> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വെളളക്കെട്ട്: രണ്ടു ജില്ലകളിൽ പ്രളയസമാന സാഹചര്യം
- URL: https://www.vaikomvartha.com/vellllkketttt-rnnttu-jillklli-prllysmaan-saahcryn/
- Published: 2026-08-05T08:16:46.000Z
- Updated: 2026-08-06T15:18:03.000Z
- Description: കോട്ടയം: മധ്യകേരളത്തിൽ രാവിലെയും മഴ ശക്തമായതോടെ കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ദുരിതമേറുന്നു. നിരവധി കുടുംബങ്ങൾ വീടു വിട്ടിറങ്ങുകയാണ്.
- Author: എസ്. സതീഷ്കുമാർ
- Tags: Latest News

കോട്ടയം: മധ്യകേരളത്തിൽ രാവിലെയും മഴശക്തമായതോടെ കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ദുരിതമേറുന്നു. നിരവധി കുടുംബങ്ങൾ വീടു വിട്ടിറങ്ങുകയാണ്. മദ്ധ്യകേരളത്തിൽ രാവിലെ ശക്തമായ മഴ തുടരുന്നതോടെയാണ് കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പ്രളയസമാനമായ സാഹചര്യം തുടരുന്നത്. കോട്ടയം നഗരത്തിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.  
തിരുവാർപ്പ്, അയ്മനം, ഇല്ലിക്കൽ, കുമരകം, നാട്ടകം, കോടിമത, നാഗമ്പടം, ചുങ്കം തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം അതിരൂക്ഷമായ സ്ഥിതിയാണ്. ഇവിടങ്ങളിൽ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറിയതോടെ ജനജീവിതം പാടെ ദുസ്സഹമായി. കനത്ത മഴയിൽ ഇല്ലിക്കലിൽ സ്കൂളിന്റെ സംരക്ഷണ മതിൽ ഇടിഞ്ഞുവീണു. നാഗമ്പടത്ത് പ്രധാന റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്കായി... നഗരത്തിലെ പല പ്രധാന റോഡുകളിലും ഗതാഗതം ഭാഗികമായി തടസ്സപ്പെട്ട നിലയിലാണ്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000602924-16.jpg)

വേമ്പനാട് കായൽ വഴി കടലിലേക്കുള്ള നീരൊഴുക്കിന്റെ വേഗത കുറഞ്ഞതാണ് കോട്ടയം നഗരത്തെയും പരിസര പ്രദേശങ്ങളെയും ഈ വിധം വെള്ളത്തിനടിയിലാക്കിയത്. മീനച്ചിലാറ്റിലെ വെള്ളം ഒഴുകിപ്പോകാൻ തടസ്സമാകുന്നത് പാലാ വരെയുള്ള പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമാകുന്നുണ്ട്. അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുൻനിർത്തി ആലപ്പുഴ, കോട്ടയം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000647754-1.jpg)

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറണമെന്നു നിർദ്ദേശമുണ്ട്.