എ.ഐ.ഐ.എം.എസ് വെള്ളൂരിൽ അനുവദിക്കണം: മോഹൻ.ഡി. ബാബു
വൈക്കം: കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, കേന്ദ്രഗവൺമെൻ്റ് പ്രഖ്യാപിച്ച, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കേരളത്തിൻ്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന കോട്ടയം ജില്ലയിലെ വെള്ളൂരിൽ അനുവദിക്കാൻ വേണ്ട ഇടപെടലുകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി അംഗം മോഹൻ.ഡി. ബാബു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് നിവേദനം നൽകി. 1970 സ്ഥലമെടുപ്പ് തുടങ്ങി 1975 ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കേന്ദ്ര വ്യവസായ മന്ത്രി ടി.എ. പൈ തറക്കല്ലിട്ട് 1982ൽ ഉത്പാദനം ആരംഭിച്ചതാണ് വെള്ളൂർ ന്യൂസ് പ്രിൻറ് ഫാക്ടറി. 2020 ഓടുകൂടി പരിസ്ഥിതി മലിനീകരണവുമായി ബന്ധപ്പെട്ട് കേന്ദ്ര പൊലൂഷൻ കൺട്രോൾ ബോർഡ് കമ്പനി അടയ്ക്കുവാൻ നിർദ്ദേശം നൽകുകയായിരുന്നു. 2021 ൽ എൻ.സി.എൽ.ടി തീരുമാനപ്രകാരം 2000 കോടി രൂപ ആസ്തിയുള്ള ഫാക്ടറി 146 കോടി രൂപയ്ക്ക് കേരള ഗവൺമെൻറ് ഏറ്റെടുക്കുകയുണ്ടായി. ജോലി ചെയ്തിരുന്നവരുടെ പി.എഫ്, ഗ്രാറ്റുവിറ്റി, ശമ്പളം എന്നീ കുടിശ്ശിക ഉണ്ടായിരുന്ന ആനുകൂല്യങ്ങൾ 35% മാത്രമാണ് നൽകിയത്. ബാക്കി 65 ശതമാനവും ജീവനക്കാർക്ക് നൽകിയിട്ടില്ല. കുടിശ്ശിക നൽകുവാൻ ഏതാണ്ട് 80 കോടി രൂപയുടെ ബാധ്യതയാണ് ഉണ്ടാവുക. ഈ പ്രശ്നത്തിൽ ഇടപെടുകയും കുടിശ്ശിക തുക നൽകുവാനുള്ള നടപടി സ്വീകരിക്കുകയും വേണം. നിലവിൽ ഫാക്ടറിയുടെ പുനരുദ്ധാരണത്തിന് വേണ്ടി സംസ്ഥാനം 741 കോടി രൂപയാണ് പദ്ധതി ചെലവായിട്ട് കാണിച്ചിട്ടുള്ളത്. 40 വർഷമായി പ്രവർത്തിച്ചു പരാജയപ്പെട്ട ഒരു സ്ഥാപനമാണ് വെള്ളൂർ ന്യൂസ് പ്രിൻ്റ് ഫാക്ടറി. ഇന്ത്യയിലെ പൊതുമേഖലയിൽ ഉണ്ടായിരുന്ന, ആസാമിലെ രണ്ട് യൂണിറ്റും നാഗാലാൻ്റിലെ ഒരു യൂണിറ്റും കർണാടകയിലെ മാണ്ടിയിൽ ഉണ്ടായിരുന്ന യൂണിറ്റും മധ്യപ്രദേശിലെ യൂണിറ്റും, രാജ്യത്ത് പ്രവർത്തിച്ചിരുന്ന പല പ്രൈവറ്റ് പേപ്പർ കമ്പനികളും അടച്ചുപൂട്ടി. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന പേപ്പറിന് ആവശ്യക്കാർ കുറഞ്ഞതും ഉത്പാദന ചെലവ് കൂടിയതും അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവുമാണ് സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഇടയാക്കിയ കാരണങ്ങൾ. ഈ സാഹചര്യത്തിലാണ് കെ.പി.പി.എൽ എന്ന സ്ഥാപനം കേരളത്തിൽ 741 കോടി രൂപ മുടക്കി അതേ ഉത്പ്പന്നങ്ങൾ ഉല്പാദിപ്പിക്കാൻ ശ്രമിക്കുന്നത്. ഇതിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ വനങ്ങളിൽ നിന്നും വേണം കണ്ടെത്തുവാൻ. കേരളത്തിൽ എച്ച്.എൻ.എൽ പ്രവർത്തിച്ചപ്പോൾ പോലും പേപ്പർ ഉത്പാദിപ്പിക്കാൻ യൂക്കാലിയും ഈറ്റയും കേരളത്തിൽ നിന്ന് നമുക്ക് സംഭരിക്കാൻ കഴിഞ്ഞിരുന്നില്ല. ആസാമിൽ നിന്നും ആന്ധ്രയിൽ നിന്നും ഒക്കെയാണ് ഇവ എത്തിച്ചിരുന്നത്. കേരളത്തിൽ ഇപ്പോൾ പ്രവർത്തനം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന കെ.പി.പി.എല്ലിന്റെ സംരംഭം പ്രവർത്തിക്കണമെങ്കിൽ 1200 എം.ടിയോളം വനാധിഷ്ഠിത അസംസ്കൃത വസ്തുക്കൾ ആവശ്യമാണ്. ഒന്നര ലക്ഷം ടൺ കൽക്കരിയും ദിവസം അഞ്ചര ലക്ഷം യൂണിറ്റ് വൈദ്യുതിയും ഒരു വർഷം 40000 എം.ടി. രാസവസ്തുക്കളും എച്ച്.എൻ.എൽ ആയിരുന്ന കാലത്ത് ഇവിടെ ഉപയോഗിച്ചിട്ടുണ്ട്. ഇത്രയും വലിയ മലിനീകരണം സൃഷ്ടിക്കുന്ന ഒരു സ്ഥാപനം നമുക്ക് ആവശ്യമുണ്ടോ എന്ന് ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. പേപ്പർ ഉത്പ്പാദിപ്പിച്ചാൽ തന്നെ ഇന്ത്യയിലെ വൻകിട സ്വകാര്യ കമ്പനികളുമായിട്ടായിരിക്കും നാം മത്സരിക്കേണ്ടി വരിക. അതിനാൽ പ്രസ്തുത പദ്ധതിയെക്കുറിച്ച് ശരിക്ക് പഠനം നടത്തിയതിന് ശേഷം മാത്രമേ ഇതിന് അനുകൂലമായി തീരുമാനമെടുക്കാവൂ. അതല്ല എങ്കിൽ എച്ച്.എൻ.എല്ലിൻ്റെ അവസ്ഥ തന്നെ കെ.പി.പി.എല്ലിനും ഉണ്ടാകാൻ സാധ്യതയുണ്ട്. കേന്ദ്രഗവൺമെൻ്റ് പ്രഖ്യാപിച്ചി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് 200 ഏക്കർ സ്ഥലം കേരളത്തിൻ്റെ മധ്യത്തിലുള്ള ഇവിടെ അനുവദിച്ചാൽ നാടിന് പ്രയോജനകരമാകുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.