സംസ്ഥാനത്തെ ആദ്യ സമഗ്ര ത്രിതീയതല ഹീമോഫീലിയ ചികിത്സാ കേന്ദ്രം കോട്ടയം മെഡിക്കൽ കോളജിൽ തുറന്നു
കോട്ടയം: സംസ്ഥാനത്തെ ആദ്യ സമഗ്ര ത്രിതീയതല ഹീമോഫീലിയ ചികിത്സാ കേന്ദ്രം നാടിനു സമര്പ്പിച്ചു. സംസ്ഥാന സര്ക്കാരിന്റെ നൂറുദിന കര്മ്മ പരിപാടിയുടെ ഭാഗമായാണ് കോട്ടയം മെഡിക്കല് കോളജ് ആശുപത്രിയില് സംസ്ഥാനത്തെ ആദ്യ സമഗ്ര ത്രിതീയതല ഹീമോഫീലിയ ചികിത്സാ കേന്ദ്രം തുറന്നത്.
സര്ക്കാര് ആശുപത്രികളിലെ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് സര്ക്കാര് നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രി കെ. മുരളീധരന് പറഞ്ഞു.
ചില കമ്പനികളുടെ മരുന്നുകള്ക്ക് ഗുണനിലവാരമില്ലെന്ന റിപ്പോര്ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. കേരള മെഡിക്കല് സര്വീസസ് കോര്പറേഷന് മുഖേന വാങ്ങുന്ന മരുന്നുകളുടെ ഗുണനിലവാരം പൂര്ണമായും ഉറപ്പാക്കുന്നതിന് ഡ്രഗ്സ് കണ്ട്രോള് വിഭാഗത്തെ ചുതമലപ്പെടുത്തും. സര്ക്കാര് ആശുപത്രികളില് മരുന്നുക്ഷാമമുണ്ടെന്ന പ്രചാരണത്തിനു പിന്നില് ചിലരുടെ ഗൂഢലക്ഷ്യങ്ങളാണെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ രംഗത്ത് സ്വകാര്യ മേഖലയുടെ പങ്ക് നിര്ണായകമാണെങ്കിലും വിദേശ ഏജന്സികളുടെ നിയന്ത്രണത്തില് പ്രവര്ത്തിക്കുന്ന ചില സ്വകാര്യ ആശുപത്രികള് ചികിത്സയ്ക്ക് ഉയര്ന്ന തുക ഈടാക്കുന്നത് അനുവദിക്കാനാവില്ല. അതുകൊണ്ടുതന്നെയാണ് സര്ക്കാര് ഈ രംഗത്ത് ചില നിയന്ത്രണങ്ങള് ഏര്പ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു.

റോബോട്ടിക് സര്ജറി ഉള്പ്പെടെയുള്ള സംവിധാനങ്ങള് സംസ്ഥാനത്ത് കൂടുതല് കേന്ദ്രങ്ങളില് ആരംഭിക്കും. ആശുപത്രികളിൽ കൂടുതല് ഡോക്ടര്മാരുടെയും നഴ്സുമാരുടെയും ഫാര്മസിസ്റ്റുകളുടെയും സേവനം ഉറപ്പാക്കും. കോട്ടയം മെഡിക്കല് കോളജ് വികസനത്തിന്റെ പുതിയ വഴിത്താരയിലാണെന്ന് ചടങ്ങില് മുഖ്യാതിഥിയായിരുന്ന ജലവിഭവ-ഭവനനിര്മാണ വകുപ്പ് മന്ത്രിമോന്സ് ജോസഫ് പറഞ്ഞു. നാട്ടകം സുരേഷ് എം.എല്.എ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടര് ചേതന് കുമാര് മീണ, ഏറ്റുമാനൂര് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്മോന് കരിമഠം, ആര്പ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാരന്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന് പി.കെ. വൈശാഖ്, ജില്ലാ പഞ്ചായത്തംഗം ജിം അലക്സ്, ബ്ളോക്ക് പഞ്ചായത്തംഗം മറിയാമ്മ ബാബു, കോട്ടയം മെഡിക്കല് കോളജ് സൂപ്രണ്ട് ഡോ. ടിജി തോമസ് വര്ഗീസ്, പ്രിന്സിപ്പല് ഡോ. വര്ഗീസ് പി. പുന്നൂസ്, ആരോഗ്യകേരളം ചൈല്ഡ് ഹെല്ത്ത് നോഡല് ഓഫീസര് ഡോ. ജോയ് ജോണ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര് ഡോ. സാം സാവിയോ, ജനറല് മെഡിസിന് വിഭാഗം മേധാവി ടി.ആര്. രാധ, സി.ടി.എച്ച്.സി.സി. നോഡല് ഓഫീസര് അതുല്യ ജി. അശോക് തുടങ്ങിയവര് പങ്കെടുത്തു. ഹിമോഫീലിയ സൊസൈറ്റി ഓഫ് ഇന്ത്യ കോട്ടയം ചാപ്റ്റര് പ്രസിഡന്റ് കെ.കെ. കുഞ്ഞിനെ ആരോഗ്യ മന്ത്രി ആദരിച്ചു.
Comments ()