> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കിരീടം കാക്കാൻ മെസ്സിപ്പട: ഇംഗ്ലണ്ടിനെ വീഴ്‌ത്തി അർജന്‍റീന ഫൈനലിൽ
- URL: https://www.vaikomvartha.com/world-cup-football-argentina-vs-england/
- Published: 2026-07-16T03:37:15.000Z
- Updated: 2026-07-16T03:37:15.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Sports

അറ്റ്ലാൻ്ററ: ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ കാത്തിരുന്ന ആ നിമിഷം വന്നെത്തി. കോടിക്കണക്കിന് ആരാധകരെ മുൾമുനയിൽ നിർത്തിയ ആവേശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ തകർത്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീന ഒരിക്കൽക്കൂടി ലോകകപ്പിന്‍റെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. സെമിഫൈനൽ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അർജന്‍റീന ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. കളി അവസാനിക്കാൻ അഞ്ച് മിനിറ്റ് മാത്രം ബാക്കിനിൽക്കേ ഒരു ഗോളിന് പിന്നിലായിരുന്ന ശേഷമാണ് മെസ്സിപ്പട അവിശ്വസനീയമായ രീതിയിൽ മത്സരത്തിലേക്ക് തിരിച്ചുവന്നതും വിജയം പിടിച്ചെടുത്തതും.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000616255-18.jpg)

തുടക്കം മുതൽക്കേ ഇരുപക്ഷത്തുനിന്നും കടുത്ത ശാരീരിക പോരാട്ടത്തിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. പരമ്പരാഗത വൈരികളായ ഇംഗ്ലണ്ടും അർജന്‍റീനയും നേർക്കുനേർ വന്നപ്പോൾ ഗാലറിയിലും കളിമുറ്റത്തും ആവേശം അണപൊട്ടി ഒഴുകി. കളിയുടെ തുടക്കത്തിൽ തന്നെ ലിയാൻഡ്രോ പരേഡെസും എൻസോ ഫെർണാണ്ടസും ഫൗളുകളിലൂടെ ഇംഗ്ലീഷ് മധ്യനിരയെ പ്രതിരോധത്തിലാക്കാൻ ശ്രമിച്ചു. കടുത്ത പ്രതിരോധ കോട്ടകൾ ഇരുടീമുകളും തീർത്തതോടെ ആദ്യ പകുതിയിൽ ഗോളുകളൊന്നും പിറന്നില്ല. രണ്ടാം പകുതിയിൽ കളി കൂടുതൽ വേഗതയാർന്നതായി മാറി. 55-ാം മിനിറ്റിൽ മോർഗൻ റോജേഴ്‌സിന്‍റെ കൃത്യതയാർന്ന ക്രോസിൽ നിന്നും ആന്‍റണി ഗോർഡൻ ഇംഗ്ലണ്ടിന് അർഹിച്ച ലീഡ് സമ്മാനിച്ചു. ഗോൾ വഴങ്ങിയതോടെ അർജന്‍റീന സമനിലയ്ക്കായി ആക്രമിച്ചു കളിക്കാൻ തുടങ്ങി. നിക്കോ ഗോൺസാലസിന്‍റേയും അലക്സിസ് മാക് അലിസ്റ്ററിന്‍റേയും ശ്രമങ്ങൾ ഇംഗ്ലീഷ് ഗോൾകീപ്പർ ജോർദാൻ പിക്ക്ഫോർഡിന്‍റെ മികച്ച പ്രകടനത്തിലും പോസ്റ്റിലും തട്ടി തകരുകയായിരുന്നു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000602924-57.jpg)

മത്സരത്തിന്‍റെ 85-ാം മിനിറ്റിൽ ലയണൽ മെസ്സിയുടെ മാന്ത്രിക നീക്കമാണ് അർജന്‍റീനയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. മെസ്സിയുടെ പാസിൽ നിന്നും എൻസോ ഫെർണാണ്ടസ് ഉതിർത്ത ലോങ് റേഞ്ചർ ഇംഗ്ലീഷ് വല കുലുക്കി. തുടർന്ന് ഇഞ്ചുറി ടൈമിന്‍റെ രണ്ടാം മിനിറ്റിൽ മെസ്സി ബോക്സിലേക്ക് നൽകിയ കൃത്യതയാർന്ന ക്രോസ് പകരക്കാരനായി ഇറങ്ങിയ ലൗട്ടാരോ മാർട്ടിനെസ് ഹെഡ്ഡറിലൂടെ വലയിലാക്കിയതോടെ അർജന്‍റീന വിജയമുറപ്പിച്ചു. ഞായറാഴ്‌ച ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ സ്‌പെയിനാണ് അർജന്‍റീനയുടെ എതിരാളികൾ. ഈ മത്സരത്തിൽ കൂടി വിജയിക്കാനായാൽ 1962-ൽ ബ്രസീലിന് ശേഷം തുടർച്ചയായി രണ്ട് ലോകകപ്പുകൾ നേടുന്ന ആദ്യ ടീമെന്ന ചരിത്ര നേട്ടം അർജന്‍റീനയ്ക്ക് സ്വന്തമാക്കാം. ടൂർണമെന്‍റിലുടനീളം കടുത്ത വെല്ലുവിളികൾ അതിജീവിച്ചെത്തുന്ന ടീം നിലവിൽ മികച്ച ഫോമിലാണ്.