|
Loading Weather...
Follow Us:
BREAKING

മഹാകവി വടക്കുംകൂർ: മലയാള സാഹിത്യത്തിലെ ബഹുമുഖ പ്രതിഭ

മഹാകവി വടക്കുംകൂർ: മലയാള സാഹിത്യത്തിലെ ബഹുമുഖ പ്രതിഭ
വടക്കുംകൂർ രാജരാജ വർമ്മ രാജ

കെ. കൃഷ്ണകുമാർ

വൈക്കം: കേരളത്തിന്റെ സാഹിത്യ പൈതൃകത്തെ ശാസ്ത്രീയമായ രീതിയിൽ രേഖപ്പെടുത്തിയ പണ്ഡിതരിൽ പ്രമുഖനായിരുന്നു വടക്കുംകൂർ രാജരാജ വർമ്മ രാജ. വൈക്കത്തിന്റെ മണ്ണിൽ ജനിച്ച അദ്ദേഹം, സംസ്കൃത സാഹിത്യത്തോടും കേരളചരിത്രത്തോടും ഉള്ള ആഴമുള്ള അഭിരുചിയെ ജീവിതദൗത്യമായി മാറ്റിയ വ്യക്തിത്വമാണ്.
അദ്ദേഹത്തിന്റെ അനശ്വരകൃതി ‘കേരളീയ സംസ്കൃത സാഹിത്യചരിത്രം’ കേരളത്തിലെ സംസ്കൃതസാഹിത്യ പാരമ്പര്യത്തെ സമഗ്രമായി രേഖപ്പെടുത്തിയ ഒരു മഹത്തായ ഗവേഷണശ്രമമാണ്. സാഹിത്യ ചരിത്രരചനയിൽ തെളിവുകളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം, ചരിത്രം വികാരമല്ല, ഉത്തരവാദിത്തമാണെന്ന് തന്റെ പ്രവൃത്തികളിലൂടെ തെളിയിച്ചു. ഗ്രന്ഥപഠനവും ശാസ്ത്രീയമായ സമീപനവും സമന്വയിപ്പിച്ച അദ്ദേഹത്തിന്റെ രചനകൾ ഇന്നും ഗവേഷകർക്കും വിദ്യാർത്ഥികൾക്കും വഴികാട്ടിയാണ്. ഉപന്യാസങ്ങള്‍, നിരൂപണങ്ങള്‍, കവിതകള്‍, മഹാകാവ്യങ്ങള്‍, കാവ്യമീമാംസ, ജീവചരിത്രങ്ങള്‍ - പരപ്പാര്‍ന്നതാണ്‌ സാഹിത്യ സംഭാവന.

രഘുവീരവിജയം, രാഘവാഭ്യുദയം, ഉത്തരഭാരതം എന്നീ മഹാകാവ്യങ്ങളാണ് അദ്ദേഹം രചിച്ചത്. സാഹിത്യ ചരിത്രങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്നവയാണ് വടക്കുംകൂറിൻ്റെ 'കേരളീയ സംസ്കൃത സാഹിത്യ ചരിത്രം ആറു ഭാഗങ്ങളാണ് ഇതിനുള്ളത് . 'കേരള സാഹിത്യ ചരിത്രം: ചർച്ചയും പൂരണവും' 2-ഭാഗങ്ങളിലായി രചിച്ചു. ഉള്ളൂരിൻ്റെ 'കേരള സാഹിത്യ ചരിത്ര'ത്തിൽ (1950) വിട്ടുപോയതും തിരുത്തപ്പെടേണ്ടതുമായ കാര്യങ്ങളാണ് 'കേരള സാഹിത്യ ചരിത്രം: ചർച്ചയും പൂരണവും' എന്ന ഗ്രന്ഥത്തിൽ പ്രതിപാദിട്ടുള്ളത്.
ആത്മസുഹൃത്തായിരുന്ന ഉള്ളൂർ മരിച്ചപ്പോൾ അദ്ദേഹത്തിൻ്റെ ദേഹവിയോഗത്തെക്കുറിച്ച് എഴുതിയ മഹത്ചരമം മലയാളത്തിലെ ലക്ഷണമൊത്ത വിലാപ കാവ്യമാണ്.

