ജനകീയ പങ്കാളിത്തത്തോടെ നഗരം മാലിന്യ മുക്തമാക്കുന്നു
വൈക്കം: ജനകീയ പങ്കാളിത്തത്തോടെ നഗരം മാലിന്യ മുക്തമാക്കുന്ന ബൃഹത്തായ പദ്ധതിക്ക് വൈക്കം നഗരസഭ തുടക്കമിടുന്നു. ഇതിൻ്റെ ഭാഗമായി ഫെബ്രുവരി 5-ാം തീയ്യതി രാവിലെ 9 മണി മുതൽ വൈക്കം ബീച്ചിൽ ശുചീകരണ പ്രവർത്തനം നടത്തും.
നഗരസഭ ചെയർമാൻ്റെ നേതൃത്വത്തിൽ കൗൺസിലർമാർ, നഗരസഭ ജീവനക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ്മ സേനാംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ, സാമൂഹ്യ-സാംസ്കാരിക പ്രവർത്തകർ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ ശുചീകരണ പ്രവർത്തനമായിരിക്കും നടത്തുകയെന്ന് ചെയർമാൻ അറിയിച്ചു. അന്ധകാരതോട്, മറ്റപ്പള്ളി തോട് എന്നിവ മാലിന്യ മുക്തമാക്കുന്നതിന് അമൃത് പദ്ധതിയിൽ 9 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും നഗരസഭയിൽ കരം കുടിശ്ശിക വരുത്തിയവർ മാർച്ച് 31 നു മുമ്പ് തുക അടക്കുകയാണെങ്കിൽ പിഴ പലിശ ഒഴിവാക്കുന്നതിന് കൗൺസിൽ തീരുമാനിച്ചിട്ടുണ്ടെന്നും ചെയർമാൻ അബ്ദുൾ സലാം റാവുത്തർ അറിയിച്ചു. ജനുവരി 30 രാഷ്ട്രപിതാവിൻ്റെ രക്തസാക്ഷി ദിനത്തിൽ സർക്കാർ നിർദ്ദേശപ്രകാരം ഗാന്ധിസ്മൃതി ഒരു തൈ നടാം അഹിംസയുടെ തണലൊരുക്കാം എന്ന പേരിൽ വൃക്ഷതൈ വിതരണം നടത്തുന്നതാണ്.