തടവിലാക്കപ്പെട്ട ദൈവം (ഗദ്യകവിത)
കാടിന്റെ ഹരിത വിശാലതകളിൽനിന്ന് ഒരു ജീവനെ അടർത്തിമാറ്റി, മനുഷ്യൻ സ്വന്തം ഗർവ്വുകളുടെ മേലാപ്പണിയിക്കുമ്പോൾ
അവിടെ മരിക്കുന്നത് ഒരു വന്യത മാത്രമല്ല; പ്രകൃതിയുടെ തന്നെ നിശ്ശബ്ദമായ താളമാണ്.
ഇലയനക്കങ്ങളുടെ മർമ്മരവും പച്ചിലച്ചാർത്തിലൂടെ അരിച്ചിറങ്ങുന്ന ഇളംവെയിലും കാട്ടരുവികളുടെ കുളിർമയും സാക്ഷിയാക്കി വളർന്ന ഒരു ശൈശവ കാലമുണ്ടായിരുന്നു അവന്.
അമ്മയുടെ വന്മതിലോളം പോന്ന സാമീപ്യത്തിൽ മഴ നനഞ്ഞും, കൂട്ടത്തോടെ മേഞ്ഞുനടന്നും സ്വാതന്ത്ര്യം ശ്വസിച്ച നാളുകൾ.
മനുഷ്യന്റെ കൗശലം ഒരു കുഴിയുടെ രൂപത്തിൽ കാലടികൾക്ക് കീഴിൽ ഭൂമിയെ പിളർത്തിയ നിമിഷം, ആ വന്യജീവിതത്തിന്റെ വേരുകൾ എന്നേക്കുമായി അറുത്തുമാറ്റപ്പെട്ടു.
കാട് ബാക്കിവെച്ച ആ ഓർമ്മകളെയാണ് ഇരുണ്ട കൂടാരങ്ങളിൽ, 'കെട്ടിമെരുക്കൽ' എന്ന പൈശാചികമായ അധികാരപ്രയോഗത്തിലൂടെ മനുഷ്യൻ തല്ലിക്കെടുത്തിയത്.
വിശപ്പും കൊടുംമർദ്ദനങ്ങളും പച്ചമാംസത്തിൽ കോറിയിട്ട മുറിവുകളും ചേർത്ത് അവനെ പഠിപ്പിച്ചത് അനുസരണമായിരുന്നില്ല, മറിച്ച് ഭയത്തിന്റെ അടിമത്തമായിരുന്നു.
ഇന്ന് ഓരോ പൂരപ്പറമ്പുകളിലും തിളങ്ങിനിൽക്കുന്ന സ്വർണ്ണപ്പൊലിമയുള്ള നെറ്റിപ്പട്ടം ഒരലങ്കാരമല്ല; ഒരു വന്യജീവിയുടെ പ്രാണവായുവിനെപ്പോലും ഞെരുക്കുന്ന കനത്ത ഇരുമ്പടപ്പാണ്.
സൂര്യന്റെ ഉഷ്ണത്തെ തലയോട്ടിയിലേക്ക് നേരിട്ട് ആവാഹിക്കുന്ന ആ തിളങ്ങുന്ന ലോഹക്കൂട്ടിനടിയിൽ അവന്റെ കണ്ണീരിന്റെ തിളക്കം ആരും കാണാറില്ല.
പഞ്ചാരിമേളത്തിന്റെ മാന്ത്രികലഹരിയിലേക്ക് ചെണ്ടക്കോലുകൾ ഇരമ്പിയാർക്കുമ്പോൾ,
ഭക്തസഹസ്രങ്ങൾ കണ്ണുകലങ്ങി കൈകൂപ്പുന്ന കാഴ്ചയുണ്ട്ശരീരത്തിൽ തോട്ടിയുടെ മൂർച്ചയുള്ള കൊളുത്ത് ഒരു തേളിനെപ്പോലെ ആഴ്ന്നിറങ്ങുമ്പോൾ,
ജീവനെ രക്ഷിക്കാൻ ഉയർത്തിപ്പിടിക്കുന്ന പിടച്ചിലിനെയാണ് മനുഷ്യൻ സൗന്ദര്യമെന്നും ഗാംഭീര്യമെന്നും വാഴ്ത്തി സ്തുതിക്കുന്നത്.