91 പദ്യങ്ങളടങ്ങിയ ഒരു സ്തോത്രകാവ്യമാണ്‌ "ഗൗരീലഹരീസ്തോത്രം".
ശൈലീ പ്രദീപം എന്ന നിഘണ്ടു. ശുക സന്ദേശം, നാരായണീയം, കൃഷ്ണഗാഥ എന്നീ വ്യാഖ്യാനങ്ങൾ. ദ്രൗണീ പ്രഭാവം തുടങ്ങി നാലോളം ഖണ്ഡ കാവ്യങ്ങൾ. കാളിദാസന്‍, മേല്‍പ്പത്തൂര്‍ നാരായണ ഭട്ടത്തിരി, ജഗദ്ഗുരു ശങ്കരാചാര്യര്‍, ക്ഷേമേന്ദ്രന്‍, ശ്രീ വാല്മീകി, ഉള്ളൂര്‍ മഹാകവി, മഹാകവി രാമപാണിവാദന്‍ എന്നീ ജീവചരിത്ര ഗ്രന്ഥങ്ങൾ കൂടാതെ സാഹിത്യശാസ്ത്രം, സാഹിത്യമഞ്ജുഷിക (മൂന്നുഭാഗം), സംസ്കൃതസാഹിത്യം, സാഹിത്യഹൃദയം, സാഹിത്യകൗസ്തുഭം, സാഹിത്യനിധി, കൈരളീ മാഹാത്മ്യം, സാഹിത്യവും പുരുഷാര്‍ഥവും, ഭാഷാചമ്പു, മഹാഭാരത നിരൂപണം എന്നിവയാണ്‌ അദ്ദേഹത്തിന്റെ മുഖ്യ ഇതര കൃതികള്‍. കൂടാതെ അസംഖ്യം ഭാഷാകൃതികളും, സംസ്കൃതകൃതികളും പ്രസാധനം ചെയ്ത്‌ കൈരളിയെ ധന്യമാക്കിയിട്ടുണ്ട്‌. എണ്ണിയാല്‍ തീരാത്തത്രയും കവിതകളും, ലേഖനങ്ങളും, അഭിപ്രായങ്ങളും എഴുതി പല മാസികകളിലും, ആഴ്ചപ്പതിപ്പുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്റെ ഏറ്റവും വലിയ നിരൂപണം "ഭാരത നിരൂപണ"മാണ്‌. മഹാഭാരതത്തെക്കുറിച്ച്‌ സമഗ്രവും, വിജ്ഞേയവുമായ ഒരു പഠനമാണിത്‌. ലോകതത്വങ്ങള്‍ മഹാഭാരതത്തില്‍ അടങ്ങിയിട്ടുള്ളവയെല്ലാം വിദഗ്ദ്ധമാം വണ്ണം കൈകാര്യം ചെയ്ത്‌ അവയെ വായനക്കാരുടെ ഹൃദയത്തില്‍ പ്രതിഷ്ടിക്കുകയാണ്‌ ചെയ്തിരിക്കുന്നത്‌.

സംസ്കൃതവും മലയാളവും തമ്മിലുള്ള ആത്മബന്ധം വ്യക്തമാക്കുന്നതിൽ അദ്ദേഹത്തിന്റെ സംഭാവന നിർണായകമാണ്. കേരളത്തിന്റെ തത്ത്വചിന്തയും കവിതാപാരമ്പര്യവും പണ്ഡിതസംഭാവനകളും അദ്ദേഹം സൂക്ഷ്മമായി അടയാളപ്പെടുത്തി. അതിലൂടെ കേരളത്തിന്റെ സാംസ്കാരിക ആത്മാവിനെ ചരിത്രത്തിന്റെ വെളിച്ചത്തിൽ അവതരിപ്പിക്കുകയായിരുന്നു.
1970 ഫെബ്രുവരി 28 -ന് അദ്ദേഹം വിടവാങ്ങിയെങ്കിലും, അദ്ദേഹത്തിന്റെ ചിന്തകളും കൃതികളും ഇന്നും ജീവിക്കുന്നു. ചരിത്രത്തെ സ്നേഹിക്കുന്ന ഏവർക്കും വടക്കുംകൂർ രാജരാജ വർമ്മ രാജ ഒരു പ്രചോദനമാണ്.

ഒരു സമൂഹത്തിന്റെ ശക്തി അതിന്റെ ചരിത്രബോധത്തിലാണ് എന്ന സത്യം നമ്മെ വീണ്ടും ഓർമ്മിപ്പിക്കുന്ന വ്യക്തിത്വമാണ് മഹാകവിയുടേത്. അദ്ദേഹത്തിൻ്റെ 56 മത് ചരമവാർഷികം മാണ് ഫെബ്രുവരി 28ന്. അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ.