> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മൂത്തേടത്ത് കാവിലമ്മ മധുരാപുരിയിലേക്ക് യാത്രയായി
- URL: https://www.vaikomvartha.com/vishu-moothedathu-kavu-vaikom/
- Published: 2026-04-16T08:28:41.000Z
- Updated: 2026-04-16T08:37:42.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam, Vaikom Featured 1

വൈക്കം: മൂത്തേടത്ത് കാവിലമ്മ കണ്ണകി ദേവിയായി പാണ്ഡ്യദേശത്തേക്ക് യാത്രയായി. ഭർത്താവായ കോവിലന്റെ സമീപത്തേക്ക് പോകുന്നതായാണ് വിശ്വാസം. വിഷുനാളിൽ രാത്രിയിൽ നടന്ന അരിയേറിന് ശേഷമാണ് നടയടച്ചത്. 

0:00 

/1:17 

1× 

വിഷുദിനത്തിൽ അത്താഴ പൂജക്ക് അരിയളന്നതോടെ മേൽശാന്തി ജയചന്ദ്രൻ പോറ്റി രണ്ടായി പകുത്ത നാളികേരത്തിൽ ശ്രീകോവിലിൽ നിന്നും തെളിയിച്ച ദീപം ക്ഷേത്രത്തിന് മുൻവശം കൊടിമരത്തിന്റെ സമീപത്തെ എരി തേങ്ങയിലേക്ക് പകർന്നു. ഇതോടെ ഭക്തർ സമർപ്പിച്ച ആയിരക്കണക്കിന് നാളികേരം അഗ്‌നി ഗോളമായി എരിഞ്ഞമർന്നു. കണ്ണകിയുടെ കോപാഗ്നിയിൽ മധുരാപുരി കത്തിയമരുന്നതിന്റെ പ്രതീകമായാണ് ഈ എരി തേങ്ങ സമർപ്പണം നടക്കുന്നത്. തെക്കു പുറത്ത് ഗുരുതിക്ക് ശേഷം മേൽശാന്തി തീർത്ഥം തളിച്ചാണ് എരി തേങ്ങ സമർപ്പണ ചടങ്ങ് പൂർത്തിയാക്കിയത്. വെച്ചൂർ രാജേഷിന്റെ നേതൃത്വത്തിൽ വാദ്യമേളങ്ങളും മുത്താരമ്മൻ വിൽപ്പാട്ട് സംഘത്തിന്റെ സ്തുതി ഗീതങ്ങളും ഉയർന്നതോടെ വീരഭാവത്തിൽ കയ്യിൽ കടുത്തിലയുമായി ഉറഞ്ഞാടിയ തീയാട്ടുണ്ണി നാലമ്പലത്തിൽ എഴുതിയ ദേവിയുടെ കളം മായ്ച്ചു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/04/1000511766.jpg)

ക്ഷേത്രത്തിന് വലം വച്ച് ശ്രീകോവിലിലേക്ക് മൂന്ന് പ്രാവിശ്യം അരിയേറ് നടത്തിയതോടെ ക്ഷേത്ര നടയടഞ്ഞു. ചടങ്ങുകൾക്ക് ഊരാഴ്മക്കാരായ ഇണ്ടംതുരുത്തിമന നീലകണ്ഠൻ നമ്പൂതിരി, മുരിഞ്ഞൂർ മന വിഷ്ണുനമ്പൂതിരി, ആനത്താനത്ത് ഇല്ലത്ത് വാസുദേവൻ നമ്പൂതിരി, ക്ഷേത്ര കാര്യദർശി ഹരിഹരൻ നമ്പൂതിരി, മുരളിധരൻ നമ്പൂതിരി, വിഷ്ണു നമ്പൂതിരി എന്നിവർ നേതൃത്വം വഹിച്ചു. പൗരാണികമായി ചിലപ്പതികാരത്തിലെ കണ്ണകിയായും വൈദികപരമായി ശ്രീപരമേശ്വരന്റെ പുത്രീ ഭാവത്തിലുമാണ് മൂത്തേടത്ത് കാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠാ സങ്കൽപ്പം. ഇനി മൂന്ന് മാസങ്ങൾക്ക് ശേഷം കർക്കിടകം ഒന്നിന് ദേവി തിരിച്ചെഴുന്നള്ളുന്നതോടെയാണ് മൂത്തേടത്ത് കാവ് ക്ഷേത്ര നടതുറക്കുന്നത്.