> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഗതിമാറി മൂവാറ്റുപുഴയാർ; വെള്ളൂരിൽ തീരമിടിച്ചിൽ രൂക്ഷം
- URL: https://www.vaikomvartha.com/vellore-panchayat-news-moovatupuzayar/
- Published: 2026-07-04T08:20:56.000Z
- Updated: 2026-07-04T08:20:56.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

വൈക്കം: മൂവാറ്റുപുഴയാറിൻ്റെ ഗതിമാറ്റി വെള്ളൂരിൽ ചെറുകര പാലത്തിന് സമീപം വർഷങ്ങൾക്ക് മുൻമ്പ് രൂപപ്പെട്ട മണൽ തിട്ടകൾ നീക്കാൻ നടപടിവേണമെന്ന ആവശ്യം ശക്തമാവുന്നു. പുഴയുടെ ഒരു ഭാഗത്ത് മണൽത്തിട്ട രൂപപ്പെട്ടതോടെ മറുകരയിൽ നീരൊഴുക്ക് ശക്തമായി പുഴയോരം ഇടിഞ്ഞുതാഴുകയാണ്. 

വെള്ളൂർ ചെറുകര പാലത്തിന് സമീപത്തായി രൂപം കൊണ്ട ഒരു കിലോമീറ്ററോളം നീളത്തിലും 30 മീറ്റർ വീതിയിലുമുള്ള മണൽത്തിട്ടകളാണ് പുഴയുടെ ഗതിമാറ്റി തീരമിടിയാൻ കാരണമെന്നാണ് പരാതി. മറുകരയിലെ തോന്നല്ലൂർ ഭാഗത്ത് പുഴയോരം വ്യാപകമായി ഇടിഞ്ഞിട്ടുണ്ട്. വൃക്ഷങ്ങളടക്കമുള്ള പുരയിടഭാഗങ്ങൾ ഇടിഞ്ഞതോടെ പുഴയോരത്തെ വീടുകളും അപകടാവസ്ഥയിലാകുകയാണ്. പത്ത് വർഷം മുമ്പാണ് ഇവിടെ ഇങ്ങനെ മണൽത്തിട്ട രൂപപ്പെട്ടു തുടങ്ങിയത്. പ്രളയത്തെ തുടർന്ന് മണൽ വൻതോതിൽ അടിഞ്ഞ് മണൽ തിട്ട ഒരു കിലോമീറ്ററോളം ഭാഗത്ത് കരയായി മാറിയതാണ് പ്രതിസന്ധിയായത്. നിരവധി പരാതികൾ ഉയർന്നതിനെ തുടർന്ന് നാല് എം.എൽ.എ മാർ ഉൾപ്പെട്ട നിയമസഭാ സമിതിയും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി റിപ്പോർട്ട് നൽകിയിരുന്നു. ഇതേ തുടർന്ന് ബന്ധപ്പെട്ട അധികൃതർ 800 മീറ്റർ നീളത്തിലും 30മീറ്റർ വീതിയിലും മണൽ ശേഖരം അളന്ന് തിട്ടപ്പെടുത്തി നീക്കം ചെയ്യുന്നതിന് സ്പോട്ട് ലേലം നടത്തി. എന്നാൽ പിന്നീട് യാതൊരു നടപടിയും ഉണ്ടായില്ല. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000591424-12.jpg)

നിലവിൽ ഇവിടം കരയായി മാറിയ നിലയിലായതോടെ പുഴയും ഗതി മാറി ഒഴുകുന്ന സ്ഥിതിയാണ് ഭീഷണിയാകുന്നത്. പിറവം റോഡ് റയിൽവേ സ്‌റ്റേഷന് സമീപത്തെ മേൽപാലത്തിനോട് ചേർന്ന് 30 മീറ്ററോളം പുഴയോരം ഇടിഞ്ഞുതാണതിനെ തുടർന്ന് സമീപത്തെ വീടുകളും വ്യാപാര സ്ഥാപനങ്ങളും  
അപകട ഭീഷണിയിലാണ്. ജലവിഭവകുപ്പ് മന്ത്രി മോൻസ് ജോസഫിൻ്റെ അടിയന്തിര ഇടപെടൽ വേണമെന്നാണ് ആവശ്യം ഉയരുന്നത്.