പ്രകൃതി ഏൽപ്പിച്ച ചോദനകളെ തളച്ചിടാൻ സ്വന്തം മലമൂത്രങ്ങളിൽ ചങ്ങലയ്ക്കിടുന്ന മദപ്പാടിന്റെ നരകവും,
കനൽപോലെ ചുട്ടുപൊള്ളുന്ന കരിങ്കല്ലിലും ടാറിലും നിശ്ചലമായി നിൽക്കേണ്ടിവരുന്ന പീഡനങ്ങളും മനുഷ്യന്റെ ഭക്തിയുടെ വികലമായ പശ്ചാത്തലമായി മാറുന്നു.
പച്ചമാംസത്തിൽ തോട്ടി തുളച്ചുകയറ്റി, ആയുസ്സു മുഴുവൻ ബന്ധനസ്ഥനാക്കി ചുമലിൽ ദൈവത്തിന്റെ തിടമ്പേറ്റി അവനെത്തന്നെ 'ദൈവാവതാര'മെന്നും 'ഗജരാജ'നെന്നും വിളിക്കുന്ന കാപട്യം.
രാത്രിയുടെ നിശ്ശബ്ദതയെ ഭേദിച്ച് ആകാശത്തേക്ക് തീതുപ്പുന്ന വെടിക്കെട്ടിന്റെ പ്രകമ്പനങ്ങളിൽ അവന്റെ ഉള്ളം വിറങ്ങലിക്കുന്നു.
വെടിമരുന്നിന്റെ വിഷപ്പുക ശ്വാസകോശത്തിൽ കരിനിറം പടർത്തുമ്പോൾ,
ഉള്ളിലുറങ്ങുന്ന വന്യത ചങ്ങലകൾ തകർത്തെറിഞ്ഞ് സ്വന്തം കാട്ടിലേക്ക് ഓടിയൊളിക്കാൻ ഹൃദയം തുടിക്കാറുണ്ട്.
എന്നാൽ, ഉടലിലാഴ്ന്നിറങ്ങുന്ന ലോഹക്കൊളുത്തുകൾ അവനെ ഓർമ്മിപ്പിക്കുന്നത് അവന്റെ ജീവൻ എന്നേക്കുമായി മനുഷ്യന്റെ തടവറയിലാണെന്ന പരുക്കൻ സത്യമാണ്.
മേളത്തിന്റെ ലഹരിയും വെടിക്കെട്ടിന്റെ ആരവങ്ങളും അടങ്ങി, ഉത്സവപ്പറമ്പിലെ ദീപങ്ങൾ ഓരോന്നായി അണയുമ്പോൾ അവന് ചാർത്തിക്കിട്ടിയ ദിവ്യത്വവും അഴിഞ്ഞുവീഴുന്നു.
ബാക്കിയാവുന്നത് കാൽക്കുഴകളിൽ ചങ്ങല തീർത്ത ആഴമുള്ള വ്രണങ്ങളും കവിൾത്തടങ്ങളിൽ ഉണങ്ങിപ്പിടിച്ച കണ്ണീരുപ്പും മാത്രം.
അടുത്ത പൂരപ്പറമ്പിലേക്ക് പായുന്ന ഇരുമ്പുലോറിയിലേക്ക് അവൻ വീണ്ടും കാലെടുത്തു വെക്കുകയാണ്.
അവനൊരിക്കലും മനുഷ്യർ പണിതുണ്ടാക്കിയ അമ്പലങ്ങളിലെ ദൈവമാകേണ്ടിയിരുന്നില്ല.
കാടിന്റെ കുളിർമയിൽ, പച്ചിലകളുടെ മണം നുകർന്ന് അലഞ്ഞുതിരിയുന്ന വെറുമൊരു വന്യമൃഗമായി ജീവിച്ചു മരിച്ചാൽ മതിയായിരുന്നു.
ആത്മാവ് എരിഞ്ഞുതീരുമ്പോഴും, അവൻ അടുത്ത വേദിയിലും ശിരസ്സുയർത്തിത്തന്നെ നിൽക്കും.
അവന്റെ വിലാപങ്ങളെ ഉത്സവമാക്കിക്കൊണ്ടാടുവാൻ കാപട്യത്തിന്റെ മറ്റൊരാൾക്കൂട്ടം അവിടെ കാത്തുനിൽപ്പുണ്ടാകും.
രചന: കെ. കൃഷ്ണകുമാർ
Comments ()