുമ്പോൾ ഉണ്ടാകുന്ന തടസ്സവും കറണ്ട് പോകുന്നതും കടുത്ത വേനലിനെ തുടർന്ന് കുടിവെള്ളത്തിന്റെ ഉപയോഗം കൂടിയതുമാണ് ജലക്ഷാമം ഉണ്ടാകുവാനിടയായതെന്നും കുടിവെള്ള വിതരണം കാര്യക്ഷമാക്കുവാൻ നടപടി സ്വീകരിച്ചതായും അസിസ്റ്റൻഡ് എക്സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു.