> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്തെ കുടിവെള്ള പ്രതിസന്ധി: വെള്ളൂർ പ്ലാന്റിൽ നേരിട്ടെത്തി എം.എൽ.എ
- URL: https://www.vaikomvartha.com/vellore-pump-house/
- Published: 2026-06-27T16:19:33.000Z
- Updated: 2026-06-28T06:09:24.000Z
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

വൈക്കം: വൈക്കത്തേക്ക് കുടിവെള്ളമെത്തിക്കുന്ന വെള്ളൂർ പ്ലാൻ്റിലെ പമ്പിംഗ് മോട്ടോറുകളിൽ സ്റ്റാൻ്റ് ബൈ മോട്ടോർ കേടായത് മാസങ്ങൾ കഴിഞ്ഞിട്ടും നന്നാക്കത്തതിൽ ഗുരുതര വീഴ്ച. ഇതാണ് വൈക്കത്തേക്കുള്ള കുടിവെള്ള പ്രതിസന്ധിക്ക് മുഖ്യ കാരണമായതിൽ ഒന്ന്. പമ്പ് ഹൗസിൽ അഞ്ചു മോട്ടോറുകൾ ഉള്ളതിൽ നാലു മോട്ടോറുകൾ ആണ് വൈക്കത്തേക്ക് കുടിവെള്ളം എത്തിക്കാൻ വേണ്ടി പമ്പിംങ്ങ് നടത്തുന്നത്. ഇതിൽ രണ്ടു മോട്ടോറുകൾ ആണ് ഈ മാസം പണിമുടക്കിയത്. ഇതോടെ രണ്ടു മോട്ടോറുകൾ മാത്രം പ്രവർത്തിക്കുന്ന സ്ഥിതിയുണ്ടായി. ഇതോടെ വൈക്കം നഗരസഭയിലും സമീപ ഒമ്പത് പഞ്ചായത്തുകളിലും ഒരാഴ്ചയായി കുടിവെള്ളം കിട്ടാത്ത സ്ഥിതിയായി. നാലു മോട്ടോറുകൾ ഒരുമിച്ച് പമ്പിംഗ് നടത്തിയാൽ മാത്രമേ വൈക്കത്തേക്ക് കുടിവെള്ളം എത്തിക്കുന്ന വെട്ടിക്കാട്ടുമുക്ക് ടാങ്കിലേക്ക് വെള്ളം എത്തിക്കാനാവൂ. ഇതാണ് മറ്റൊരു പ്രതിസന്ധിയായത്. സ്റ്റാൻ്റ് ബൈ മോട്ടോർ കേടായത് മാസങ്ങളായി നന്നാക്കാത്ത ഉദ്യോഗസ്ഥ അനാസ്ഥയും പിന്നീട് മോട്ടോറുകൾ കേടായതും വൈക്കത്ത് കുടിവെള്ളം മുടങ്ങാൻ കാരണമായി. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000591424-23.jpg)

ഒരാഴ്ചയായിട്ടും പ്രശ്നപരിഹാരം ഉണ്ടാകാതെ പ്രതിസന്ധി രൂക്ഷമായതോടെയാണ് നിയോജകമണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ വെള്ളൂരിലെ കുടിവെള്ള പ്ലാന്റിൽ വൈക്കം എം.എൽ.എ ബിനിമോൻ നേരിട്ടെത്തിയത്. ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി എത്രയും വേഗം കുടിവെള്ള വിതരണം പുനരാരംഭിക്കണം എന്ന് എം.എൽ.എ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പമ്പ് ഹൗസിലെ മോട്ടോറുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് കുടിവെള്ള വിതരണം തടസ്സപ്പെടുന്നതെന്നും ഉടൻ പരിഹരിക്കുമെന്നുമായിരുന്നു വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇന്ന് തന്നെ ഒരു മോട്ടോറിന്റെ അറ്റകുറ്റ പണിതീരുമെന്നും നാളെയോടെ കേടായ മറ്റൊരു മോട്ടറും നന്നാക്കാൻ കഴിയുമെന്നും ഉദ്യോഗസ്ഥർ എം.എൽ.എയെ അറിയിച്ചു. കുടിവെള്ള വിതരണത്തിൽ തടസ്സം ഉണ്ടായാൽ ഉടൻ നടപടി എടുക്കാനും സഹായം വേണമെങ്കിൽ അറിയിക്കണമെന്നും എം.എൽ.എ ഉദ്യോഗസ്ഥരോട് പറഞ്ഞു. കടുത്തുരുത്തി എ.എക്സ്സ് ഇ എ.വി സവിത, പെരുവ എ.ഇ. നിമിഷ എന്നിവരുമായി ചർച്ച നടത്തി ആണ് എം.എൽ.എ കെ. ബിനിമോൻ ഉടൻ പ്രശ്ന പരിഹാരം ആവശ്യപ്പെട്ടത്. കടുത്തുരുത്തി ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കുര്യാക്കോസ് തോട്ടത്തിൽ, കടുത്തുരുത്തി ബ്ലോക്ക്പഞ്ചായത്ത് അംഗം സീനു ശശിധരൻ, വെള്ളൂർ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജോഷി എന്നിവരും പഞ്ചായത്ത് അംഗങ്ങളും എം.എൽ.എക്കൊപ്പം ഉണ്ടായിരുന്നു. ഇതിനിടെ വെള്ളൂരിലെ പമ്പിങ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ അനാസ്ഥയും, കുടിവെള്ള വിതരണത്തിന് തടസ്സമുണ്ടാകുന്ന കാരണങ്ങളെയും പറ്റി അന്വേഷണം നടത്തണമെന്ന ആവശ്യവും ശക്തമാവുന്നുണ്ട്.