ചൂരയിൽ വിരകളെന്ന് പഠന റിപ്പോർട്ട്: ആശങ്ക വേണ്ടെന്ന് വിദഗ്ധർ
കോട്ടയം: തെക്കൻ കേരളത്തിലെ ഇഷ്ടമീനാണ് ചൂര. രുചികരമായ ചൂര മീനുകളിൽ 96 ശതമാനത്തിലും വിരകളുണ്ടെന്ന കണ്ടെത്തലാണ് ഗവേഷകർ പുറത്ത് വീടുന്നത്. തെക്കൻ ബ്രസീൽ തീരത്ത് നിന്നും പിടിച്ച സ്കിപ്ജാക് ചൂരകളെ പരിശോധിച്ചതിൽ നിന്നാണ് വ്യാപകമായി വിരകളെ കണ്ടെത്തിയത്. ചൂരയുടെ കിഡ്നിയും ഹൃദയവും ഒഴികെയുള്ള എല്ലാ ഭാഗങ്ങളിൽ നിന്നും വിരകളെ കണ്ടെത്തിയതായാണ് ഗവേഷകർ പറയുന്നത്. ആന്റ് കോസ്റ്റൽ റിസർച്ച്, സയൻസ് അലർട് മാസികകളിലാണ് ഇത് സംബന്ധിച്ച പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 53 ചൂരകളെ പഠനവിധേയമാക്കിയതിൽ നിന്ന് 1,600 വിരകളെ കണ്ടെത്തിയതായാണ് റിപ്പോർട്ട്. മനുഷ്യർ ഭക്ഷണത്തിനുപയോഗിക്കുന്ന മാംസഭാഗം മുഴുവനും പരന്ന വിരകളും ഉരുളൻ വിരകളും കൊണ്ട് നിറഞ്ഞിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

പാകം ചെയ്യുമ്പോൾ ഇവയിൽ ഭൂരിഭാഗവും നശിച്ചു പോകുന്നുണ്ടെങ്കിലും ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണിതെന്നാണ് മുന്നറിയിപ്പ്. കൃത്യമായ പരിശോധനയും സംസ്കരണവും ചൂരയുടെ കാര്യത്തിൽ ആവശ്യമാണെന്നും ഗവേഷകർ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, മൽസ്യത്തിൽ വിരകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതിൽ ആശങ്കപ്പെടാനില്ലെന്നും ആരോഗ്യകരമായ പരിസ്ഥിതിയിൽ അവ വളർന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും യൂണിവഴ്സിറ്റി ഓഫ് വാഷിങ്ടണിലെ ഗവേഷകയായ ചെൽസാ വുഡ് അഭിപ്രായപ്പെട്ടത്.
Comments ()