> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വെളളൂരിൽ തെരുവ് നായ ആക്രമണം: മൂന്ന് പേർക്ക് കടിയേറ്റു
- URL: https://www.vaikomvartha.com/vellore-news-2-2/
- Published: 2026-07-18T20:55:29.000Z
- Updated: 2026-07-18T21:02:39.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

വൈക്കം: വെള്ളൂരിൽ പേ വിഷബാധ ലക്ഷണം ഉള്ള തെരുവ്നായ മൂന്ന് പേരെ കടിക്കുകയും ഒരു വളർത്തുനായെയും പൂച്ചയേയും കടിച്ചു കൊല്ലുകയും ചെയ്തു. പ്രദേശത്തെ നിരവധി നായ്ക്കൾക്കും പൂച്ചകൾക്കും നായയുടെ കടിയേറ്റിട്ടുണ്ട്. കടിയേറ്റ ഒരാൾക്ക് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കടിയേറ്റവർ കോട്ടയം മെഡിക്കൽ കോളേജ് ചികിത്സ തേടി.

ശനിയാഴ്ച രാവിലെയായിരുന്നു തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. പ്രദേശത്താകെ ഓടി നടന്നാണ് നായ ആക്രമണം നടത്തിയത്. വെള്ളൂർ മടത്തേടം കിഴക്കേപറമ്പിൽ 50 കാരിയായ റീന ചന്ദ്രാമലയിൽ, 75 കാരനായ പുരുഷോത്തമൻ (മണി ), 55 കാരനായ ശങ്കരാലിയിൽ മോഹനൻ എന്നിവർക്കാണ് കടിയേറ്റത്. രാവിലെ പ്രാഥമിക ആവശ്യങ്ങൾക്കായി കൂട്ടിൽ നിന്നും വീടിനും പുറത്തിറക്കിയ വളർത്തു നായ്ക്കളെയാണ് കടിച്ചത്  
മടത്തേടം ഊട്ടുശാലയിൽ സണ്ണിയുടെ നാലുമാസം പ്രായമുള്ള വിദേശ ഇനം വളർത്തുനായ ആണ് കടിയേറ്റ് ചത്തത്. 15,000 രൂപ വിലവരുന്ന നായ്ക്കുട്ടിയാണ് ചത്തത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000616255-41.jpg)

കുരച്ച് എത്തിയ നായ പള്ളിയിൽ പോകുകയായിരുന്ന റീനയെയാണ് ആദ്യം കടിച്ചത്. ചന്ദ്രാമലയിലെ വീട്ടിൽ നിന്നും മടത്തേടത്തുള്ള മകൻ ബിനീഷിൻ്റെ വീട്ടിലേയ്ക്ക് വരുന്നതിനിടയിലാണ് ഭിന്നശേഷിക്കാരനായ പുരുഷോത്തമന് (മണി) കടിയേറ്റത്. വെള്ളൂരിലെ ഷാപ്പിലെ ജീവനക്കാരനായ മോഹനൻ ഷാപ്പിലേയ്ക്ക് വരുന്നതിനിടയിലാണ് നായ ആക്രമിച്ചത്. തുടർന്നാണ് നായ സമീപ വാസികളായ കീരുമറ്റത്തിൻ്റെ അനിലിൻ്റേയും കിഴക്കേ വാലായിൽ ജിൻസിയുടേയും വീട്ടിൽ കെട്ടിയിട്ടിരുന്ന വളർത്തുനായ്ക്കളുടെ മുഖത്തും കഴുത്തിനും കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്. പ്രദേശവാസികൾ വടികളുമായി നായെ ഏറെ നേര തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നീട് വൈകിട്ട് നാല് മണിയോടെ മടത്തേടം ഭാഗത്ത് പേവിഷബാധ സംശയിക്കുന്ന നായയെ ചത്ത നിലയിൽ കണ്ടെത്തി. നായയുടെ ജഡം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്.