> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അവശേഷിക്കുന്നത് 8 ടീമുകൾ: കിരീടത്തിലേക്ക് കണ്ണുവെച്ചുള്ള എട്ട് വമ്പന്മാരുടെ പോരാട്ടങ്ങൾ
- URL: https://www.vaikomvartha.com/world-cup-football-2026-quarter-final/
- Published: 2026-07-08T10:50:12.000Z
- Updated: 2026-07-08T10:50:12.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Sports

ഇന്ത്യൻ സമയപ്രകാരം ജൂലൈ 10 മുതല്‍ ജൂലൈ 12 വരെയാണ് ക്വാർട്ടർ ഫൈനല്‍ മത്സരങ്ങള്‍ നടക്കുക. നിലവിലെ ചാമ്പ്യന്മാരായ അർജന്റീന, മുൻ ചാമ്പ്യന്മാരായ ഫ്രാൻസ്, ശക്തരായ ഇംഗ്ലണ്ട്, അട്ടിമറി വീരന്മാരായ മൊറോക്കോ, നോർവേ എന്നിവരെല്ലാം ക്വാർട്ടർ ഫൈനലില്‍ പോര് കടുപ്പിക്കാനായി ആയുധങ്ങള്‍ക്ക് മൂർച്ച കൂട്ടുമെന്ന കാര്യത്തിൽ സംശയമില്ല.

1. ഫ്രാൻസ് vs മൊറോക്കോ

കഴിഞ്ഞ ലോകകപ്പിലെ സെമി ഫൈനലിന്റെ ആവർത്തനമാണ് ബോസ്റ്റണില്‍ നടക്കാൻ പോകുന്നത്. കിലിയൻ എംബാപ്പെയുടെ ഫ്രാൻസിനെ തളയ്ക്കുക എന്നത് മൊറോക്കോയ്ക്ക് കടുത്ത വെല്ലുവിളിയാകും. എങ്കിലും ഈ ടൂർണമെന്റിലെ അവരുടെ കൗണ്ടർ അറ്റാക്കിങ് ശൈലി ഫ്രാൻസിനെ ബുദ്ധിമുട്ടിച്ചേക്കാം.

1. സ്പെയിൻ vs ബെല്‍ജിയം

യുവനിരയുടെ കരുത്തില്‍ സ്പെയിനും സുവർണ്ണ തലമുറയ്ക്ക് ശേഷം പുതിയ തന്ത്രങ്ങളുമായി എത്തുന്ന ബെല്‍ജിയവും തമ്മിലുള്ള പോരാട്ടം പ്രവചനാതീതമാണ്. പ്രീ ക്വാർട്ടറില്‍ യു.എസ്‌.എയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകർത്താണ് ബെല്‍ജിയത്തിന്റെ വരവ്. എങ്കിലും മധ്യനിരയിലെ കളി നിയന്ത്രിക്കുന്നതില്‍ സ്പെയിനാണ് നേരിയ മുൻതൂക്കം.

1. നോർവേ vs ഇംഗ്ലണ്ട്

പ്രീ ക്വാർട്ടറില്‍ കരുത്തരായ ബ്രസീലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അട്ടിമറിച്ചാണ് നോർവേയുടെ വരവ്. അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ എളുപ്പമാകില്ല. എർലിങ് ഹാലണ്ടിന്റെ കരുത്തിനെ ഇംഗ്ലീഷ് പ്രതിരോധം എങ്ങനെ പൂട്ടും എന്നതിനെ ആശ്രയിച്ചിരിക്കും മത്സരഫലം. മികച്ച ഫോമിലുള്ള ഇംഗ്ലണ്ടിന് തന്നെയാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

1. അർജന്റീന vs സ്വിറ്റ്സർലൻഡ്

ഈജിപ്തിനെതിരെ രണ്ട് ഗോളുകള്‍ക്ക് പിന്നിലായ ശേഷം ലയണല്‍ മെസിയുടെ മാന്ത്രിക പ്രകടനത്തില്‍ തിരിച്ചുവന്ന അർജന്റീന വലിയ ആത്മ വിശ്വാസത്തിലാണ്. മറുവശത്ത് കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മലർത്തിയടിച്ചാണ് സ്വിസ് പട വരുന്നത്. മെസി ഫോമിലേക്കുയർന്നാൽ സെമി ടിക്കറ്റ് ഉറപ്പിക്കാം.